ആദിവാസി വിഭാ​ഗത്തിലെ ആദ്യ സിവിൽ സർവ്വീസ് ഉദ്യോ​ഗസ്ഥ; പെരിന്തൽമണ്ണ സബ്കളക്ടറായി ശ്രീധന്യ സുരേഷ്

By Web TeamFirst Published Jun 30, 2021, 4:11 PM IST
Highlights

2016 ലാണ് ആദ്യമായി ശ്രീധന്യ സിവിൽ സർവ്വീസ് പ്രാഥമിക പരീക്ഷ എഴുതുന്നത്. ആദ്യ തവണ നേടാൻ കഴിഞ്ഞില്ലെങ്കിലും 2017ലെ ശ്രമത്തിൽ വിജയമൊപ്പമെത്തി. 410-ാം റാങ്ക് നേടിയാണ് സിവിൽ സർവ്വീസ് നേട്ടം കൈവരിക്കുന്നത്.

പെരിന്തൽമണ്ണ: കേരളത്തിലെ ആദിവാസി വിഭാ​ഗത്തിൽ നിന്ന് ആദ്യമായി സിവിൽ സർവ്വീസ് നേടിയ ശ്രീധന്യ സുരേഷ്  ഇനി പെരുന്തൽമണ്ണ സബ്കളക്ടർ. സിവിൽ സർവ്വീസിന്റെ ചരിത്രത്തിൽ കുറിച്യ സമുദായം​ഗമായ ശ്രീധന്യയുടെ നേട്ടം സുവർണ്ണലിപികളിലാണ് എഴുതിച്ചേർത്തിട്ടുള്ളത്. കോഴിക്കോട് അസിസ്റ്റന്റ് കളക്ടറായി ഒരു വർഷം സേവനമനുഷ്ഠിച്ചതിന് ശേഷമാണ് ശ്രീധന്യ പെരിന്തൽമണ്ണ സബ് കലക്ടറായെത്തുന്നത്. 

വയനാട് തരിയോട് നിർമ്മല ഹൈസ്‌കൂളിൽ നിന്ന് പ്രാഥമിക വിദ്യാഭ്യാസം നേടിയ ശ്രീധന്യ. കോഴിക്കോട് ദേവഗിരി കോളേജിൽ നിന്ന് സുവോളജിയിൽ ബിരുദവും കാലിക്കറ്റ് യൂനിവേഴ്‌സിറ്റിയിൽ നിന്ന് ബിരുദാനന്തര ബിരുദവും നേടി.  2016 ലാണ് ആദ്യമായി ശ്രീധന്യ സിവിൽ സർവ്വീസ് പ്രാഥമിക പരീക്ഷ എഴുതുന്നത്. ആദ്യ തവണ നേടാൻ കഴിഞ്ഞില്ലെങ്കിലും 2017ലെ ശ്രമത്തിൽ വിജയമൊപ്പമെത്തി.  410ാം റാങ്ക് നേടിയാണ് സിവിൽ സർവ്വീസ് നേട്ടം കൈവരിക്കുന്നത്.

വടക്കേ വയനാട്ടില്‍ പൊഴുതന പഞ്ചായത്തിലെ ഇടിയംവയല്‍ ഗ്രാമത്തില്‍ നിന്ന് തൊഴിലുറപ്പ് തൊഴിലാളികളായ സുരേഷ്  കമല ദമ്പതികളുടെ മകളായ ശ്രീധന്യ ഐഎഎസ് എന്ന ലക്ഷ്യം മുന്നിൽ കണ്ടുകൊണ്ടാണ് പഠനത്തിൽ മുന്നേറിയത്. കുട്ടിക്കാലം മുതൽ മകൾ ആ​ഗ്രഹിച്ച സ്വപ്നത്തിന്റെ പൂർത്തീകരണത്തിനായി മാതാപിതാക്കൾ സർവ്വപിന്തുണയും നൽകി കൂടെ നിന്നു.   

2016ല്‍ പഠനം പൂര്‍ത്തിയാക്കി ട്രൈബല്‍ ഡിപ്പാര്‍ട്ട്മെന്റില്‍ ജോലി ചെയ്യുന്ന സമയത്തുണ്ടായ ഒരു അനുഭവമാണ് സിവില്‍ സര്‍വ്വീസ് എന്ന ആഗ്രഹത്തിലേക്ക് വീണ്ടുമെത്തിച്ചതെന്ന് അഭിമുഖത്തിൽ ശ്രീധന്യ വ്യക്തമാക്കിയിരുന്നു. ശ്രീധന്യയുടെ ഏക സഹോദരന്‍ ശ്രീരാഗ് സുരേഷ് മീനങ്ങാടി പോളിടെക്‌നികില്‍ ഇലക്ട്രിക്കല്‍ ആന്‍ഡ് ഇലക്ട്രോണിക്‌സ് എഞ്ചിനീയറിങ് വിദ്യാര്‍ഥിയാണ്. 


കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിൻ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യർത്ഥിക്കുന്നു. ഒന്നിച്ച് നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona

click me!