താൻ രാജാവും മറ്റുള്ളവർ പ്രജകളും എന്ന ചിന്തയുള്ളവർ മുഖ്യമന്ത്രി ആയാൽ ശരിയാവില്ലെന്ന് ശ്രീകുമാരൻ തമ്പി; എൻഎസ്എസിനും രൂക്ഷവിമർശനം

Published : May 24, 2026, 08:43 PM IST
Sreekumaran Thampi

Synopsis

ഇത്രയധികം ജനപ്രീതി നേടിയ മറ്റൊരാളും കേരള രാഷ്ട്രീയത്തിൽ ഉണ്ടായിട്ടില്ല. ആ ജനപ്രീതി പെരുമാറ്റം കൊണ്ടും ഇടപെടൽ കൊണ്ടും ഉണ്ടായതാണ്. തന്‍റെ കർമപഥത്തിൽ യാതൊരു പതർച്ചയുമില്ലാതെ മുന്നേറുന്നയാളാണ് വി ഡി സതീശനെന്ന് ശ്രീകുമാരൻ തമ്പി പറഞ്ഞു.

കൊച്ചി: താൻ രാജാവും മറ്റുള്ളവർ പ്രജകളും എന്ന ചിന്തയുള്ളവർ മുഖ്യമന്ത്രി ആയാൽ ശരിയാവില്ലെന്ന് ഗാനരചയിതാവും സംവിധായകനും നിർമാതാവുമായ ശ്രീകുമാരൻ തമ്പി. അവിടെ ജനാധിപത്യം പരാജയപ്പെടും. ജനങ്ങളില്ലെങ്കിൽ ഒരു നേതാവുമില്ല, ഒരു മന്ത്രിയുമില്ല. ഒരു മന്ത്രിയും രാജാവല്ല. ബഹുമാനപ്പെട്ട വി ഡി സതീശൻ അങ്ങനെയൊരാളല്ല എന്ന് ഉറപ്പുള്ളതു കൊണ്ടാണ് ഈ സ്വീകരണ സമ്മേളനത്തിൽ താൻ പങ്കെടുത്തതെന്നും ശ്രീകുമാരൻ തമ്പി പറഞ്ഞു. ഇത്രയധികം ജനപ്രീതി നേടിയ മറ്റൊരാളും കേരള രാഷ്ട്രീയത്തിൽ ഉണ്ടായിട്ടില്ല. ആ ജനപ്രീതി അദ്ദേഹത്തിന്‍റെ പെരുമാറ്റം കൊണ്ടും ഇടപെടൽ കൊണ്ടും ഉണ്ടായതാണ്. തന്‍റെ കർമപഥത്തിൽ യാതൊരു പതർച്ചയുമില്ലാതെ മുന്നേറുന്നയാളാണ് വി ഡി സതീശനെന്ന് ശ്രീകുമാരൻ തമ്പി പറഞ്ഞു.

എൻഎസ്എസ് നേതൃത്വത്തിനെതിരെയും ശ്രീകുമാരൻ തമ്പി രൂക്ഷ വിമർശനം ഉന്നയിച്ചു. വർഗീയതയുടെ ചിഹ്നമായിട്ടല്ല എൻഎസ്എസ് രൂപം കൊണ്ടത്. നായർ ഭൃത്യ ജന സംഘം എന്നാണ് മന്നത്ത് പത്മനാഭൻ ഇട്ട പേര്. ഇതാണ് പിന്നീട് നായർ സർവീസ് സൊസൈറ്റിയായത്. അവിടെ കസേരയിൽ ഇരിക്കുന്ന ഉന്നതൻ നായർ സമുദായത്തിന്‍റെ ഭൃത്യനായിട്ടാണോ പെരുമാറുന്നത്? അല്ല, രാജാവായിട്ടാണെന്ന് ശ്രീകുമാരൻ തമ്പി വിമർശിച്ചു. ജനങ്ങളായിരിക്കണം മുന്നിൽ. ജനങ്ങളില്ലെങ്കിൽ ഒരു നേതാവുമില്ല എന്ന് മനസ്സിലാക്കുന്നവർക്കേ നല്ല ഭരണാധികാരി ആവാൻ കഴിയൂ. ഈ സത്യം മനസ്സിലാക്കുന്ന ഒരാളാണ് വി ഡി സതീശൻ. അദ്ദേഹത്തെ കുറിച്ച് തനിക്ക് ഒട്ടേറെ പ്രതീക്ഷകളുണ്ട്. ഈ കയ്യടികളെല്ലാം ജനങ്ങളുടെ പ്രതീക്ഷയുടെ പ്രതിഫലനങ്ങളാണ്. വി ഡി സതീശൻ വിജയശ്രീലാളിതനാവട്ടെ എന്ന് ആശംസിച്ചാണ് ശ്രീകുമാരൻ തമ്പി പ്രസംഗം അവസാനിപ്പിച്ചത്. പറവൂരിൽ മുഖ്യമന്ത്രി വി ഡി സതീശന് നൽകിയ സ്വീകരണത്തിൽ സംസാരിക്കുകയായിരുന്നു ശ്രീകുമാരൻ തമ്പി.

ഒരാളെ മുഖ്യമന്ത്രിയാക്കാൻ നാടൊന്നാകെ മുറവിളി കൂട്ടിയെന്ന് മോഹൻലാൽ

മനസ്സിൽ ചങ്ങാതിയുടെ സ്ഥാനം ആണ് മുഖ്യമന്ത്രി വി ഡി സതീശനെന്ന് നടൻ മോഹൻലാൽ. മലയാളികൾക്ക്‌ മുഖ്യമന്ത്രിയിൽ വലിയ പ്രതീക്ഷയുണ്ട്. നാട് അദ്ദേഹത്തെ സിഎം ആക്കാൻ മുറവിളി കൂട്ടി. സത്യസന്ധതയും സുതാര്യതയും ഇഴ ചേർന്ന ആളാണ്‌ അദ്ദേഹം. അതാവും ജനം വി ഡി സതീശനായി തെരുവിൽ ഇറങ്ങിയതെന്നും മോഹൻലാൽ പറഞ്ഞു. നെഹ്‌റുവിയൻ സോഷ്യലിസ്റ്റ്, നെഹ്‌റുവിനെ പോലത്തെ ഡ്രീമർ ആവാതെ തരമില്ലെന്നും അദ്ദേഹം പറഞ്ഞു. സതീശൻ സർ എന്നാണ് മോഹൻലാൽ മുഖ്യമന്ത്രിയെ അഭിസംബോധന ചെയ്തത്. 

കേരളത്തിന്‍റെ ചില ആകുലതകളും വേദിയിൽ മോഹൻലാൽ പറഞ്ഞു. റോഡുകൾ ആളുകളെ കൊല്ലുന്ന അവസ്ഥയിൽ നിന്നും മാറണം. മാലിന്യം രോഗത്തിന് വഴി മാറുന്ന സ്ഥിതി തുടരരുത്. നർകോട്ടിക്സ് ഈസ് ഡേർട്ടി ബിസിനസ് എന്ന മാസ് ഡയലോഗ് പറഞ്ഞ മോഹൻലാൽ, ലഹരിക്കെതിരെ കർശന നടപടി വേണമെന്നും മുഖ്യമന്ത്രിയോട് ആവശ്യപ്പെട്ടു. വിഡി സിഎം ആയപ്പോൾ സിങ്കപൂർ മാതൃക സൃഷ്ടിച്ച ലീ യെ ഓർത്തെന്നും മോഹൻലാൽ പറഞ്ഞു. ലീയെ പോലെ മാറ്റം കൊണ്ടുവരാൻ സതീശൻ സാറിന് കഴിയട്ടെയെന്നും മോഹൻലാൽ ആശംസിച്ചു.

 

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

മോഹൻലാലിനെ സാക്ഷിയാക്കി, പറവൂർ ജനതക്ക് മുഖ്യമന്ത്രി സതീശന്‍റെ വാക്ക്, 'ഞാൻ കാരണം തലകുനിക്കേണ്ടി വരില്ല'; കേരളത്തെ തുറമുഖ നഗരമാക്കുമെന്നും പ്രഖ്യാപനം
'വിജയരാഘവനോടല്ലേ കടക്കു പുറത്തെന്ന് പറയേണ്ടത്'; രൂക്ഷ വിമർശനവുമായി തിരൂരിൽ ഫ്ലെക്സ് ബോർഡ്‌