ശ്രീറാമിന്റെ നിയമനം കേസ് അട്ടിമറിക്കാനോ? സാക്ഷികളെ സ്വാധീനിക്കുമെന്ന് ആരോപണം

Web Desk   | Asianet News
Published : Mar 22, 2020, 03:05 PM ISTUpdated : Mar 22, 2020, 03:28 PM IST
ശ്രീറാമിന്റെ നിയമനം കേസ് അട്ടിമറിക്കാനോ? സാക്ഷികളെ സ്വാധീനിക്കുമെന്ന് ആരോപണം

Synopsis

ശ്രീറാം വെങ്കിട്ടരാമൻ ആരോഗ്യവകുപ്പിന്റെ പ്രധാനസ്ഥാനത്തേക്കാണ് തിരികെ വരുന്നത്. ശ്രീറാമിനെതിരായ കേസിൽ പ്രധാനസാക്ഷികൾ ഡോക്ടർമാരും നഴ്സുമാരുമാണ്. ആരോഗ്യവകുപ്പിന്റെ താക്കോൽസ്ഥാനത്ത് എത്തുന്ന ശ്രീറാം സാക്ഷികളെ സ്വാധീനിക്കുമെന്ന് ആരോപണമുയരുന്നു.

തിരുവനന്തപുരം: മാധ്യമപ്രവർത്തകനായ കെ എം ബഷീറിനെ വാഹനമിടിച്ച് കൊലപ്പെടുത്തിയ കേസിലെ പ്രതിയായ ഐഎഎസ് ഉദ്യോഗസ്ഥൻ ശ്രീറാം വെങ്കിട്ടരാമൻ ആരോഗ്യവകുപ്പിന്റെ താക്കോൽ സ്ഥാനത്തേക്ക് എത്തുമ്പോൾ കേസ് തന്നെ അട്ടിമറിക്കപ്പെടുമോ എന്ന ആശങ്കയിലാണ് പൊലീസും മാധ്യമസമൂഹവും. വാഹനാപകടക്കേസിലെ പ്രധാനസാക്ഷികൾ ഡോക്ടർമാരും നഴ്സുമാരുമാണ്. ഇവരെ സ്വാധീനിക്കാൻ ആരോഗ്യവകുപ്പിലെ പ്രധാനസ്ഥാനത്തേക്ക് എത്തുന്ന ശ്രീറാമിന് കഴിയുമെന്നാണ് ആരോപണമുയരുന്നത്. 

ശ്രീറാമിനെതിരായ കുറ്റപത്രത്തിൽ വിചാരണാനടപടികൾ പുരോഗമിക്കവെയാണ്, കൊവിഡിന്റെ പ്രത്യേക സാഹചര്യം ചൂണ്ടിക്കാട്ടി സർവീസിൽ തിരിച്ചെടുക്കുന്നത്. ശ്രീറാം ഡോക്ടറാണെന്നും, മെഡിക്കൽ പശ്ചാത്തലമുള്ളയാൾക്ക് ഇപ്പോഴത്തെ നടപടികൾ കുറച്ചുകൂടി വേഗത്തിൽ കൈകാര്യം ചെയ്യാനാകുമെന്നും ഒക്കെയാണ് ഔദ്യോഗിക വിശദീകരണം.

Read more at: ശ്രീറാം വെങ്കിട്ടരാമന് ക്ലീൻ ചിറ്റ് ;നിയമനം ആരോഗ്യ വകുപ്പിൽ, കൊവിഡ് സ്പെഷ്യൽ ഓഫീസറാകും

എന്നാൽ, ശ്രീറാം വെങ്കിട്ടരാമനെതിരെ പ്രധാനപ്പെട്ട സാക്ഷിമൊഴികൾ നൽകിയവരെല്ലാം ഇനി അദ്ദേഹത്തിന്റെ കീഴിൽ വരുന്ന സാഹചര്യമാണുണ്ടാകുക. ശ്രീറാമിനെ ആദ്യം പരിശോധിച്ച തിരുവനന്തപുരം ജനറൽ ആശുപത്രിയിലെ ഡോക്ടർ ശ്രീറാം രക്ത പരിശോധനയ്ക്ക് വിസമ്മതിച്ചതായി മൊഴി നൽകിയിരുന്നു. മദ്യപിച്ച് ലക്കുകെട്ടാണ് ശ്രീറാം വണ്ടിയോടിച്ചതെന്നും, അതിവേഗത്തിൽ വന്ന വാഹനം കെ എം ബഷീറിനെ ഇടിച്ച് തെറിപ്പിക്കുകയായിരുന്നുവെന്നും സ്ഥലത്തെ സാക്ഷികൾ മൊഴി നൽകിയിട്ടുള്ളതുമാണ്. ജനറൽ ആശുപത്രിയിൽ രക്തപരിശോധന നടത്താൻ തയ്യാറാവാതെ ശ്രീറാം നേരെ പോയത് തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലേക്കാണ്. അവിടെയും ശ്രീറാം രക്തപരിശോധന ഉടനെ നടത്തിയിട്ടില്ലെന്ന് ഈ ആശുപത്രിയിലെ ജീവനക്കാരും മൊഴി നൽകിയിട്ടുണ്ട്.

ഈ സാഹചര്യത്തിലാണ് കേസ് അട്ടിമറിക്കപ്പെടുമെന്ന സംശയം പൊലീസ് ഉന്നയിക്കുന്നത്. സംഭവത്തിൽ സഞ്ജയ് ഗാർഗ് ഐഎഎസ്സിന്റെ നേതൃത്വത്തിൽ നടത്തിയ വകുപ്പുതല അന്വേഷണത്തിൽ ക്ലീൻ ചിറ്റാണ് ശ്രീറാമിന് നൽകിയിരിക്കുന്നത്. 

കേസിനെത്തുടർന്ന് ശ്രീറാം വെങ്കിട്ടരാമനെ 6 മാസത്തേക്കാണ് സസ്പെന്‍റ് ചെയ്തിരുന്നത്. സസ്പെൻഷൻ കാലാവധി ജനുവരി 30-ന് അവസാനിക്കാറായപ്പോൾ തിരിച്ചെടുക്കണമെന്ന ചീഫ് സെക്രട്ടറിയുടെ നിർദ്ദേശം മുഖ്യമന്ത്രി തള്ളിയിരുന്നു. സസ്പെൻഷൻ കാലാവധി എപ്രിൽ അവസാനം വരെ നീട്ടി. എന്നാലിപ്പോൾ സസ്പെൻഷൻ കാലാവധി അവസാനിക്കുന്നതിന് മുമ്പാണ് ശ്രീറാം വെങ്കിട്ടരാമനെ തിരിച്ചെടുക്കാൻ സർക്കാർ തീരുമാനിച്ചത്. 

വകുപ്പുതല അന്വേഷണത്തിലെ ക്ലീൻചിറ്റും ശ്രീറാമിന് സഹായകമായി. സംഭവ സമയം ശ്രീറാമിനൊപ്പം കാറിലുണ്ടായിരുന്ന സുഹുൃത്ത് വഫാ ഫിറോസ് വകുപ്പ് തല അന്വേഷണ സമിതിക്ക് മുമ്പാകെ മൊഴി നൽകാതിരുന്നതാണ് ക്ലീൻ ചിറ്റിനുള്ള കാരണം. കൊവിഡ് ഏകോപന ചുമതലയുളള ജോയിന്‍റ് സെക്രട്ടറിയായി ശ്രീറാമിന് നിയമനം ലഭിക്കുമെന്നാണ് ആരോഗ്യ വകുപ്പിൽ നിന്ന് ലഭിക്കുന്ന സൂചന. പൊലീസ് കുറ്റപത്രത്തിന്‍റെ അടിസ്ഥാനത്തിൽ കോടതി വിധി വരുന്ന മുറയ്ക്ക് അച്ചടക്ക നടപടി സ്വീകരിക്കാമെന്നും അതു വരെ ശ്രീറാം സർവ്വീസിൽ തുടരട്ടേയെന്നുമാണ് സർക്കാർ നിലപാട്. 

PREV
click me!

Recommended Stories

'വിശക്കുന്നു, ഭക്ഷണം വേണം'; ജയിലിലെ നിരാഹാരം അവസാനിപ്പിച്ച് രാഹുൽ ഈശ്വർ, കോടതിയിൽ വിമർശനം
ഓഫീസിൽ വൈകി വരാം, നേരത്തെ പോകാം, പ്രത്യേക സമയം അനുവദിക്കാം; കേന്ദ്രസർക്കാർ ജീവനക്കാർക്ക് തദ്ദേശ തിരഞ്ഞെടുപ്പിൽ വോട്ട് ചെയ്യാൻ സൗകര്യം