
തിരുവനന്തപുരം/ കൊച്ചി: ജനതാ കര്‍ഫ്യൂ തലേന്ന് കൊവിഡ് മാര്‍ഗ നിര്‍ദ്ദേശങ്ങള്‍ എല്ലാം കാറ്റിൽപറത്തി വൻ ആള്‍ക്കൂട്ടമാണ് ബിവറേജസ് മദ്യശാലകള്‍ക്ക് മുന്നിൽ കണ്ടത്. തിരുവനന്തപുരം കല്ലറ ബിവറേജസ് ഔട്ട്ലെറ്റിന് മുന്നിൽ അഞ്ഞൂറിലേറെ പേരാണ് ഒരേസമയം തടിച്ചുകൂടിയത്. കൊച്ചിയില്‍ പാലരാവിട്ടത്തിന് സമീപമുള്ള മദ്യക്കടയിൽ മൂന്ന് വരിയിലായി ആളുകള്‍ തിക്കിത്തിരക്കുകയായിരുന്നു. നൂറ് കണക്കിനാളുകള്‍ ഒന്നിച്ചുകൂടുന്ന ഇടമായിട്ടും സുരക്ഷ മുൻ കരുതലുകൾ കാറ്റിൽ പറന്നു.
കൊവിഡിനെ ചെറുക്കാൻ നാടൊന്നാകെ കിണഞ്ഞുപരിശ്രമിക്കുമ്പോഴാണ് എല്ലാ നിയന്ത്രണങ്ങളും മറികടന്നായിരുന്നു മദ്യശാലകൾക്ക് മുന്നിലെ തിരക്ക്. ജനതാ കർഫ്യൂവിനെ അവധി ദിനമായി വ്യാഖ്യാനിച്ച് മദ്യം വാങ്ങാനായി നൂറുകണക്കിന് പേരാണ് തടിച്ചുകൂടിയത്. പേരിന് മാത്രം ക്യൂ. തിരക്ക് കൂടിയപ്പോൾ ക്യൂ മറികടന്ന് തിക്കും തിരക്കുമായി. തിരക്ക് നിയന്ത്രിക്കാനായി ആരും തന്നെയുണ്ടായിരുന്നില്ല. മദ്യം വാങ്ങാനെത്തുന്നവർ ഒരു മീറ്റർ അകലം പാലിച്ചു നിൽക്കണമെന്ന നിർദ്ദേശം പ്രഹസനമാക്കി കൊണ്ട് ജനക്കൂട്ടം മണിക്കൂറുകൾ നീണ്ടു.
കൊവിഡ് ഭീതി കണക്കിലെടുത്ത് ബാറുകളും ബിവറേജസ് ഔട്ട്ലെറ്റുകളും പൂട്ടണമെന്ന് വിവിധ കോണുകളില്‍നിന്ന് ആവശ്യം ഉയര്‍ന്നതാണ്. പക്ഷെ വിവിധ കാരണങ്ങളാല്‍ സര്‍ക്കാര്‍ ആവശ്യം നിരസിച്ചു. പകരം സുരക്ഷാ മുന്‍കരുതല്‍ നിർദ്ദേശിച്ചു. ഒരു മീറ്റര്‍ അകലത്തില്‍ നിൽക്കണം എന്നതായിരുന്നു പ്രധാന നിർദ്ദേശം. എന്നാൽ, ആളുകൾ ക്യൂവിൽ ഒട്ടിച്ചേര്‍ന്ന് നിൽക്കുന്ന കാഴ്ചയായിരുന്നു ഭൂരിഭാഗം ഇടങ്ങളിലും ഉണ്ടായത്.
തിരക്ക് കനത്തത്തോടെ നാട്ടുകാരുടെ പരാതിയെതുടർന്ന് പൊലീസെത്തിയാണ് ആൾക്കൂട്ടത്തെ നിയന്ത്രിച്ചത്. ബിവറേജസ് ഔട്ട്ലെറ്റുകളിൽ മാത്രമല്ല, സൂപ്പർമാർക്കറ്റുകളിലും ഇറച്ചിക്കടകളിലും വൻതിരക്കായിരുന്നു. ചിലയിടങ്ങളിൽ പൊലീസ് എത്തിയാണ് തിരക്ക് ഒഴിവാക്കിയത്. മിക്ക ഇടങ്ങളിലും കൈകള്‍ കഴുകാന്‍ ബക്കറ്റും സോപ്പും ഉണ്ട്. പക്ഷെ ഇത് ഉപയോഗിക്കുന്നവർ ചുരുക്കമാണ്. വളരെ കുറച്ച് പേർ മാസ്ക് ധരിച്ചിട്ടുണ്ട്. പക്ഷെ ഭൂരിഭാഗംപേരും സുരക്ഷാമുൻകരുതലുകളൊന്നുമില്ലാതെയാണ് മദ്യം വാങ്ങാൻ വരി നിൽക്കുന്നത്.
കൊവിഡ് -19, പുതിയ വാര്‍ത്തകളും സമ്പൂര്‍ണ്ണ വിവരങ്ങളും അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam