
തൃശൂര്‍: പപ്പായ മുറിച്ചപ്പോള്‍ ഉള്ളില്‍ കണ്ട കാഴ്ച വീട്ടുകാരെയും നാട്ടുകാരെയും ഒരുപോലെ അത്ഭുതപ്പെടുത്തിയിരിക്കുകയാണ്. സാധാരണയായി പപ്പായയ്ക്കുള്ളില്‍ കറുത്ത വിത്തുകളാണ് കാണാറുള്ളത്, എന്നാൽ ഇവിടെ പപ്പായയ്ക്കുള്ളില്‍ വിത്തുകളെല്ലാം തന്നെ തഴച്ചു വളര്‍ന്ന് പച്ചപ്പാര്‍ന്ന മുളകളായി മാറിയ നിലയിലായിരുന്നു. സിഎസ്ഐ പള്ളിക്ക് സമീപം ചീരന്‍ സോമന്‍, റിട്ടയര്‍ അധ്യാപിക ശലോമി ദമ്പതിമാരുടെ വീട്ടിലുണ്ടായ പപ്പായയാണ് വിസ്മയമായത്. കഴിഞ്ഞ ദിവസം കഴിക്കാനായി മുറിച്ചപ്പോഴാണ് ഉള്ളിലെ വിത്തുകളെല്ലാം മുളച്ച് നീളത്തില്‍ വളര്‍ന്നു നില്‍ക്കുന്നത് ശ്രദ്ധയില്‍പ്പെട്ടത്. പുറംതോട് കേടുകൂടാതെ ഇരുന്നിട്ടും ഉള്ളിലെ വിത്തുകള്‍ക്ക് എങ്ങനെ ഇത്രത്തോളം വളരാന്‍ കഴിഞ്ഞു എന്നത് കൗതുകമുണര്‍ത്തുന്നു.
സസ്യശാസ്ത്രത്തില്‍ ഇതിനെ വിവിപ്പാരി എന്നാണ് വിളിക്കുന്നത്. സാധാരണയായി വിത്തുകള്‍ പഴത്തില്‍ നിന്നും പുറത്തെടുത്ത് മണ്ണില്‍ പാകിയാലാണ് മുളയ്ക്കാറുള്ളത്. എന്നാല്‍ ചില പ്രത്യേക സാഹചര്യങ്ങളില്‍ പഴത്തിനുള്ളിലെ ഈര്‍പ്പവും താപനിലയും അനുകൂലമാകുമ്പോള്‍ വിത്തുകള്‍ പുറത്തെത്തുന്നതിന് മുന്‍പേ മുളയ്ക്കാന്‍ തുടങ്ങും. വിത്തുകള്‍ മുളച്ചുവെങ്കിലും പപ്പായയുടെ ഉള്‍ഭാഗം നല്ല ചുവന്നു തുടുത്ത് പാകമായ നിലയിലാണുള്ളത്. പപ്പായ മുറിച്ചപ്പോള്‍ കണ്ട ഈ അസാധാരണ കാഴ്ച വിസ്മയമാവുകയാണ് സാധാരണ പപ്പായെക്കാള്‍ ഏറെ മധുരം ഉണ്ടായിരുന്നതായി വീട്ടുകാര്‍ പറഞ്ഞു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam