എന്തുകൊണ്ട് സ്പ്രിംക്ലര്‍ തന്നെ? ഡാറ്റാ കൈമാറ്റ കരാറിൽ സര്‍ക്കാരിനെ ചോദ്യം ചെയ്ത് ഹൈക്കോടതി

By Web TeamFirst Published Apr 24, 2020, 1:54 PM IST
Highlights

മുംബൈയിൽ നിന്നുള്ള സൈബര്‍ നിയമ വിദഗ്ധയായ അഭിഭാഷകയാണ് സര്‍ക്കാരിന് വേണ്ടി ഹൈക്കോടതിയിൽ ഹാജരായത്. ഏഷ്യാനെറ്റ് ന്യൂസിന്‍റെ പോയന്‍റ് ബ്ലാങ്കിൽ ഐടി സെക്രട്ടറി പറഞ്ഞ ചില കാര്യങ്ങളോട് യോജിപ്പില്ലെന്ന് സർക്കാർ ഹൈക്കോടതിയിൽ. 

കൊച്ചി: കൊവിഡ് പ്രതിരോധത്തിന്‍റെ പേരിൽ അമേരിക്കൻ കമ്പനിയായ സ്പ്രിംക്ലറിന് ഡാറ്റ കൈമാറ്റം ചെയ്യാൻ ഉണ്ടാക്കിയ കരാറിൽ സര്‍ക്കാര്‍ കാര്യങ്ങൾ ലാഘവത്തോടെ കൈകാര്യം ചെയ്യരുതെന്ന് ഓര്‍മ്മിപ്പിച്ച് ഹൈക്കോടതി. അടിയന്തര സാഹചര്യം എന്നാൽ പ്രശ്നം ഉണ്ടാക്കാനുള്ള സാഹചര്യം അല്ലെന്ന് ഓര്‍മ്മിപ്പിച്ച കോടതി എന്തുകൊണ്ടാണ് സ്പ്രിംക്ലറിനെ തെരഞ്ഞെടുത്തതെന്ന് ആവര്‍ത്തിച്ച് ചോദിച്ചു. വിശ്വാസ്യത പരിഗണിച്ചാണ് സ്പ്രിംക്ലറിനെ തെരഞ്ഞെടുത്തതെന്ന് സര്‍ക്കാര്‍ നിയോഗിച്ച സൈബര്‍ വിദഗ്ധയായ അഭിഭാഷക കോടതിയിൽ വാദിച്ചെങ്കിലും ലോകത്ത് ഈ കാര്യം ചെയ്യാൻ സ്പ്രിംക്ലര്‍ മാത്രമേ ഉള്ളോ എന്നായിരുന്നു  കോടതിയുടെ മറുചോദ്യം. ഐടി സെക്രട്ടറി സ്വകാര്യ ചാനലിൽ പറഞ്ഞ ചില കാര്യങ്ങൾ അംഗീകരിക്കുന്നില്ലെന്നും സർക്കാർ കോടതിയിൽ പറഞ്ഞത് ശ്രദ്ധേയമായി.

കോടതി ഉന്നയിച്ച ചോദ്യങ്ങൾ 

  • എന്തുകൊണ്ട് സ്പ്രിംക്ലറിനെ തെരഞ്ഞെടുത്തു?
  • അമേരിക്കൻ കമ്പനിയാണ് ഡാറ്റ ശേഖരിക്കുന്നതെന്ന വിവരം ജനങ്ങളോട് മറച്ച് വച്ചോ ? 
  • വിവര ചോർച്ച ഉണ്ടായോ ഇല്ലയോ എന്ന്‌ പറയാൻ ആകുമോ ?
  • ഡാറ്റ ചോർച്ച ഉണ്ടാകില്ലെന്ന് എങ്ങനെ ഉറപ്പ് പറയും ? 
  • ഏപ്രിൽ 4 വരെ ഡാറ്റ ചോർന്നില്ല എന്ന്‌ പറയാനാകുമോ     
  • മൂന്നാമതൊരു കക്ഷിയെ ഇതിൽ തെരഞ്ഞെടുക്കാൻ ശ്രമിക്കാഞ്ഞതെന്ത്? പല കമ്പനികളെ ഷോർട് ലിസ്റ്റ് ചെയ്യാതിരുന്നതെന്ത്? 
  • ഐടി വകുപ്പ് നിയമ വകുപ്പിന്‍റെ അനുമതി തേടാത്തത് എന്തുകൊണ്ട് ? 
  • അഞ്ച് ലക്ഷം പേരുടെ ഡാറ്റ ബിഗ് ഡാറ്റ ആകുന്നതെങ്ങനെ ? 
  • ഡാറ്റ കൈകാര്യം ചെയ്യാൻ ഇന്ത്യയിൽ സംവിധാനങ്ങളില്ലേ ? 
  • സ്പ്രംക്ലറിനെ കരാര്‍ ഏൽപ്പിക്കാൻ എന്തിനായിരുന്നു തിടുക്കം ? 
  • അസാധാരണ സാഹചര്യങ്ങൾ പ്രശ്നം ഉണ്ടാക്കാനുള്ളതാണോ ?
  •  ഇന്ത്യൻ ടെക്നോളജി എന്ത് കൊണ്ട് ഉപയോഗിച്ചില്ല ?

കരാറിനെ കുറിച്ചല്ല വ്യക്തി വിവരം ചോരുന്നതിൽ ആണ് ആശങ്ക എന്നും വിവരശേഖരണത്തിന്റെ രഹസ്യ സ്വഭാവത്തിനാണ് പ്രധാന്യമെന്നും കോടതി പറഞ്ഞു. മുംബൈയിൽ നിന്നുള്ള സൈബര്‍ നിയമ വിദഗ്ധയായ അഭിഷാഷകയാണ് സര്‍ക്കാരിന് വേണ്ടി വാദിക്കാൻ കോടതിയിലെത്തിയത്. ലോ സെക്രട്ടറി ഉത്തരവ് അനുസരിച്ചാണ് ഹാജരാകുന്നതിന് അഭിഭാഷക എന്‍.എസ്. നാപ്പിനൈ കോടതിയിൽ പറഞ്ഞു. 

കോടതിയിൽ സര്‍ക്കാര്‍ വാദങ്ങൾ

  • സ്വകാര്യത വിഷയത്തിൽ കോടതിയുടെ അധികാര പരിധി പ്രശ്നം അല്ല 
  • ഡാറ്റ ഇപ്പോഴും സർക്കാർ നിയന്ത്രണത്തിൽ തന്നെയാണ് 
  • ആമസോൺ ക്‌ളൗഡ്‌ സെർവറിൽ ആണ് ഡാറ്റ ശേഖരിക്കുന്നത്
  • ഡാറ്റാ ചോർച്ച ഉണ്ടായാൽ ഇന്ത്യയിൽ കേസ് കൊടുക്കാം 
  • സ്പ്രിംക്ലര്‍ സൗജന്യ സേവനം നൽകാൻ തയാറായിരുന്നു 
  • അടിയന്തര സാഹചര്യം ആണ് ഇത്തരം ഒരു നടപടിയിലേക്ക് പോകാൻ കാരണം
  • 2018 ഐടി കോൺക്ലേവിൽ സ്പ്രിംക്ലര്‍ ഉണ്ടായിരുന്നു 
  • സ്പ്രിംക്ലര്‍ തെരഞ്ഞെടുപ്പ്  ഐടി കോൺക്ലേവിലെ പരിചയം വച്ച് 
  • ഐടി സെക്രട്ടറി ചാനലിൽ പറഞ്ഞ ചില കാര്യങ്ങൾ അംഗീകരിക്കുന്നില്ല 
  • സ്പ്രിംക്ലറിനെ തെരഞ്ഞെടുത്തത് വിശ്വാസ്യത പരിഗണിച്ച് 

കൊവിഡ് പ്രതിരോധത്തിന് വേണ്ടി ഡാറ്റാ കൈമാറ്റം ചെയ്യാൻ സംസ്ഥാന സര്‍ക്കാര്‍ അമേരിക്കൻ കമ്പനിയായ സ്പ്രിംക്ലറുമായി ഉണ്ടാക്കിയ കരാര്‍ സംബന്ധിച്ച് ഒരു കൂട്ടം ഹര്‍ജികളാണ് ഇന്ന്  ഹൈക്കോടതി പരിഗണിച്ചത്. സര്‍ക്കാര്‍ ഉണ്ടാക്കിയ ഡാറ്റ എന്തിന് വേണ്ടി ഉപയോഗിക്കും എന്നുത് വ്യക്തമല്ല. കരാർ നൽകാൻ തീരുമാനം എടുത്തത് ആരാണെന്നും അറിയില്ലെന്ന് പ്രതിപക്ഷ നേതാവിന് വേണ്ടി അഭിഭാഷകൻ വാദിച്ചു. ആശാ വർക്കർമാർ മുഖേന ശേഖരിച്ച ഡാറ്റ സ്പ്രിംക്ലറിൽ അപ്‌ലോഡ് ചെയ്യുമ്പോൾ  കരാർ പോലും ഇല്ലായിരുന്നു  എന്നും രമേശ്‌ ചെന്നിത്തലക്ക് വേണ്ടി അഭിഭാഷൻ കോടതിയിൽ പറഞ്ഞു. വ്യക്തിവിവരങ്ങളുടെ സ്വകാര്യത തന്നെയാണ് വലിയ പ്രശ്നമെന്നും കരാര്‍ റദ്ദാക്കാൻ കോടതി ഇടപെടണമെന്നും കെ സുരേന്ദ്രന്‍റെ അഭിഭാഷകനും കോടതിയിൽ ആവശ്യപ്പെട്ടു.  

click me!