ശ്രീറാമിന് റെട്രൊഗ്രേഡ് അംനേഷ്യ: അപകടം നടന്നത് ഓര്‍മ്മയില്ലെന്ന് ഡോക്ടര്‍മാര്‍

By Web TeamFirst Published Aug 8, 2019, 2:30 PM IST
Highlights

ഏതെങ്കിലും ഒരു പ്രത്യേക സംഭവത്തെ കുറിച്ച് പൂര്‍ണ്ണമായും ഓര്‍മ്മയില്ലാത്ത അവസ്ഥയാണ് റെട്രൊഗ്രേഡ് അംനേഷ്യ. അപകടം നടന്ന സമയത്തെ ഒരു കാര്യവും ശ്രീറാമിന് ഇപ്പോൾ ഓര്‍മ്മയില്ലെന്നാണ് ഡോക്ടര്‍മാര്‍ പറയുന്നത്. 

തിരുവനന്തപുരം: മദ്യപിച്ച് വാഹനമോടിച്ച് മാധ്യമപ്രവര്‍ത്തകൻ കെഎം ബഷീറിനെ കൊലപ്പെടുത്തിയ കേസിൽ പ്രതിയായ ശ്രീറാം വെങ്കിട്ടരാമന്  റെട്രൊഗ്രേഡ് അംനേഷ്യ ആണെന്ന് തിരുവനന്തപുരം മെഡിക്കൽ കോളേജിലെ ഡോക്ടര്‍മാര്‍. ഏതെങ്കിലും ഒരു പ്രത്യേക സംഭവത്തെ കുറിച്ച് പൂര്‍ണ്ണമായും ഓര്‍ത്തെടുക്കാനാകാത്ത അവസ്ഥയാണ് റെട്രൊഗ്രേഡ് അംനേഷ്യ. ഏതെങ്കിലും വലിയ ആഘാതത്തിന് പിന്നാലെ വരാവുന്ന മാനസിക അവസ്ഥയാണിതെന്നാണ് ഡോക്ടറര്‍മാര്‍ പറയുന്നത്. ഒരു പക്ഷെ സംഭവത്തെ കുറിച്ച് എന്നന്നേക്കുമായി മറന്ന് പോകാനും ചിലപ്പോൾ സമ്മര്‍ദ്ദം ഒഴിയുമ്പോൾ പതിയെ ഓര്‍ത്തെടുക്കാനും കഴിഞ്ഞേക്കും.

ശ്രീറാം വെങ്കിട്ടരാമന്‍റെ ആരോഗ്യനിലയിൽ പുരോഗതിയുണ്ടെന്നാണ് ഡോക്ടര്‍മാര്‍ പറയുന്നത്. തലകറക്കവും തലവേദനയും അനുഭവപ്പെടുന്നുണ്ടെന്നും ഡോക്ടര്‍മാര്‍ പറയുന്നുണ്ട്. അപകടത്തിൽ കഴുത്തിന് പരിക്കേറ്റിട്ടുണ്ട്. റിമാന്‍റിലായിരിക്കെ സര്‍ജിക്കൽ ഐസിയുവിൽ പ്രവേശിപ്പിച്ച ശ്രീറാം വെങ്കിട്ടരാമനെ പിന്നീട് ട്രോമ ഐസിയുവിലേക്കാണ് മാറ്റിയിരുന്നത്. എന്നാൽ ആന്തരിക പരിക്കുകൾ ഇല്ലെന്നാണ് ഇപ്പോഴത്തെ കണ്ടെത്തൽ. ട്രോമാ ഐസിയുവിൽ നിന്ന് നിലവിൽ ന്യൂറോ സര്‍ജറി നിരീക്ഷണ വാര്‍ഡിലേക്കാണ് ശ്രീറാം വെങ്കിട്ടരാമനെ മാറ്റിയിട്ടുള്ളത്.  

കെഎം ബഷീര്‍ കൊല്ലപ്പെട്ടതിനെ തുടര്‍ന്ന് റിമാന്‍റിലായ ശ്രീറാം വെങ്കിട്ടരാമൻ തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിൽ കഴിയുകയായിരുന്നു. കടുത്ത മാനസിക സമ്മര്‍ദ്ദത്തിലാണ് ശ്രീറാം വെങ്കിട്ടരാമനെന്നും മാനസികാരോഗ്യ വിദഗ്ധന്‍റെ സേവനം ലഭ്യമാക്കുമെന്നും ആശുപത്രി അധികൃതര്‍ നേരത്തെ വിശദീകരിച്ചിരുന്നു.

വാഹനാപകട കേസിൽ റിമാന്‍റിലായിട്ടും ശ്രാറാം വെങ്കിട്ടരാമൻ സ്വകാര്യ ആശുപത്രിയിൽ തുടര്‍ന്നതും, വിവാദങ്ങൾക്ക് ഒടുവിൽ പൂജപ്പുര ജയിലിലേക്ക് അയച്ച ശ്രീറാമിനെ അതേ രാത്രി തന്നെ മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റിയതും എല്ലാം വലിയ വാര്‍ത്തയായിരുന്നു. സര്‍ജിക്കൽ ഐസിയുവിൽ പ്രവേശിപ്പിച്ച ശേഷമാണ് ശ്രീറാമിനെ വീണ്ടും ട്രോമാ ഐസിയുവിൽ ആക്കിയിരുന്നത്. 

കേസിൽ ശ്രീറാം വെങ്കിട്ടരാമന് മജിസ്ട്രേറ്റ് കോടതി ജാമ്യം അനുവദിച്ചിരുന്നു. ഈ നടപടി ചോദ്യം ചെയ്ത് സര്‍ക്കാര്‍ ഹൈക്കോടതിയെ സമീപിച്ചെങ്കിലും അടിയന്തരമായി ജാമ്യം റദ്ദാക്കാൻ പറ്റില്ലെന്നായിരുന്നു ഹൈക്കോടതിയുടെ നിലപാട്. മാത്രമല്ല അപകടമുണ്ടാക്കി മണിക്കൂറുകൾക്ക് ശേഷവും രക്തപരിശോധന പോലും നടത്താൻ തയ്യാറാകാതെ തെളിവ് നശിപ്പിക്കാൻ കൂട്ട് നിന്നതിന് പൊലീസിനെതിരെ അതിരൂക്ഷമായ വിമര്‍ശനവും ഹൈക്കോടതിയുടെ ഭാഗത്ത് നിന്ന് ഉണ്ടായി. 

 

click me!