ശ്രീധന്യ സുരേഷ് ഇനി കോഴിക്കോട് അസിസ്റ്റന്റ് കലക്ടർ; ചുമതലയേറ്റു

By Web TeamFirst Published Jun 11, 2020, 8:44 PM IST
Highlights

2019 ബാച്ച് ഐഎഎസ് ഉദ്യോഗസ്ഥയായ ശ്രീധന്യ ഇന്ന് വൈകിട്ട് കലക്ടറേറ്റിലെത്തി ജില്ലാ കലക്ടര്‍ മുന്‍പാകെയാണ് ചുമതലയേറ്റത്. കൊവിഡ് കാലത്തെ നിയമനം വലിയ ഉത്തരവാദിത്തമാണെന്ന് ശ്രീധന്യ പ്രതികരിച്ചു.

കോഴിക്കോട്: ശ്രീധന്യ സുരേഷ് കോഴിക്കോട് അസിസ്റ്റന്റ് കലക്ടറായി ചുമതലയേറ്റു. 2019 ബാച്ച് ഐഎഎസ് ഉദ്യോഗസ്ഥയാണ്. ഇന്ന് വൈകിട്ട് കലക്ടറേറ്റിലെത്തി ജില്ലാ കലക്ടര്‍ മുന്‍പാകെയാണ് ചുമതലയേറ്റത്. കൊവിഡ് കാലത്തെ നിയമനം വലിയ ഉത്തരവാദിത്തമാണെന്ന് ശ്രീധന്യ പ്രതികരിച്ചു.

ഭരണരംഗത്തെ കുറിച്ച് കൂടുതല്‍ പഠിക്കാനും മനസിലാക്കാനും ഇതിലൂടെ സാധിക്കും. കോഴിക്കോട് എന്റെ രണ്ടാമത്തെ വീടാണ്. ഞാന്‍ പഠിച്ചതും എന്നെ ചിന്തിക്കാന്‍ പ്രേരിപ്പിച്ചതുമായ ഒരുപാട് ഘടകങ്ങള്‍ ഇവിടെയുണ്ട്. വലിയൊരു ചുമതലയിലേക്കാണ് കാലെടുത്തുവച്ചത്. ആത്മാര്‍ഥയോടെ അതൊക്കെ ചെയ്യുമെന്നും ശ്രീധന്യ പറഞ്ഞു.

ട്രൈബല്‍ ഡിപ്പാര്‍ട്ട്മെന്റ്മായി ബന്ധപ്പെട്ട് ജോലി ചെയ്യുമ്പോള്‍ 2016ല്‍ തനിക്കുണ്ടായ ഒരു അനുഭവമാണ് സിവില്‍ സര്‍വീസിലേക്ക് എത്തിച്ചത്. അന്ന് വയനാട് സബ് കലക്ടറായിരുന്ന, നിലവില്‍ കോഴിക്കോട് ജില്ലാ കലക്ടര്‍ സാംബശിവ റാവുവിന് ഒരു പരിപാടിക്കിടെ ലഭിച്ച സ്വീകരണങ്ങളും പ്രതികരണങ്ങളുമാണ്  ആഗ്രഹങ്ങള്‍ വളര്‍ത്തിയത്. അദേഹത്തിന്റെ കീഴില്‍ ജോലിചെയ്യാന്‍ കഴിയുന്നത് വലിയ സന്തോഷമാണ് നല്‍കുന്നതെന്നും ശ്രീധന്യ പറഞ്ഞു.

എട്ട് വര്‍ഷത്തെ ഔദ്യോഗിക ജീവിതത്തിലെ മറക്കാനാകാത്ത നിമിഷമാണ് ശ്രീധന്യയുടെ ഐഎഎസ് നേട്ടമെന്ന് ജില്ലാ കലക്ടര്‍ സാംബശിവറാവു പറഞ്ഞു. പരിമിതമായ ജീവിത സാഹചര്യത്തില്‍ നിന്ന് പൊരുതി നേടിയ ശ്രീധന്യയുടെ വിജയത്തില്‍ തന്റെ സന്തോഷത്തിന് അതിരില്ലായെന്നും ജില്ലാ കലക്ടര്‍ പറഞ്ഞു.

കേരളത്തില്‍ ആദിവാസി വിഭാഗത്തില്‍ നിന്ന് സിവില്‍ സര്‍വീസ് പരീക്ഷ ജയിക്കുന്ന ആദ്യത്തെ ആളാണ് ശ്രീധന്യ സുരേഷ്. തരിയോട് നിര്‍മല ഹൈസ്‌കൂളിൽ നിന്ന് പ്രാഥമിക വിദ്യാഭ്യാസം നേടിയ ശ്രീധന്യ, കോഴിക്കോട് ദേവഗിരി കോളേജിൽ നിന്ന് സുവോളജിയില്‍ ബിരുദവും കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്ന് ബിരുദാനന്തര ബിരുദവും പൂര്‍ത്തിയാക്കിയ ശേഷമാണ് സിവില്‍ സര്‍വീസ് പരിശീലനത്തിന് പോയത്. രണ്ടാമത്തെ പരിശ്രമത്തിലായിരുന്നു ശ്രീധന്യയ്ക്ക് സിവില്‍ സര്‍വീസ് ലഭിച്ചത്.

click me!