
തിരുവനന്തപുരം: അയോധ്യയിലെ രാമക്ഷേത്രത്തിലെ പ്രതിഷ്ഠയോടനുബന്ധിച്ച് ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തില്‍ നിന്ന് ഓണവില്ല് സമർപ്പിക്കും. ഇന്ന് വൈകുന്നേരം 5.30ന് ക്ഷേത്രത്തിന്‍റെ കിഴക്കേനടയില്‍ നടക്കുന്ന ചടങ്ങിൽ ക്ഷേത്രം തന്ത്രിയും ഭരണസമിതി അംഗങ്ങളും ചേർന്ന് രാമതീർത്ഥക്ഷേത്ര ട്രസ്റ്റ് പ്രതിനിധികൾക്ക് ഓണവില്ല് കൈമാറും.
നഗരപ്രദക്ഷിണത്തിന് ശേഷം എറണാകുളത്തെ പാവക്കുളം ക്ഷേത്രത്തിലേക്കാണ് ഓണവില്ല് കൊണ്ടുപോവുക. ജനുവരി 21ന് കൊച്ചിയില്‍ നിന്ന് വിമാന മാര്‍ഗം ഓണവില്ല് അയോധ്യയിലെത്തിക്കും. പത്മനാഭസ്വാമി ക്ഷേത്രത്തില്‍ തിരുവോണ ദിനത്തിലാണ് ഓണവില്ല് സമർപ്പിക്കാറുള്ളത്. വഞ്ചിയുടെ ആകൃതിയില്‍ തടിയിലാണ് ഓണവില്ലുണ്ടാക്കുന്നത്. കടമ്പ്, മഹാഗണി തുടങ്ങിയ മരത്തടികളിലാണ് നിർമാണം. ഇതിൽ ദശാവതാരവും ശ്രീരാമ പട്ടാഭിഷേകവും അനന്തശയനവും വരച്ചു ചേര്‍ക്കാറുണ്ട്. ആറു ജോഡി വില്ലുകളാണ് ചാർത്തുക.
ജനുവരി 22നാണ് അയോധ്യയിലെ രാമക്ഷേത്രത്തില്‍ പ്രാണപ്രതിഷ്ഠ നടക്കുക. ഉച്ചയ്ക്ക് 12.15 നും 12.45 നും ഇടയിലാണ് 'ക്ഷേത്രത്തിന്റെ ശ്രീകോവിലിൽ പ്രതിഷ്ഠ നടക്കുക. പ്രതിഷ്ഠാ ചടങ്ങുകള്‍ക്കായുള്ള ഒരുക്കങ്ങളെല്ലാം പൂര്‍ത്തിയായതായി ക്ഷേത്രം ട്രസ്റ്റ് ഭാരവാഹികള്‍ അറിയിച്ചു. പ്രതിഷ്ഠക്ക് മുന്നോടിയായുള്ള ചടങ്ങുകള്‍ ആരംഭിച്ചു. 120 മുതൽ 200 കിലോ വരെയാണ് ക്ഷേത്രത്തില്‍ പ്രതിഷ്ഠിക്കുന്ന ശ്രീരാമ വിഗ്രഹത്തിന്‍റെ തൂക്കമെന്ന് ക്ഷേത്ര ട്രസ്റ്റ് ജനറൽ സെക്രട്ടറി ചമ്പത് റായ് പറഞ്ഞു. പ്രതിഷ്ഠാ ചടങ്ങുകളിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി ഭാഗമാകും. വാരാണസിയിലെ വേദപണ്ഡിതൻ ലക്ഷ്മികാന്ത് ദീക്ഷിതാണ് ചടങ്ങുകൾക്ക് നേതൃത്വം നൽകുക.
അയോധ്യയിലെ പ്രതിഷ്ഠ നരേന്ദ്ര മോദി രാഷ്ട്രീയ ചടങ്ങാക്കി മാറ്റുന്നുവെന്നാണ് പ്രതിപക്ഷത്തിന്‍റെ വിമര്‍ശനം. കോണ്‍ഗ്രസ്, സിപിഎം ഉള്‍പ്പെടെയുള്ള പാർട്ടികള്‍ പ്രതിഷ്ഠാ ചടങ്ങിലേക്കുള്ള ക്ഷണം നിരസിച്ചു. എല്ലാ വിശ്വാസത്തെയും ബഹുമാനിക്കുന്നുവെന്നും തെരഞ്ഞെടുപ്പ് നേട്ടത്തിനായി രാഷ്ട്രീയ പരിപാടിയാക്കിയതിലാണ് വിയോജിപ്പെന്നും വിവിധ പാർട്ടികള്‍ വ്യക്തമാക്കി.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam