'യോജിച്ച് നിന്നില്ലെങ്കിൽ പുറത്ത് കളയണം, ജോസിന് പക്വതയില്ല', ആഞ്ഞടിച്ച് പി ജെ ജോസഫ്

By Web TeamFirst Published Sep 27, 2019, 3:06 PM IST
Highlights

പാലായില്‍ രണ്ട് കൂട്ടരും പ്രശ്നം ഉണ്ടാക്കിയെന്ന പ്രസ്താവനകള്‍ ശരിയല്ലെന്നും പ്രശ്നമുണ്ടാക്കിയത് ആരെന്ന് യുഡിഎഫ് പരിശോധിക്കണമെന്നും ജോസഫ് പറഞ്ഞു.

തൊടുപുഴ: ഒന്നിച്ച് നില്‍ക്കാന്‍ തയ്യാറാകാത്തവരെ പുറത്ത് കളയണമെന്ന് പി ജെ ജോസഫ്. പാലായില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥി ജോസ് ടോമിന്റെ തോൽവിക്ക് പ്രധാനകാരണം പക്വതയില്ലായ്മയാണെന്നും പി ജെ ജോസഫ് പറഞ്ഞു. മാണി സ്വീകരിച്ച കീഴ്‍വഴക്കങ്ങള്‍ ജോസ് ലംഘിച്ചെന്നും ജോസഫ് കുറ്റപ്പെടുത്തി. പാലായില്‍ രണ്ട് കൂട്ടരും പ്രശ്നം ഉണ്ടാക്കിയെന്ന പ്രസ്താവനകള്‍ ശരിയല്ലെന്നും പ്രശ്നമുണ്ടാക്കിയത് ആരെന്ന് യുഡിഎഫ് പരിശോധിക്കണമെന്നും തൊടുപുഴയിലെ വാർത്താസമ്മേളനത്തിൽ പി ജെ ജോസഫ് പറഞ്ഞു. പാര്‍ട്ടി ഭരണഘടന അംഗീകരിക്കാന്‍ ഒരു കൂട്ടര്‍ തയ്യാറായില്ല. തന്നെ കൂവിയതിനെ കുറിച്ച് ആരും ഖേദം പ്രകടിപ്പിച്ചില്ല. തെറ്റ് തിരുത്തി മുന്നോട്ടുപോകാന്‍ തയ്യാറെന്നും ജോസഫ് കൂട്ടിച്ചേർത്തു. 

കെ എം മാണി 54 വർഷമായി പ്രതിനിധീകരിച്ച പാലാ മണ്ഡലത്തിൽ വിജയം അനിവാര്യമാണെന്ന് കരുതി. എന്നാൽ, എന്തുകൊണ്ട് അത് സാധിച്ചില്ലെന്ന് യുഡിഎഫ് ​ഗൗരവകരമായി പഠിക്കുകയും ചിന്തിക്കുകയും ചെയ്യണം. കേരളാ കോൺഗ്രസ് പാർട്ടിയിൽ മാണി സാറിന്‍റെ മരണത്തെ തുടർന്നുള്ള സ്ഥാന ചർച്ചകൾ വിജയിക്കാതെ വന്നപ്പോൾ പല മധ്യസ്ഥൻമാരും ഇടപെട്ടു. കേരളാ കോൺഗ്രസ് പാര്‍ട്ടിയുടെ ഭരണഘടനയിലുള്ള ചില കാര്യങ്ങൾ പ്രധാനമായും ചെയർമാനും വർക്കിങ് ചെയർമാനും എന്നുള്ള പാരഗ്രാഫ് അംഗീകരിക്കാൻ ഒരു കൂട്ടര്‍ തയ്യാറാകാത്തതാണ് പ്രശ്നങ്ങൾ രൂക്ഷമാക്കിയത്.

Read Also:തോൽവിയല്ല, കാര്യങ്ങൾ പഠിക്കാനുള്ള പ്ലാറ്റ് ഫോം; നിഷ ജോസ് കെ മാണി

ചെയർമാന്‍റെ അഭാവത്തിൽ വർക്കിംഗ് ചെയർമാനിലാണ് അധികാരങ്ങൾ നിക്ഷിപ്തം എന്നാണ് പാര്‍ട്ടി ഭരണഘടനയിലുള്ളത്. അതായത് കെ എം മാണിയുടെ അഭാവത്തില്‍ വര്‍ക്കിംഗ് ചെയര്‍മാനാണ് അധികാരമെന്നുള്ളത് അംഗീകരിക്കാൻ ജോസ് കെ മാണി തയ്യാറാകാത്തതാണ് അടിസ്ഥാനപ്രശ്നം. കെ എം മാണി സ്വീകരിച്ച കീഴ്‌വഴക്കങ്ങൾ ജോസ് കെ മാണി ലംഘിച്ചെന്നും പി ജെ ജോസഫ് പറഞ്ഞു. ചെറിയ കമ്മിറ്റിയിൽ ചർച്ച ചെയ്യേണ്ട കാര്യത്തിനായി സംസ്ഥാന കമ്മിറ്റി വിളിക്കണമെന്ന് ജോസ് കെ മാണി വാശി പിടിച്ചു. മധ്യസ്ഥ ചർച്ചകൾക്കിടെ സംസ്ഥാന കമ്മിറ്റിയെന്ന പേരിൽ ജോസ് കെ മാണി ആൾകൂട്ടത്തെ വിളിച്ചു കൂട്ടി. സ്ഥാനാർത്ഥിയുടെ കാര്യത്തിൽ ജയസാധ്യതയും സ്വീകാര്യതയും മാത്രമാണ് താൻ മുന്നോട്ടുവെച്ച നിബന്ധനയെന്നും പി ജെ ജോസഫ് പറഞ്ഞു.

ചിഹ്നം നൽകണമെന്ന് കുഞ്ഞാലിക്കുട്ടി ആവശ്യപ്പെട്ടിരുന്നു. താൽക്കാലിക ചെയർമാനെന്ന് അംഗീകരിച്ചിരുന്നെങ്കിൽ കത്ത് നൽകിയേനെയെന്നും പി ജെ ജോസഫ് പറഞ്ഞു. ചിഹ്നമില്ലെങ്കിലും ജയിക്കാമെന്നായിരുന്നു അപ്പോഴത്തെ നിലപാട്. ഇപ്പോള്‍ ചിഹ്നമുണ്ടെങ്കില്‍ ജയിക്കാമായിരുന്നെന്ന് ചിലര്‍ പറയുന്നു. ചിഹ്നം നേടിയെടുക്കാത്തതിന്‍റെ ഉത്തരവാദിത്വം ആര്‍ക്കാണെന്നും പി ജെ ജോസഫ് ചോദിച്ചു. പ്രചാരണത്തിനെത്തിയപ്പോള്‍ തന്നെ കൂകി വിളിച്ചതിൽ ഖേദം പ്രകടിപ്പിക്കാൻ പോലും തയ്യാറായില്ലെന്നും പി ജെ ജോസഫ് കൂട്ടിച്ചേര്‍ത്തു. മധ്യസ്ഥ ചര്‍ച്ചയില്‍ നിന്ന് വഴുതിമാറി ആരാണ് പ്രശ്നമുണ്ടാക്കിയതെന്ന് യു ഡി എഫ് കണ്ടെത്തണമെന്നും പി ജെ ജോസഫ് ആവശ്യപ്പെട്ടു.

Read Also:തുറന്നടിച്ച് കെ മുരളീധരനും: 'തോൽവിക്ക് കാരണം തമ്മിലടി, ഇത് മാണിയുടെ ആത്മാവിനേറ്റ മുറിവ്'

മാണി സാറിനെ മരണത്തിന് ശേഷമുള്ള തെരഞ്ഞെടുപ്പില്‍ കേരളാ കോണ്‍ഗ്രസിന്‍റെ സ്ഥാനാർത്ഥി തോറ്റതിൽ ദുഃഖമുണ്ടെന്നും എന്നാൽ പരാജയം സ്വയം ഏറ്റുവാങ്ങിയതാണെന്നും ജോസഫ് കുറ്റപ്പെടുത്തി. തോല്‍വിയുടെ ഉത്തരവാദിത്വം ആര്‍ക്കാണെന്ന് നിഷ്പക്ഷമായി വിലയിരുത്തി തെറ്റുകൾ തിരുത്തണം. ചർച്ചയായത് കേരള രാഷ്ട്രീയമല്ലെന്നും കേരള കോൺഗ്രസിലെ പ്രശ്നമാണെന്നും ജോസഫ് പറഞ്ഞു. ജോസ് കെ മാണിയുടെ പക്വതയില്ലായ്മ ഉപതെരഞ്ഞെടുപ്പില്‍ വിനയായെന്നും ജോസഫ് പറഞ്ഞു. ശരിയായ നിലപാട് സ്വീകരിച്ച് നിർഭയമായി മുന്നോട്ടു പോവും. ജോസ് കെ മാണിയുമായി സഹകരിക്കാന്‍ എന്തെങ്കിലും സാധ്യതയുണ്ടോ എന്ന് ചോദ്യത്തിന് രാഷ്ട്രീയത്തിൽ ഒന്നിനോടും നോ പറയാനാവില്ലെന്നും ജോസഫ് മറുപടി നല്‍കി.

അതേസമയം, പരാജയം കൊണ്ട് പതറില്ലെന്ന് ജോസ് കെ മാണി പ്രതികരിച്ചു. വീഴ്ച്ചകൾ തിരുത്തുമെന്നും ജനവിശ്വാസം തിരിച്ചുപിടിക്കുമെന്നും ജോസ് കെ മാണി പറഞ്ഞു.

click me!