കൊടുവള്ളിയിൽ കളിപ്പാട്ടക്കടയിൽ മോഷണം. കടയിലെ സിസിടിവി ക്യാമറ തിരിച്ചുവെച്ച് അതിവിദഗ്ധമായാണ് മോഷണം നടത്തിയത്. സംഭവത്തിൽ കൊടുവള്ളി പൊലീസ് അന്വേഷണം തുടങ്ങി.
കോഴിക്കോട്: കോഴിക്കോട് കൊടുവള്ളിയിൽ കളിപ്പാട്ടക്കടയിൽ മോഷണം. കടയിലെ സിസിടിവി ക്യാമറ തിരിച്ചുവെച്ച് അതിവിദഗ്ധമായാണ് മോഷണം നടത്തിയത്. സംഭവത്തിൽ കൊടുവള്ളി പൊലീസ് അന്വേഷണം തുടങ്ങി. കൊടുവള്ളി നെല്ലാംങ്കണ്ടിയിൽ പ്രവർത്തിക്കുന്ന വില്ലേജ് സൈക്കിൾസ് ടോയ്സ് ആൻഡ് ഗിഫ്റ്റ് എന്ന സ്ഥാപനത്തിലാണ് മോഷണം നടന്നത്.
പുലർച്ചെ ഒന്നരയോടെ മോഷ്ടാക്കളെത്തി എന്നാണ് നിഗമനം. കടയ്ക്ക് മുൻവശത്തായി സിസിടിവി ഉണ്ടായിരുന്നെങ്കിലും ക്യാമറ തിരിച്ചുവെച്ച് ഷട്ടറിന്റെ മുന്നിൽ സ്ഥാപിച്ച ഗ്ലാസിന്റെ ലോക്ക് പൊട്ടിച്ചാണ് മോഷ്ടാവ് അകത്തു കടന്നത്. 65,000 രൂപയോളം വില വരുന്ന കളിപ്പാട്ടങ്ങൾ നഷ്ടമായെന്നാണ് കണക്ക്. സംഭവത്തിൽ കൊടുവള്ളി പൊലീസ് കേസ് എടുത്ത് അന്വേഷണം ആരംഭിച്ചു. സ്ഥലത്ത് വിരലടയാള വിദഗ്ധർ പരിശോധന നടത്തി. സിസിടിവി കേന്ദ്രീകരിച്ചാണ് പൊലീസിന്റെ അന്വേഷണം.
