
തിരുവനന്തപുരം: നെയ്യാറ്റിന്‍കര സ്വദേശി ശ്രീജിവിന്റെ മരണത്തിൽ സിബിഐയുടെ റിപ്പോർട്ട് അംഗീകരിക്കരുതെന്ന് ശ്രീജിവിന്റെ അമ്മ കോടതിയെ അറിയിച്ചു. സിബിഐ റിപ്പോർട്ടിൽ എതിർപ്പുകൾ ഉണ്ടെങ്കിൽ അടുത്ത മാസം ആറിന് മുമ്പ് അറിയിക്കാനും കോടതി ആവശ്യപ്പെട്ടു. പാറശാല പൊലീസ് കസ്റ്റഡിയിലെടുത്ത ശ്രീജിവ് മരിച്ചത് മർദ്ദനത്തെ തുടർന്നല്ലെന്നാണ് സിബിഐയുടെ കണ്ടത്തൽ.
ആത്മഹത്യാകുറിപ്പും ശാസ്ത്രീയ തെളിവുകളും ചൂണ്ടിക്കാട്ടിയാണ് ശ്രീജിവിന്റേത് കസ്റ്റഡിമരണമല്ല, ആത്മഹത്യയെന്ന് സിബിഐ റിപ്പോർട്ട് സമർപ്പിച്ചത്. ശ്രീജിവിന്‍റെ ആത്മഹത്യക്ക് വ്യക്തമായ തെളിവുണ്ടെന്നായിരുന്നു സിബിഐയുടെ വാദം. ശ്രീജിവ് സ്റ്റേഷനുള്ളിൽ വിഷം കഴിക്കുന്നതിന് സാക്ഷിയുണ്ടെന്നും നെയ്യാറ്റിൻകരയിലെയും മെഡിക്കൽ കോളേജ് ആശുപത്രിയിലെയും ഡോക്ടർമാരോട് വിഷം കഴിച്ച കാര്യം ശ്രീജിവ് പറഞ്ഞിരുന്നുവെന്നും സിബിഐ ചൂണ്ടിക്കാട്ടിയിരുന്നു. സംഭവത്തിൽ പൊലീസുകാര്‍ക്കുണ്ടായത് ഗുരുതരപാളിച്ചയാണെന്നും സിബിഐ പറഞ്ഞിരുന്നു. കസ്റ്റഡിയിലെടുത്ത പ്രതിയെ ദേഹപരിശോധന നടത്താത്തതിന് പൊലീസുകാര്‍ക്കെതിരെ വകുപ്പുതല നടപടിക്കാണ് സിബിഐ ശുപാര്‍ശ ചെയ്തിരിരുന്നത്.
എന്നാല്‍ സിബിഐ അന്വേഷണം ഒത്തുകളിയാണെന്നായിരുന്നു ശ്രീജിവിന്‍റെ സഹോദരന്‍ ശ്രീജിത്തിന്‍റെ ആരോപണം. ശ്രീജിവിന്‍റേത് കൊലപാതകമാണ്, സുപ്രീംകോടതിയെ സമീപിക്കുമെന്നും ശ്രീജിത്ത് പറഞ്ഞിരുന്നു. സഹോദരന്‍റെ മരണത്തില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് വളരെക്കാലം ശ്രീജിത്ത് സെക്രട്ടേറിയറ്റിന് മുമ്പില്‍ സമരം ചെയ്തിരുന്നു. പിന്നീട് സിബിഐ അന്വേഷണം അംഗീകരിച്ചതോടെ സമരം അവസാനിപ്പിച്ചെങ്കിലും വീണ്ടും സെക്രട്ടേറിയറ്റിന് മുമ്പില്‍ ശ്രീജിത്ത് സമരവുമായെത്തുകയായിരുന്നു.
2014 മേയ് 19 നാണ് പാറശാല പൊലീസ് ശ്രീജിവിനെ കസ്റ്റഡിയില്‍ എടുക്കുന്നത്. പിന്നീട് മേയ് 21 ന് തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ വച്ച് ശ്രീജിവ് മരിച്ചു. ശ്രീജിവിന്‍റേത് കസ്റ്റഡി മരണമാണെന്നായിരുന്നു ബന്ധുക്കളുടെ ആരോപണം. എന്നാല്‍ ശ്രീജിവ് ആത്മഹത്യ ചെയ്തെന്നായിരുന്നു തുടക്കം മുതല്‍ പൊലീസിന്‍റെ ഭാഷ്യം.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam