കോഴിക്കോട്: പൗരത്വ നിയമ ഭേദഗതിക്കെതിരെ കോഴിക്കോട് നടന്ന ലോംഗ് മാർച്ചിൽ ജാമിയ മിലിയ സർവ്വകലാശാല വിദ്യാർത്ഥി ലദീദ ഫർസാനയുടെ പങ്കാളിത്തത്തെ ചൊല്ലി വിവാദം. മതേതര കൂട്ടായ്മയുടെ പരിപാടി ലദീദയെ കൊണ്ട് ഉദ്ഘാടനം നടത്തിക്കരുതെന്ന് സംഘാടകരിൽ ഒരുവിഭാഗം നിലപാട് എടുത്തതോടെ മറുപക്ഷം പരിപാടിയിൽ നിന്ന് വിട്ടുനിന്നു.
കോഴിക്കോട് അരയിടത്തു പാലത്ത് നിന്നും ബീച്ചിലേക്കുള്ള മാർച്ചിന്‍റെ സംഘാടനം ഫേസ്ബുക്ക് വഴിയായിരുന്നു. സ്ത്രീകൾ നയിച്ച മാർച്ചിൽ ആയിരത്തിലേറെ പേർ പങ്കെടുത്തു. എംജിഎസ് നാരായണനും ഖദീജ മുംദാസും കെ അജിതയും ഐക്യധാർഢ്യവുമായി എത്തി.
''കേരളമൊട്ടാകെ ഈ നിയമഭേദഗതി തള്ളിക്കളയുകയാണെന്നത് വ്യക്തമല്ലേ? കേരളാ നിയമസഭ തന്നെ ഈ നിയമഭേദഗതിക്ക് എതിരെ പ്രമേയം പാസ്സാക്കി. ഇത് കോഴിക്കോടിന്‍റെ പ്രതിരോധമാണ്. അങ്ങനെ കേരളമെമ്പാടും സമരങ്ങൾ നടക്കും'', കെ അജിത ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.
പരിപാടിയുടെ ഉദ്ഘാടകയായി ആദ്യം നിശ്ചയിച്ചത് ലദീദ ഫർസാനയെ ആയിരുന്നു. മതേതര കൂട്ടായ്മയുടെ മാർച്ചിൽ തീവ്ര മത നിലപാടെടുക്കുന്ന ലദീദയെ ഉദ്ഘാടകയാക്കരുതെന്ന് ഒരു വിഭാഗം ആവശ്യപ്പെട്ടതോടെ മറുപക്ഷം സംഘാടനത്തിൽ നിന്നും വിട്ടുനിന്നു. എതിർപ്പിനിടെ പരിപാടിക്കെത്തിയ ലദീദ നിലപാട് വ്യക്തമാക്കി.
''ഐഡന്‍റിറ്റി തന്നെയാണ് പ്രശ്നം. ഐഡന്‍റിറ്റി സംരക്ഷിക്കാതെ ഒരു സമരവും വിജയിക്കാൻ പോകുന്നില്ല'', എന്ന് ലദീദ.
ലദീദയുടെ പ്രസംഗത്തിന് ശേഷം മാർച്ചിൽ പങ്കെടുത്ത ഒരു വിഭാഗം ആളുകൾ ലദീദയ്ക്ക് എതിരെ പ്രതിഷേധവുമായും എത്തി.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam