സാനിറ്റൈസറിന്‍റെ മറവിലെ സ്പിരിറ്റ് കടത്ത്: പിടികൂടിയത് മദ്യനിർമ്മാണത്തിനുള്ളതെന്ന് പരിശോധന ഫലം

By Web TeamFirst Published Jul 6, 2021, 9:57 PM IST
Highlights

മുത്തങ്ങയില്‍ വെച്ച് മെയ് ആറിനാണ് പതിനായിരം ലിറ്റര്‍ സ്പിരിറ്റ് പിടികൂടുന്നത്. ഉന്നത ഗുണനിലവാരമുള്ള മദ്യമുണ്ടാക്കുന്ന സ്പിരിറ്റാണ് പിടികൂടിയതെന്ന് എക്സൈസ് ഉദ്യോഗസ്ഥര്‍ അന്നുതന്നെ പറഞ്ഞിരുന്നു.

കൽപ്പറ്റ: സാനിറ്റൈസര്‍ നിർമ്മാണത്തിനെന്ന വ്യാജേന കൊണ്ടുവന്ന സ്പിരിറ്റ് മദ്യനിര്‍മ്മാണത്തിനെന്നുറപ്പിച്ച് രാസപരിശോധന ഫലം. കോഴിക്കോട് ലാബില്‍ നടത്തിയ പരിശോധനയിലാണ് മദ്യം ഉണ്ടാക്കാനായി ഉപയോഗിക്കുന്ന എക്സ്ട്രാ ന്യൂട്രല്‍ ആല്‍ക്കഹോളാണെന്ന് തെളിഞ്ഞത്. സാനിറ്റൈസറിനെന്ന വ്യാജേന മുത്തങ്ങയിലൂടെ സ്പിരിറ്റ് കടത്തുന്നുവെന്ന് ഏഷ്യാനെറ്റ് ന്യൂസ്‍ വാർത്ത നല്‍കിയിരുന്നു. 

മുത്തങ്ങയില്‍ വെച്ച് മെയ് ആറിനാണ് പതിനായിരം ലിറ്റര്‍ സ്പിരിറ്റ് പിടികൂടുന്നത്. ഉന്നത ഗുണനിലവാരമുള്ള മദ്യമുണ്ടാക്കുന്ന സ്പിരിറ്റാണ് പിടികൂടിയതെന്ന് എക്സൈസ് ഉദ്യോഗസ്ഥര്‍ അന്നുതന്നെ പറഞ്ഞിരുന്നു. സ്ഥിരീകരിക്കാന്‍ കോടതിയുടെ നിര്‍ദ്ദേശത്തോടെ കോഴിക്കോട് ലാബിലേക്ക് സാമ്പിളുകള്‍ അയച്ചെങ്കിലും തുടർ നടപടികളൊന്നുമുണ്ടായില്ല.

രണ്ടുമാസമായിട്ടും അന്വേഷണം എങ്ങുമെത്തിയില്ലെന്ന ഏഷ്യാനെറ്റ് ന്യൂസ് വാർത്തയോടെയാണ് വീണ്ടും ഉദ്യോഗസ്ഥര്‍ ലാബിനെ സമീപിക്കുന്നത്. സാനിറ്റൈസറിനുപയോഗിക്കുന്ന സ്പിരിറ്റല്ലെന്നാണ് പരിശോധന ഫലം. ഇത് നാളെ ബത്തേരി കോടതിയില്‍ ഹാജരാക്കും. തുടര്‍ന്ന്  പ്രതികളെ പിടികൂടാനുള്ള നടപടികള്‍ തുടങ്ങുമെന്നാണ് അന്വേഷണ ഉദ്യോഗസ്ഥർ നൽകുന്ന സൂചന. അതേസമയം കൂടുതൽ സ്പിരിറ്റ് അതിർത്തി കടന്നിട്ടുണ്ടെന്ന വിവരത്തെ കുറിച്ച് ഇതുവരെ അന്വേഷണം തുടങ്ങിയിട്ടില്ല. ഇതിനിടെ സ്പിരിറ്റ് കടത്തുന്നുവെന്ന് എക്സൈസ് ഉദ്യോഗസ്ഥർക്ക്  വിവിരം നല്‍കിയ ഇബ്രാഹിമിന്റെ രഹസ്യമൊഴിയെടുക്കാന്‍ അന്വേഷണ ഉദ്യോഗസ്ഥർ തീരുമാനിച്ചു. 

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona

 

click me!