'ആർഎസ്എസ്- സിപിഎം ബാന്ധവത്തിന്‍റെ ഇടനിലക്കാരനല്ല ഞാൻ', രാഷ്ട്രീയ വിവാദത്തിൽ ശ്രീ എം

By Web TeamFirst Published Mar 3, 2021, 3:54 PM IST
Highlights

സിപിഎം പ്രവർത്തകർക്ക് താൻ യോഗാ പരിശീലനം നൽകിയിട്ടില്ലെന്ന് ശ്രീ എം പറയുന്നു. യോഗാ പരിശീലനം പൂർത്തിയാക്കിയ പ്രവർത്തകരുടെ ചടങ്ങിൽ സംബന്ധിക്കുക മാത്രമാണ് ചെയ്തത്. ആർഎസ്എസ് ദേശീയവാദികളുടെ സംഘടനയെന്നും ശ്രീ എം.

തിരുവനന്തപുരം: തിരുവനന്തപുരത്ത് അനുവദിച്ച നാലേക്കർ ഭൂമിയിൽ യോഗാ കേന്ദ്രം പണിയാനുള്ള പദ്ധതിയിൽ നിന്ന് ഒരു കാരണവശാലും പിൻമാറില്ലെന്ന് ശ്രീ എം. വിവാദങ്ങളുടെ പേരിൽ പദ്ധതി വേണ്ടെന്ന് വയ്ക്കുകയോ പിൻമാറുകയോ ചെയ്യില്ല. ആർഎസ്എസ്- സിപിഎം ചർച്ചയ്ക്ക് മുൻകൈയെടുത്തതിൽ സദുദ്ദേശം മാത്രമേയുള്ളൂവെന്നും അല്ലാതെ താൻ ആർഎസ്എസ് സിപിഎം ബാന്ധവത്തിന്‍റെ ഇടനിലക്കാരനല്ലെന്നും ശ്രീ എം ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. 

ശ്രീ എമ്മുമായി ഏഷ്യാനെറ്റ് ന്യൂസ് നടത്തിയ അഭിമുഖം:

ചോദ്യം: കഴിഞ്ഞ മൂന്ന് നാല് ദിവസമായി കേരളത്തിലെ രാഷ്ട്രീയവിവാദങ്ങളെല്ലാം താങ്കളെ ചുറ്റിപ്പറ്റിയാണല്ലോ?

ശ്രീ എം: ഞാനാണെങ്കിൽ രാഷ്ട്രീയവുമായി യാതൊരു നേരിട്ടുള്ള ബന്ധവുമില്ലാത്തയാളാണ്. എന്ത് ചെയ്യാനാണ് (ചിരിക്കുന്നു)

ചോദ്യം: ഈ വിവാദങ്ങൾ പ്രധാനമായും മുഖ്യമന്ത്രി പിണറായി വിജയനെയും ആർഎസ്എസ് നേതാക്കളെയും ഒന്നിച്ചിരുത്തി താങ്കളൊരു ചർച്ച നടത്തിയെന്നതിന്‍റെ പേരിലാണ്. അങ്ങനെ ഒരു ചർച്ച നടന്നിരുന്നോ? എന്നാണ് നടന്നത്? അതിൽ മുഖ്യമന്ത്രി പിണറായി വിജയൻ പങ്കെടുത്തിരുന്നോ?

ശ്രീ എം: ചർച്ച നടത്തിയിരുന്നുവെന്നത് സത്യമാണ്. അത് സിപിഎമ്മും ആർഎസ്എസ്സും തമ്മിൽ ധാരണയാക്കാനല്ല. കണ്ണൂര് നടന്ന കൊലപാതകങ്ങൾ നമുക്കറിയാമല്ലോ. ദിവസവും മൂന്നും നാലും പേർ വച്ച് മരിക്കുന്ന ദിവസങ്ങൾ ഉണ്ടായിരുന്നു. ആ പ്രശ്നം പരിഹരിക്കാനായി ഞാനൊരു മധ്യസ്ഥനായി നിന്ന് ചർച്ച നടത്തുകയായിരുന്നു. വലത്, ഇടത് ഭാഗത്തെ നേതാക്കളെ ഞാൻ ചെന്ന് കണ്ടു. ഞാനും അവരും തമ്മിൽ പ്രശ്നങ്ങളൊന്നുമില്ല. കാരണം ഞാൻ നല്ല ഒരു ലക്ഷ്യത്തിനായി ജോലി ചെയ്യുന്നയാളാണെന്ന് എല്ലാവർക്കുമറിയാം. എനിക്കൊരു പാർട്ടിയിലും അംഗത്വമില്ല. ഞാനൊരു ന്യൂട്രൽ മനുഷ്യനാണ്. ഒറ്റയ്ക്ക് ഇവരോട് സംസാരിക്കാനാകുമോ എന്നൊരു സംശയമുണ്ടായിരുന്നു അവർക്ക് ആദ്യം. ഞാൻ ആർഎസ്എസ് നേതാക്കളെ ചെന്ന് കണ്ടു. ശ്രമിക്കുന്നതിൽ തെറ്റില്ലല്ലോ. 

ചോദ്യം: കേരളത്തിലെ പ്രശ്നങ്ങൾ പരിഹരിക്കാൻ ഇടപെട്ടോട്ടെ എന്ന് താങ്കൾ ദില്ലിയിൽ ചെന്ന് മോഹൻ ഭാഗവതിനോട് ചോദിച്ചു, അല്ലേ?

ശ്രീ എം: അതിന് കാരണം, അവർ അവിടെ നിന്ന് ഗ്രീൻ സിഗ്നൽ കൊടുത്തില്ലെങ്കിൽ ഈ മീറ്റിംഗ് നമുക്ക് നടത്താൻ പറ്റില്ല. ഇടത് നേതാക്കളെ പിന്നെ കണ്ടേക്കാം എന്ന് കരുതി. കേരളത്തിലെ ഏതൊക്കെ നേതാക്കളെയാണ് ഈ യോഗത്തിന് വിളിക്കേണ്ടതെന്ന് മോഹൻ ഭാഗവത് നേരിട്ട് നിർദേശിക്കുകയാണ് ചെയ്തത്. അതിൽ ഗോപാലൻകുട്ടി മാസ്റ്ററും പിന്നെ മുതിർന്ന ആർഎസ്എസ് നേതാക്കളുടെ പേരും ഉണ്ടായിരുന്നു. ഞാനവരെ അതിന് മുമ്പ് അറിയില്ല. വിഗ്യാൻ ഭാരതി എന്ന സംഘടനയിലെ ഒരാളെയല്ലാതെ എനിക്ക് വേറെ കേരളത്തിലെ ആർഎസ്എസ് നേതാക്കളെയൊന്നും അറിയില്ല. 

ഇപ്പോഴത്തെ മുഖ്യമന്ത്രി അന്ന് മുഖ്യമന്ത്രിയല്ല. തിരുവനന്തപുരത്ത് വന്ന് അന്ന് സിപിഎം സംസ്ഥാനസെക്രട്ടറിയായിരുന്ന പിണറായി വിജയനെ ഞാൻ തിരുവനന്തപുരത്ത് വീട്ടിൽ പോയി കണ്ടു. 

ചോദ്യം: പിണറായി വിജയനെ വീട്ടിലെത്തി കാണാനുള്ള വ്യക്തിബന്ധം താങ്കൾക്കുണ്ടായിരുന്നോ?

ശ്രീ എം: അന്ന് തിരുവനന്തപുരത്തുണ്ടായിരുന്ന ചില സിപിഎം നേതാക്കളാണ്, താങ്കൾക്ക് താത്പര്യമുണ്ടെങ്കിൽ അങ്ങോട്ട് കൊണ്ടുപോകാമെന്ന് പറഞ്ഞത്. അദ്ദേഹത്തെയും ഞാൻ നേരത്തേ അറിയില്ല. കണ്ണൂരിൽ ഒരു യോഗാപരിപാടി ഉദ്ഘാടനം ചെയ്തപ്പോൾ അദ്ദേഹത്തെ കണ്ടിട്ടുണ്ടെന്ന് മാത്രം. അന്ന് വളരെ കോർഡിയലായ പെരുമാറ്റമായിരുന്നു അദ്ദേഹത്തിന്‍റേത്. 

തിരുവനന്തപുരത്തെത്തി പിണറായിയെ കണ്ടപ്പോൾ അദ്ദേഹം ചോദിച്ചത് മറുപക്ഷം ച‍ർച്ചയ്ക്ക് സമ്മതിക്കുമോ എന്നാണ്. എല്ലാവർക്കും ആവശ്യം ശാന്തിയാണ്. അവരോട് സംസാരിച്ചാണ് വന്നത് എന്ന് ഞാൻ പറഞ്ഞു. പിന്നീട് കോടിയേരിയെയും കണ്ടു. 

സിപിഎം പാർട്ടിയിൽ ജില്ലാ തലത്തിലെ നേതാക്കൾ വളരെ സ്ട്രോങ്ങാണല്ലോ. കണ്ണൂരിലെ ജില്ലാ സെക്രട്ടറി പി ജയരാജനെക്കൂടി ചർച്ചയിൽ കൊണ്ടുവരണമെന്ന് കോടിയേരി പറഞ്ഞു.

പിറ്റേന്ന് ഞാൻ കണ്ണൂരിൽ പോയി, രാത്രി പന്ത്രണ്ട് മണിക്ക് കണ്ണൂർ ലൈറ്റ് ഹൗസിനടുത്തുള്ള സർക്കാർ ഗസ്റ്റ് ഹൗസിൽ വച്ച് പി ജയരാജനെ കണ്ടു. എനിക്കിതിൽ താത്പര്യമുണ്ടെന്ന് പി ജയരാജൻ പറഞ്ഞു. ഞങ്ങളുടെയും അവരുടെയും ഭാഗത്ത് ആളുകൾ മരിക്കുകയാണ്. അത് അവസാനിപ്പിക്കണം. അവര് വരുമോ ചർച്ചയ്ക്ക് എന്ന് ജയരാജനും ചോദിച്ചു. പലരും എന്നെപ്പറ്റി പലതും പറഞ്ഞ് കാണും, പക്ഷേ ഞാനൊരു പ്രതികാരമെടുക്കുന്നയാളല്ല എന്നും ജയരാജൻ പറഞ്ഞു എന്നോട്. 

ചോദ്യം: താങ്കളാണ് തിരുവനന്തപുരത്ത് റൂം ബുക്ക് ചെയ്ത് ഇരുവിഭാഗത്തെയും ഒരു മേശയ്ക്ക് അപ്പുറവും ഇപ്പുറവും ഇരുത്തിയതല്ലേ?

ശ്രീ എം: അതെയതെ. ആദ്യം തിരുവനന്തപുരത്ത്, പിന്നെ കണ്ണൂർ.

ചോദ്യം: എന്തിനായിരുന്നു ചർച്ചയ്ക്ക് രഹസ്യസ്വഭാവം?

ശ്രീ എം: ഇത് തുടങ്ങുമ്പോൾ മാധ്യമങ്ങളെ അറിയിച്ചാൽ അവരതിൽ വിവാദം കൊണ്ടുവച്ച് ഈ ചർച്ച നടത്താൻ സമ്മതിപ്പിക്കില്ല. അതുകൊണ്ടാണ് രഹസ്യമാക്കി വച്ചത്. ഇതിനോട് രണ്ടു വിഭാഗത്തിനും സമ്മതമായിരുന്നു. 

ചോദ്യം: ഇരുവിഭാഗവും തമ്മിലുള്ള ചർച്ച സമാധാനപരമായിരുന്നോ?

ശ്രീ എം: ആദ്യം ഇരുവിഭാഗങ്ങളും തമ്മിൽ ചെറിയ വാഗ്വാദങ്ങളുണ്ടായെങ്കിലും പിന്നീട് എല്ലാം സമാധാനപരമായിരുന്നു. മുഖ്യമന്ത്രി പിണറായി വിജയൻ വളരെ കൂൾ ആയാണ് ഇടപെട്ടത്. പ്രകോപിതരായാലും അങ്ങനെ പുറത്തേക്ക് കാണിച്ചില്ല. ഗോപാലൻകുട്ടി മാസ്റ്ററും നല്ല മനുഷ്യനാണ്. അതിനാൽ വലിയ പ്രശ്നമില്ലാതെ ചർച്ച നടന്നു. 

ചോദ്യം: താങ്കളെക്കുറിച്ച് ഉയർന്ന ഒരു ആരോപണം താങ്കൾ ആർഎസ്എസ് വക്താവാണെന്നാണ്. 

ശ്രീ എം: ഉമ്മൻചാണ്ടി, പി ജെ കുര്യൻ ഇവരൊക്കെ എന്‍റെ അടുത്ത സുഹൃത്തുക്കളാണ്. എനിക്കൊരു രാഷ്ട്രീയവുമില്ല.

ചോദ്യം: മുഖ്യമന്ത്രിയെ ചർച്ചയ്ക്ക് ഒരു മേശയ്ക്ക് മുന്നിലേക്ക് വിളിക്കാവുന്ന എന്ത് ബന്ധമാണ് താങ്കൾക്കുള്ളത്?

ശ്രീ എം: എന്നോട് സംസാരിക്കുമ്പോൾ എനിക്ക് മോശം ഉദ്ദേശമില്ലെന്ന് ആളുകൾക്ക് മനസ്സിലാവുന്നത് കൊണ്ടാകാം. ഈ യോഗാ സെന്‍ററിന് ഞങ്ങൾ അപേക്ഷിച്ചിട്ട് ഒരുപാട് കാലമുണ്ടായിരുന്നു. യോഗ ട്രെയിനിംഗ് സെന്‍ററാണിത്. ആശ്രമമല്ല. എന്‍റെ കൂടെ സന്ന്യാസിമാരൊന്നുമില്ല. എന്‍റെ കയ്യിൽ ഇതുമായി ബന്ധപ്പെട്ട് സർക്കാർ ഉത്തരവൊന്നും എനിക്ക് കിട്ടിയിട്ടില്ല. ഈ പദ്ധതിയിൽ നിന്ന് ഒരു കാരണവശാലും പിൻമാറില്ല. 

ചോദ്യം: കണ്ണൂരിൽ സമാധാനമുണ്ടായോ, ആ ചർച്ചയ്ക്ക് ശേഷം?

ശ്രീ എം: കണ്ണൂരിൽ കൊലപാതകങ്ങൾ വളരെ കുറഞ്ഞു. അക്രമസംഭവങ്ങൾ കുറഞ്ഞു. അത് എല്ലാവരും കണ്ടതല്ലേ? ഇനിയും ഇത്തരം ശ്രമങ്ങളുണ്ടാകുകയാണെങ്കിൽ അതിൽ തീർച്ചയായും സഹകരിക്കും. ആളുകളെ ഒന്നിച്ച് കൊണ്ടുവരിക എന്നതാണ് എന്‍റെ ജോലി. 
 

click me!