നിദ ഫാത്തിമയുടെ മരണം: കായിക ഫെഡറേഷനും കായികവകുപ്പും ഉത്തരവാദിത്തം പറയണമെന്ന് വിഡി സതീശൻ

Published : Dec 22, 2022, 08:11 PM IST
നിദ ഫാത്തിമയുടെ മരണം: കായിക ഫെഡറേഷനും കായികവകുപ്പും ഉത്തരവാദിത്തം പറയണമെന്ന് വിഡി സതീശൻ

Synopsis

മലയാളി താരങ്ങള്‍ നേരിട്ട അവഗണനയെ കുറിച്ച് സംസ്ഥാന കായിക വകുപ്പിലെയും സ്‌പോര്‍ട് കൗണ്‍സിലിലെയും ഉത്തരവാദിത്തപ്പെട്ടവര്‍ക്ക് അറിവുണ്ടായിരുന്നിട്ടും പ്രശ്‌നത്തില്‍ ഇടപെടാനോ പകരം സംവിധാനങ്ങള്‍ ഒരുക്കാനോ ഇവരാരും തയാറായില്ല. 

തിരുവനന്തപുരം:   നാഗ്പുരില്‍ ദേശീയ സൈക്കിള്‍ പോളോ ചമ്പ്യന്‍ഷിപ്പില്‍ പങ്കെടുക്കാനെത്തിയ ആലപ്പുഴ സ്വദേശിനിയും പത്ത് വയസുകാരിയുമായ നിദ ഫാത്തിമയുടെ വിയോഗ വാര്‍ത്ത ദുഃഖകരമാണെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ. ദേശീയ ചാമ്പ്യന്‍ഷിപ്പില്‍ പങ്കെടുക്കാന്‍ പോയ കുട്ടികള്‍ക്ക് അടിസ്ഥാന സൗകര്യങ്ങളും സുരക്ഷയും ഉറപ്പാക്കുന്നതില്‍ ദേശീയ കായിക ഫെഡറേഷനും സംസ്ഥാന കായിക വകുപ്പും പരാജയപ്പെട്ടെന്നത് യാഥാര്‍ഥ്യമാണ്. നിദ ഫാത്തിമയെ മരണത്തിലേക്ക് തള്ളി വിടാനുള്ള സാഹചര്യമൊരുക്കിയതിന്റെ ഉത്തരവാദിത്തത്തില്‍ നിന്നും ഇവര്‍ക്ക് ഒഴിഞ്ഞു മാറാനാകില്ലെന്നും സതീശൻ പറഞ്ഞു.

കോടതി ഉത്തരവിലൂടെയാണ് നിദ ഉള്‍പ്പെടെയുള്ള കേരള ടീം അംഗങ്ങള്‍ നാഗ്പുരിലെ ചാമ്പ്യന്‍ഷിപ്പില്‍ പങ്കെടുക്കാനെത്തിയത്. കോടതി വിധിയിലെ സാങ്കേതികത്വം ചൂണ്ടിക്കാട്ടി കേരള ടീമിന് ഭക്ഷണമോ താമസ സൗകര്യമോ നല്‍കാന്‍ ദേശീയ ഫെഡറേഷന്‍ തയാറായില്ലെന്നും ടീം അംഗങ്ങളെ ഉദ്ധരിച്ച് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. മലയാളി താരങ്ങള്‍ നേരിട്ട അവഗണനയെ കുറിച്ച് സംസ്ഥാന കായിക വകുപ്പിലെയും സ്‌പോര്‍ട് കൗണ്‍സിലിലെയും ഉത്തരവാദിത്തപ്പെട്ടവര്‍ക്ക് അറിവുണ്ടായിരുന്നിട്ടും പ്രശ്‌നത്തില്‍ ഇടപെടാനോ പകരം സംവിധാനങ്ങള്‍ ഒരുക്കാനോ ഇവരാരും തയാറായില്ല. 

ഇതേക്കുറിച്ച് സംസ്ഥാന സര്‍ക്കാര്‍ അടിയന്തിരമായി അന്വേഷിച്ച് ഗുരുതരമായ കൃത്യവിലോപം നടത്തിയവര്‍ക്കെതിരെ കര്‍ശന നടപടിയെടുക്കണം. കേരള ടീമിൻ്റെ അവകാശങ്ങള്‍ നിഷേധിച്ച ദേശീയ കായിക ഫെഡറേഷൻ്റെ നടപടിയെ കുറിച്ച് കേന്ദ്ര കായിക മന്ത്രാലയവും അന്വേഷിക്കണം.

സ്‌കൂള്‍ കുട്ടികള്‍ ഉള്‍പ്പെടെയുള്ള കായിക താരങ്ങള്‍ക്ക് വേണ്ട പ്രോത്സാഹനവും സൗകര്യങ്ങളും ഒരുക്കുന്നതിന് വേണ്ടിയാണ് കായിക വകുപ്പും സ്‌പോര്‍ട്‌സ് കൗണ്‍സിലുകളുമൊക്കെ സംസ്ഥാനത്ത് പ്രവര്‍ത്തിക്കുന്നത്.  എന്നാല്‍ ഈ സംവിധാനങ്ങളൊക്കെ ഉത്തരവാദിത്തങ്ങള്‍ നിറവേറ്റാതെ കാഴ്ചക്കാരുടെ റോളിലേക്ക് മാറിയതാണ് നിദ ഫാത്തിമയുടെ ദാരുണാന്ത്യത്തിന് കാരണമായത്.

PREV
click me!

Recommended Stories

തൃശൂര്‍ മുതല്‍ കാസര്‍കോട് വരെയുള്ളത് 2055 പ്രശ്നബാധിത ബൂത്തുകൾ, കൂടുതലും കണ്ണൂരിൽ; വിധിയെഴുതാനൊരുങ്ങി വടക്കൻ കേരളം, നാളെ വോട്ടെടുപ്പ്
ജനാധിപത്യ പ്രക്രിയയുടെ അടിത്തട്ട്, കേരളത്തിന്റെ നിർണായക രാഷ്ട്രീയ അങ്കം; തദ്ദേശ തെരഞ്ഞെടുപ്പിന്റെ ചരിത്രം അറിയാം