കേരള ഗാന വിവാദം; പാട്ട് കണ്ടിട്ടേയില്ലെന്ന് ലീലാവതി, തീരുമാനമായിട്ടില്ലെന്ന് മന്ത്രി, നടപടിയിൽ അടിമുടി ദുരൂഹത

Published : Feb 04, 2024, 03:10 PM IST
കേരള ഗാന വിവാദം; പാട്ട് കണ്ടിട്ടേയില്ലെന്ന് ലീലാവതി,  തീരുമാനമായിട്ടില്ലെന്ന് മന്ത്രി, നടപടിയിൽ അടിമുടി ദുരൂഹത

Synopsis

കേരള ഗാനം ഏതെന്ന് നിശ്ചയിക്കുന്നത് സംബന്ധിച്ച് സർക്കാർ അന്തിമ തീരുമാനം എടുത്തിട്ടില്ലെന്ന് മന്ത്രി സജി ചെറിയാന്‍ പറഞ്ഞു

തിരുവനന്തപുരം/കൊച്ചി:ശ്രീകുമാരൻ തമ്പിയുടെ കേരള ഗാനം തള്ളിയ കേരള സാഹിത്യ അക്കാദമിയുടെ നടപടിയിൽ അടിമുടി ദുരൂഹത. ഡോ.എം. ലീലാവതി ഉൾപ്പെട്ട വിദഗ്ധ സമിതിയാണ് ശ്രീകുമാരൻ തമ്പിയുടെ പാട്ട് തള്ളി ഹരിനാരായണന്‍റെ പാട്ട് തെരഞ്ഞെടുത്തതെന്നായിരുന്നു അധ്യക്ഷൻ കെ. സച്ചിദാനന്ദന്‍റെ വിശദീകരണം. എന്നാല്‍, പാട്ട് താൻ കണ്ടിട്ടേയില്ലെന്നാണ് ഡോ.എം ലീലാവതി പ്രതികരിച്ചത്. ഇതിനിടെ, അനുനയ നീക്കത്തിന്‍റെ സൂചനയുമായി സാംസ്കാരിക വകുപ്പ് മന്ത്രിയുടെ പ്രതികരണവും വന്നു. വിഷയത്തില്‍ ശ്രീകുമാരൻ തമ്പിയും സച്ചിദാനന്ദനും തമ്മിലുള്ള തര്‍ക്കം മുറുകിയതിന് പിന്നാലെയാണ് ഇക്കാര്യത്തില്‍ സജി ചെറിയാന്‍റെ പ്രതികരണമുണ്ടായത്. കേരള ഗാനം ഏതെന്ന് നിശ്ചയിക്കുന്നത് സംബന്ധിച്ച് സർക്കാർ അന്തിമ തീരുമാനം എടുത്തിട്ടില്ലെന്ന് മന്ത്രി സജി ചെറിയാന്‍ പറഞ്ഞു.

മുഖ്യമന്ത്രി തന്നെ മുൻകൈയെടുത്താണ് കേരളത്തിന് ഒരു ഗാനം വേണം എന്ന് തീരുമാനിച്ചത്. ശ്രീകുമാരൻ തമ്പി മഹാനായ കവിയും എഴുത്തുകാരനുമാണ്. അദ്ദേഹത്തെ ചേർത്തുപിടിക്കുന്ന ഗവൺമെൻറ് ആണ്. മുഖ്യമന്ത്രിയും താനും പല കാര്യങ്ങളിലും അദ്ദേഹത്തിൻറെ അഭിപ്രായം തേടാറുണ്ട്. ശ്രീകുമാരൻ തമ്പി തനിക്ക് ബാധ്യതയുണ്ടെന്നു പറഞ്ഞ  വിഷയത്തിൽ നിന്നും താൻ ഒഴിഞ്ഞു മാറുന്നില്ലെന്നും സജി ചെറിയാന്‍ വ്യക്തമാക്കി. സാഹിത്യ അക്കാദമി നിർബന്ധിച്ച് കേരളഗാനം എഴുതിപ്പിച്ചശേഷം ഒരു മറുപടിയും അറിയിച്ചില്ലെന്ന ശ്രീകുമാരൻ തമ്പിയുടെ പരാതിയെ തുടർന്നാണ് പാട്ട് വിവാദത്തിന്‍റെ തുടക്കം. എന്നാൽ, തമ്പിയുടെ ഗാനത്തിന് നിലവാരമില്ലെന്നാണ് വിദഗ്ധസമിതി കണ്ടെത്തലാണ് നിരസിക്കാൻ കാരണമെന്ന് സച്ചിദാനന്ദൻ പരസ്യമാക്കിയതോടെ  വിവാദം പൊട്ടിത്തെറിയിലേക്ക് വഴിമാറി.

ശ്രീകുമാരൻ തമ്പിയുടെ കേരളഗാനം ക്ലീഷേ ആയത് കൊണ്ടാണ് നിരസിച്ചതെന്നായിരുന്നു സാഹിത്യ അക്കാദമി അധ്യക്ഷൻ സച്ചിദാനന്ദന്‍റെ പ്രതികരണം. ശ്രീകുമാരൻ തമ്പിയുടെ പാട്ട് മോശമാണെന്ന് എം.ലീലാവതി ഉൾപ്പെട്ട കമ്മിറ്റി കണ്ടെത്തി എന്നു പറഞ്ഞ്  അക്കാദമി തടിയൂരാനും ശ്രമിച്ചു. എന്നാൽ താനാ പാട്ട് കണ്ടിട്ടേയില്ലെന്ന് ഡോ. എം.ലീലാവതി തുറന്നടിച്ചതോടെയാണ് അക്കാദമി വെട്ടിലായത്. സച്ചിദാനന്ദന്‍റെ പ്രതികരണത്തിന് പിന്നാലെ അവസരം ഉണ്ടാക്കി തന്നെ ബോധപൂർവ്വം അപമാനിച്ചെന്ന് പറഞ്ഞ് ശ്രീകുമാരൻ തമ്പി തുറന്നടിച്ചു. ബാലചന്ദ്രന്‍ ചുള്ളിക്കാടിന് മതിയായ യാത്രാപ്പടി നല്‍കാതെ അപമാനിച്ചയച്ചെന്ന വിവാദം കത്തുന്നതിനിടെയാണ് സാഹിത്യ അക്കാദമിയെ പിടിച്ചു കുലുക്കി ശ്രീകുമാരന്‍ തമ്പിയുടെ കേരള ഗാന വിവാദം ഉയര്‍ന്നുവന്നത്.

അക്കാദമിയില്‍ ഏകോപനമില്ലെന്ന ആരോപണം ശരിവയ്ക്കുന്നതായിരുന്നു പുതിയ വിവാദവും. താനെഴുതിയ കേരള ഗാനത്തിന് എന്ത് സംഭവിച്ചെന്നറിയില്ലെന്ന ശ്രീകുമാരന്‍ തമ്പിയുടെ ഫേസ് ബുക്ക് പോസ്റ്റിനോട് ആദ്യം പ്രതികരിച്ച അക്കാദമി സെക്രട്ടറി ഗാനത്തിന്‍റെ തെരഞ്ഞെടുപ്പ് നടന്നിട്ടില്ലെന്ന് വിശദീകരിച്ചെങ്കിലും പാട്ടു തള്ളിയെന്ന്  അധ്യക്ഷൻ കെ സച്ചിദാനന്ദന്‍ സ്ഥിരീകരിച്ചതോടെ തര്‍ക്കം രൂക്ഷമായി. പാട്ടാവശ്യപ്പെട്ട് വിളിച്ചപ്പോള്‍ മറ്റുള്ളവരില്‍ നിന്നും പാട്ടു വാങ്ങുന്ന കാര്യം  ശ്രീകുമാരന്‍ തമ്പിയെ അറിയിച്ചില്ല. നിരാകരിച്ചതും വിളിച്ചു പറഞ്ഞില്ലെന്നുമാത്രമല്ല പാട്ട് ക്ലീഷെ ആയിരുന്നെന്ന് പരസ്യമായി പറയുകയും ചെയ്തു.

അക്കാദമിയുടെ കാര്യങ്ങളില്‍ ഒറ്റ അഭിപ്രായമില്ലാത്തത് ഇതാദ്യത്തെ സംഭവമല്ല. സർക്കാർ പരസ്യം പുസ്തകത്തിലടിച്ചു വച്ച സംഭവത്തിലും സെക്രട്ടറിയും അധ്യക്ഷനും രണ്ടുതട്ടിലായിരുന്നു.ചുള്ളിക്കാടിനെ ക്ഷണിച്ചു വരുത്തി യാത്രാക്കൂലി മുഴുവൻ കൊടുക്കാതെ മടക്കി അയച്ചത് പിന്നീടാണ് താനറിഞ്ഞതെന്നായിരുന്നു അധ്യക്ഷന്‍ പറഞ്ഞത്. അക്കാദമിയോടും സർക്കാറിനോടും ശ്രീകുമാരൻ തമ്പി കലഹിച്ചതോടെയാണ് സാംസ്ക്കാരിക വകുപ്പ് വെട്ടിലായി. ഇതോടെയാണ് മന്ത്രി അനുനയ ലൈനിലേക് മാറിയത്.

'എഴുതി നൽകിയ പാട്ട് ക്ലീഷേ അല്ല,അത് പോപ്പുലറാക്കി കാണിക്കും', സച്ചിദാനന്ദനെതിരെ തുറന്നടിച്ച് ശ്രീകുമാരൻ തമ്പി


 

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

എംപിമാർ മത്സരിക്കില്ല, മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയെ ഉയര്‍ത്തിക്കാട്ടില്ലെന്നും തീരുമാനം; കോൺ​ഗ്രസ് യോ​ഗത്തിൽ നിന്ന് വിട്ടുനിന്ന് ശശിതരൂർ
പ്രധാനമന്ത്രിയുടെ സന്ദർശനം: തിരുവനന്തപുരം മേയറെ സ്വീകരണ പരിപാടിയിൽ നിന്ന് ഒഴിവാക്കിയത് പ്രതിഷേധാർഹമെന്ന് മന്ത്രി വി ശിവൻകുട്ടി