പ്രധാനമന്ത്രിയൊഴികെ എല്ലാ മന്ത്രിമാരും രാജിവച്ചു, സർക്കാരിൽ ചേരാൻ പ്രതിപക്ഷത്തെ ക്ഷണിച്ച് ശ്രീലങ്കൻ നേതൃത്വം

Published : Apr 04, 2022, 12:07 PM ISTUpdated : Apr 04, 2022, 12:10 PM IST
പ്രധാനമന്ത്രിയൊഴികെ എല്ലാ മന്ത്രിമാരും രാജിവച്ചു, സർക്കാരിൽ ചേരാൻ പ്രതിപക്ഷത്തെ ക്ഷണിച്ച് ശ്രീലങ്കൻ നേതൃത്വം

Synopsis

പ്രതിസന്ധിയെ നേരിടാൻ വേണ്ടി പുതിയ സർവ കക്ഷി സർക്കാർ ഉണ്ടാക്കാനാണ് തീരുമാനം. മന്ത്രിസഭയിൽ ചേരാൻ പ്രതിപക്ഷ പാർട്ടികളെ പ്രസിഡൻ്റ് ക്ഷണിച്ചിട്ടുണ്ട്.


കൊളംമ്പോ: ശ്രീലങ്കയിൽ (Sri Lanka) പ്രധാനമന്ത്രി ഒഴികെ ക്യാബിനറ്റിലെ എല്ലാ മന്ത്രിമാരും രാജിവച്ചു. പ്രധാനമന്ത്രി വിളിച്ച മന്ത്രിമാരുടെ അടിയന്തര യോഗത്തിന് ശേഷമാണ് രാജി പ്രഖ്യാപനം. പ്രതിസന്ധി ചർച്ച ചെയ്യാൻ പ്രധാനമന്ത്രി മഹിന്ദ രജപക്സെ പ്രസിഡന്‍റ് ഗോട്ടബയ രജപക്സെയുമായി കൂടിക്കാഴ്ച നടത്തി. ശ്രീലങ്കയിലെ 26 മന്ത്രിമാരുടെ രാജി സ്വീകരിച്ചതായി ലങ്കൻ പ്രസിഡന്റ് ഗോത്തബയ രജപക്സെ വ്യക്തമാക്കി. 

പ്രതിസന്ധിയെ നേരിടാൻ വേണ്ടി പുതിയ സർവ കക്ഷി സർക്കാർ ഉണ്ടാക്കാനാണ് തീരുമാനം. മന്ത്രിസഭയിൽ ചേരാൻ പ്രതിപക്ഷ പാർട്ടികളെ പ്രസിഡൻ്റ് ക്ഷണിച്ചിട്ടുണ്ട്. പാർലമെന്റിൽ പ്രാതിനിധ്യമുള്ള എല്ലാ പാർട്ടികൾക്കും മന്ത്രിസ്ഥാനമുണ്ടാകും.

പാതാളത്തിലായ സാമ്പത്തിക മേഖല, കുതിക്കുന്ന വിലക്കയറ്റം, സർവയിടങ്ങളിലും കലാപസമാന പ്രതിഷേധങ്ങളും അക്രമങ്ങളും. അവസാന പ്രതിരോധമായ അടിയന്തരാവസ്ഥയും ഫലം കണ്ടില്ല. അടിയന്തരാവസ്ഥ പ്രഖ്യാപിച്ച് രണ്ട് ദിവസം പിന്നിടുമ്പോഴാണ് മന്ത്രിമാരുടെ കൂട്ടരാജി. ആദ്യം വെടിപൊട്ടിച്ചത് പ്രധാനമന്ത്രിയുടെ മകനും, യുവജന, കായിക വകുപ്പ് മന്ത്രിയുമായി നമൽ രജപക്സെ. ട്വിറ്ററിലൂടെയാണ് നമലിന്‍റെ രാജി പ്രഖ്യാപനം. രാജ്യത്തെ സ്ഥിതി ചർച്ച ചെയ്യാൻ പ്രധാനമന്ത്രി വിളിച്ചു ചേർത്ത അടിയന്തര ക്യാബിനറ്റ് യോഗത്തിന് ശേഷമാണ് നടപടി. 

പിന്നാലെ എല്ലാ മന്ത്രിമാരും രാജിവയ്ക്കുന്നതായി വിദ്യാഭ്യാസ മന്ത്രി ദിനേഷ് ഗുണവർദ്ധനയുടെ പ്രഖ്യാപനം. പ്രധാനമന്ത്രിയും പ്രസിഡന്‍റും രാജിവച്ചെന്ന അഭ്യൂഹം പ്രധാനമന്ത്രിയുടെ ഓഫീസ് നിഷേധിച്ചതിന് മണിക്കൂറുകൾക്ക് അകമാണ് മന്ത്രിമാരുടെ രാജി. മന്ത്രിമാർ രാജിവച്ചെങ്കിലും പ്രധാനമന്ത്രി രാജിവയ്ക്കാത്തതിനാൽ സാങ്കേതികമായ ക്യാബിനറ്റ് പിരിച്ചുവിടപ്പെടില്ല. 

പതിനേഴ് പാർട്ടികൾ അടങ്ങുന്ന ഭരണസഖ്യമായ ശ്രീലങ്ക പൊതുജന പേരമന മുന്നണിയിലും ഭിന്നത രൂക്ഷമായതോടെയാണ് ലങ്കൻ സർക്കാർ അസാധാരണ തീരുമാനം എടുത്തത്. ഭരിക്കുന്ന പാർട്ടിക്ക് മാത്രമായി തരണം ചെയ്യാൻ കഴിയാത്ത ഈ പ്രതിസന്ധിയിൽ നിന്ന് സ‌‌‌‌‌ർവ്വകക്ഷി സർക്കാരിന് നാടിനെ കരകയറ്റാൻ ആകുമോയെന്നതാണ് ചോദ്യം. 

കർഫ്യൂ ലംഘിച്ചും സർക്കാർ വിരുദ്ധ പ്രകടനങ്ങൾ തുടരുകയാണ്. രാജിവച്ച മന്ത്രിമാരുടെ വീടുകൾക്ക് ചുറ്റും ചെറു സംഘങ്ങൾ വളഞ്ഞതായാണ് റിപ്പോർട്ടുകൾ. കർഫ്യു ലംഘിച്ചതിന് ഇതുവരെ 664 പേരെ അറസ്റ്റ് ചെയ്തു. 

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

വിസി നിയമനം; 'സമവായത്തിന് മുൻകൈ എടുത്തത് ഗവർണർ', വിമർശനങ്ങളിൽ പിണറായിയെ പിന്തുണച്ച് സിപിഎം സെക്രട്ടേറിയറ്റ്
തൊഴിലുറപ്പ് ഭേദഗതി; ആശങ്കയറിയിച്ച് പ്രധാനമന്ത്രിക്ക് മുഖ്യമന്ത്രിയുടെ കത്ത്,ബിൽ നടപ്പാക്കുന്നതിൽ നിന്ന് പിൻമാറണം എന്ന് ആവശ്യം