സ്പ്രിംക്ലര്‍ കരാര്‍: കാനം കോടിയേരിയെ കണ്ട് അതൃപ്തി അറിയിച്ചു, ഐടി സെക്രട്ടറി സിപിഐ ആസ്ഥാനത്ത്

By Web TeamFirst Published Apr 23, 2020, 10:04 AM IST
Highlights

മുഖ്യമന്ത്രിയുടെ നിര്‍ദ്ദേശപ്രകാരം ഐടി സെക്രട്ടറി എം ശിവശങ്കര്‍ എംഎൻ സ്മാരകത്തിലെത്തി കരാര്‍ സാഹചര്യം വിശദീകരിച്ചതിന് ശേഷവും സിപിഐയുടെ എതിര്‍പ്പ് തുടരുകയാണ്. 

തിരുവനന്തപുരം: കൊവിഡ് പ്രതിരോധത്തിന്‍റെ പേരിൽ അമേരിക്കൻ കമ്പനിയായ സ്പ്രിംക്ലറുമായി സര്‍ക്കാര്‍ ഉണ്ടാക്കിയ ഡാറ്റ കൈമാറ്റ കരാറിൽ സിപിഐക്ക് കടുത്ത അതൃപ്തി. കരാറിൽ അവ്യക്ത ഉണ്ടെന്നു സിപിഐ സംസ്ഥാന സെക്രട്ടറി  കാനം രാജേന്ദ്രൻ സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനെ അറിയിച്ചു. എകെജി സെന്‍റിലെത്തിയാണ് കാനം കോടിയേരിയെ കണ്ടത്. ഇന്നലെ വൈകീട്ടായിരുന്നു കൂടിക്കാഴ്ച . 

ഡാറ്റാ സ്പ്രിംക്ലറിനെ ഏൽപ്പിക്കുന്നതിൽ കടുത്ത അതൃപ്തിയാണ് സിപിഐ പ്രകടിപ്പിക്കുന്നത്. പരസ്യ പ്രതികരണം ഉണ്ടായില്ലെങ്കിലും അതൃപ്തി കടുത്ത സാഹചര്യത്തിൽ മുഖ്യമന്ത്രി പിണറായി വിജയന്‍റെ നിര്‍ദ്ദേശ പ്രകാരം ഐടി സെക്രട്ടറി എം ശിവശങ്കര്‍ സിപിഐ ആസ്ഥാനത്തെത്തിയിരുന്നു. ഇന്നലെ രാവിലെയാണ് ഐടി സെക്രട്ടറി എംഎൻ സ്മാരകത്തിലെത്തിയത്. കരാര്‍ സാഹചര്യങ്ങളെല്ലാം ഐടി സെക്രട്ടറി വിശദീകരിച്ചെങ്കിലും സിപിഐയുടെ ഇക്കാര്യത്തിലുള്ള അതൃപ്തി തുടരുക തന്നെയാണ്. 

എന്ത് കൊണ്ട് കരാര്‍ വിശദാംശങ്ങൾ മന്ത്രിസഭ ചര്‍ച്ച ചെയ്തില്ലെന്ന നിര്‍ണ്ണായക ചോദ്യമാണ് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ ഉന്നയിക്കുന്നത്. നിയമ നടപടികൾ അമേരിക്കയിലാക്കിയതിലും അതൃപ്തിയുണ്ട്. നടപടി ക്രമങ്ങളിലെ വീഴ്ച ചൂണ്ടിക്കാട്ടി സിപിഐ എതിര്‍പ്പ് ഉന്നയിക്കുമ്പോൾ വിശദീകരിക്കേണ്ട ബാധ്യത സിപിഎമ്മിനും സര്‍ക്കാരിനും വരും ദിവസങ്ങളിൽ തലവേദനയാകുമെന്ന് ഉറപ്പ്. പ്രത്യേകിച്ച് പ്രതിപക്ഷ ആരോപണങ്ങളെ പ്രതിരോധിക്കാൻ അന്വേഷണ സമിതിയെ അടക്കം നിയോഗിച്ച് മുന്നോട്ട് പോകുമ്പോൾ ഇടത് മുന്നണിയിലെ ഘടക കക്ഷികളിൽ എതിര്‍പ്പ് ഉയരുമ്പോൾ പ്രത്യേകിച്ചും.  

 

 

click me!