കണ്ണൂ‍രിൽ പൊലീസും ജില്ലാ ഭരണകൂടവും തമ്മിൽ ഭിന്നത രൂക്ഷം : പൊലീസിനെതിരെ പരാതിയുമായി ഡിഎംഒ

Published : Apr 29, 2020, 03:22 PM ISTUpdated : Apr 29, 2020, 03:52 PM IST
കണ്ണൂ‍രിൽ പൊലീസും ജില്ലാ ഭരണകൂടവും തമ്മിൽ ഭിന്നത രൂക്ഷം :  പൊലീസിനെതിരെ പരാതിയുമായി ഡിഎംഒ

Synopsis

കണ്ണൂരിലെ പൊലീസ് സേനയ്ക്കെതിരെ രൂക്ഷവിമർശനവുമായി കളക്ടർ ടിവി സുഭാഷ് ഐഎഎസ്. 

കണ്ണൂർ: ജില്ലയിലെ പൊലീസ് സേനയ്ക്കെതിരെ രൂക്ഷവിമർശനവുമായി കണ്ണൂർ കളക്ടർ ടിവി സുഭാഷ് ഐഎഎസ്. കളക്ടറുമായി ആലോചിക്കാതെ ജില്ലയിൽ പലയിടത്തും പൊലീസ് റോഡുകൾ അടച്ചെന്നും ഇതു ശരിയായ നടപടിയല്ലെന്നും കളക്ടർ വ്യക്തമാക്കി. ജില്ലയിലെ ആരോഗ്യപ്രവർത്തകരോട് പൊലീസ് മോശമായി പെരുമാറുന്നതായി പരാതികൾ ലഭിച്ചിട്ടുണ്ടെന്നും കളക്ടർ പറയുന്നു. ഇക്കാര്യങ്ങൾ ചൂണ്ടിക്കാട്ടി കളക്ടർ ടിവി സുഭാഷ് ജില്ലാ പൊലീസ് മേധാവി യതീഷ് ചന്ദ്രയ്ക്ക് കത്ത് നൽകിയിട്ടുണ്ട്. 

സംസ്ഥാനത്ത് ഏറ്റവും കൂടുതൽ രോഗബാധിതരുള്ള കണ്ണൂരിലാണ് പ്രതിരോധസംവിധാനം ഒന്നിച്ചു നിന്നു ചലിപ്പിക്കേണ്ട ജില്ലാ ഭരണകൂടവും പൊലീസും തമ്മിൽ അഭിപ്രായ ഭിന്നത രൂക്ഷമായിരിക്കുന്നത്. പൊലീസ് ഏകപക്ഷീയമായി പെരുമാറുന്നു എന്ന പരാതിയാണ് കളക്ടർ തന്നെ നേരിട്ട് ഉന്നയിക്കുന്നത്. 

ഹോട്ട് സ്പോട്ടുകൾ അല്ലാത്ത മേഖലകളിലും പൊലീസ് റോഡുകൾ കല്ലിട്ട് അടച്ചത് തെറ്റായ നടപടിയാണെന്നും ഹോട്ട് സ്പോട്ടുകൾക്ക് പുറത്ത് അടച്ചിട്ട റോഡുകൾ പൊലീസ് ഉടനെ തുറക്കണമെന്നും ജില്ലാ പൊലീസ് മേധാവിക്ക് അയച്ച കത്തിൽ കളക്ടർ ടിവി സുഭാഷ് ആവശ്യപ്പെടുന്നു. 

പൊലീസ് ഏകപക്ഷീയമായി പെരുമാറുന്നത് ജില്ലാ ഭരണകൂടത്തിൻ്റെ പ്രവർത്തനങ്ങളെ ബാധിക്കുന്നുണ്ടെന്ന് കത്തിൽ പറയുന്ന കളക്ട‍ർ ജില്ലാ ഭരണകൂടത്തിൻ്റെ അവലോകന യോഗത്തിൽ ജില്ലാ പൊലീസ് മേധാവിയായ എസ്പി യതീഷ് ചന്ദ്ര പങ്കെടുക്കാത്തതിനേയും വിമ‍ർശിക്കുന്നുണ്ട്. അവലോകന യോ​ഗത്തിൽ എസ്പി നിർബന്ധമായും പങ്കെടുക്കണമെന്ന് കളക്ട‍ർ പറയുന്നു. 

അതേസമയം ജില്ലാ കളക്ടറുടെ ആരോപണങ്ങൾ തള്ളി ജില്ലാ പൊലീസ് മേധാവി യതീഷ് ചന്ദ്ര രം​ഗത്ത് എത്തി. ലോക്ക് ഡൗൺ ഉൾപ്പെടെ കണ്ണൂരിൽ പൊലീസ് പ്രവർത്തനങ്ങൾ നിയന്ത്രിക്കുന്നത് രണ്ട് ഐജിമാരാണെന്നും. പ്രതിരോധ പ്രവ‍ർത്തനങ്ങളുടെ ചുമതലയുള്ള ഐ ജി അശോക് യാദവിൻ്റയും വിജയ് സാക്കറെയുടെയും നിർദ്ദേശങ്ങൾ അനുസരിച്ചാണ് താൻ പ്രവർത്തിക്കുന്നതെന്നും എസ്പി യതീഷ് ചന്ദ്ര വ്യക്തമാക്കി. 

റോഡുകൾ അടച്ചത് അടക്കമുള്ള പൊലീസ് നടപടികളിൽ അപാകതയില്ലെന്ന് വിശദീകരിച്ച എസ്.പി കളക്ടറുടെ കത്ത് തനിക്ക് കിട്ടിയെന്നും ഐജിമാരുമായി കൂടിയാലോചിച്ച് ഇക്കാര്യത്തിൽ തുട‍‍ർ തീരുമാനം എടുക്കുമെന്നും കൂട്ടിച്ചേ‍ർത്തു. 

അതിനിടെ ജില്ലാ ഭരണകൂടത്തിന് പൊലീസിനോടുള്ള അകൽച്ച വ്യക്തമാക്കി കൊണ്ട് പൊലീസ് ആരോഗ്യ പ്രവർത്തകരുടെ ജോലിക്ക് തടസ്സം നിൽക്കുന്നു എന്ന് കാട്ടി ഡിഎംഒ കളക്ടർക്ക് പരാതി നൽകി. അതിനിടെ കഴിഞ്ഞ ആഴ്ച ലോക്ക് ഡൌണിനിടെ ദേശാഭിമാനിയിലെ മുതിർന്ന മാധ്യമപ്രവർത്തകനെ മർദ്ദിച്ച സംഭവത്തിൽ ചക്കരക്കൽ സിഐ എംവി ദിനേശനെ സ്ഥലം മാറ്റി. വിജിലൻസിലേക്കാണ് സിഐയെ മാറ്റിയിരിക്കുന്നത്. അക്രഡേറ്റിഷൻ കാർഡ് കാണിച്ചിട്ടും സിഐ തന്നെ റോഡിലിട്ട് കൈയ്യേറ്റം ചെയ്യാൻ ശ്രമിക്കുകയും ജീപ്പിലേക്ക് വലിച്ചിഴക്കുകയും ചെയ്തെന്ന് കാണിച്ച് ദേശാഭിമാനി കണ്ണൂർ സീനിയർ ന്യൂസ് എഡിറ്റർ മനോഹരൻ മോറായി മുഖ്യമന്ത്രിക്ക് പരാതി നൽകിയിരുന്നു. 

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

Malayalam News Live: ശബരിമലയിൽ വൻഭക്തജനത്തിരക്ക്, നാളെ മുതൽ കേരളീയ സദ്യ
ലൈംഗികാതിക്രമ കേസ്; സംവിധായകൻ പി ടി കുഞ്ഞുമുഹമ്മദിന് നിര്‍ണായകം, ജാമ്യാപേക്ഷയിൽ വിധി ഇന്ന്