
തിരുവനന്തപുരം: മാധ്യമപ്രവര്‍ത്തകന്‍ കെഎം ബഷീര്‍ മരണപ്പെട്ട കേസില്‍ ഐഎഎസ് ഓഫീസറും സര്‍വ്വേ വകുപ്പ് ഡയറക്ടറുമായ ശ്രീറാം വെങ്കിട്ടരാമനെ പൊലീസ് ഇടപെട്ട് തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റുന്നു.
തത്സമയസംപ്രേഷണം ഇവിടെ കാണാം:
ശ്രീറാമിനെ തിരുവനന്തപുരം മെഡിക്കല്‍ കോളേജിലേക്ക് കൊണ്ടു പോകുന്നതിനായി പൊലീസ് തിരുവനന്തപുരത്തെ കിംസ് ആശുപത്രിയില്‍ എത്തിയിട്ടുണ്ട്. കോടതി റിമാന്‍ഡ് ചെയ്തിട്ടും ശ്രീറാം വെങ്കിട്ടരാമന്‍ പിതാവിനൊപ്പം സ്വകാര്യ ആശുപത്രിയിലെ ആഡംബര മുറിയില്‍ തുടരുന്ന സാഹചര്യത്തിലാണ് പൊലീസിന്‍റെ ഇടപെടല്‍.
അപകടത്തില്‍ ശ്രീറാമിന്‍റെ നട്ടെല്ലിന് പരിക്കുണ്ടെന്നും അദ്ദേഹത്തിന് തുടര്‍ചികിത്സ ആവശ്യമാണെന്നും കിംസിലെ ഡോക്ടര്‍മാര്‍ അറിയിച്ചിരുന്നുവെന്നും അതിനനുസരിച്ചാണ് അദ്ദേഹത്തെ അവിടെ തുടരാന്‍ അനുവദിക്കുന്നതെന്നുമായിരുന്നു പൊലീസില്‍ നിന്നുള്ള അനൗദ്യോഗിക വിശദീകരണം.
എന്നാല്‍ റിമാന്‍ഡ് തടവിലുള്ള ശ്രീറാമിനെ പഞ്ചനക്ഷത്ര സൗകര്യങ്ങളുള്ള ആശുപത്രിയില്‍ കിടത്തി ചികിത്സിക്കുന്നതിനെതിരെ പത്രപ്രവര്‍ത്തക യൂണിയന്‍ ആശുപത്രിക്ക് മുന്നില്‍ പ്രതിഷേധം സംഘടിപ്പിക്കുകയും ബഷീറിന്‍റെ കുടുംബം പരാതിയുമായി രംഗത്തുവരികയും ചെയ്ത സാഹചര്യത്തിലാണ് ശ്രീറാമിനെ മെഡിക്കല്‍ കോളേജിലേക്ക് മാറ്റാനുള്ള നടപടി ആരംഭിച്ചത്.
ഇതിനു വേണ്ട നടപടികള്‍ സ്വീകരിക്കാന്‍ സര്‍ക്കാര്‍ നേരിട്ട് പൊലീസിന് നിര്‍ദേശം നല്‍കുകയായിരുന്നുവെന്നാണ് വിവരം. ശ്രീറാമിനെ മെഡിക്കല്‍ കോളേജിലെ സെല്ലിലേക്ക് മാറ്റുകയാണ് എന്നു കാണിച്ച് കിംസ് അധികൃതര്‍ക്ക് കേസ് അന്വേഷിക്കുന്ന മ്യൂസിയം പൊലീസ് നോട്ടീസ് നല്‍കിയിട്ടുണ്ട്. തിരുവനന്തപുരം മെഡിക്കല്‍ കോളേജിലെ ഇരുപതാം വാര്‍ഡിലാണ് സെല്‍ വാര്‍ഡ്. ഇവിടേക്കാവും ഇനി ശ്രീറാമിനെ കൊണ്ടു വരിക.
കേസില്‍ റിമാന്‍ഡിലായ ശ്രീറാമിനെ സസ്പെന്‍ഡ് ചെയ്തു കൊണ്ടുള്ള ഉത്തരവ് നാളെ പുറപ്പെടുവിക്കും എന്നാണ് വിവരം. ഇന്ന് ഞായറാഴ്ചയായതിനാലാണ് ഇതിലെ നടപടികള്‍ നീളുന്നതെന്ന് സര്‍ക്കാര്‍ വൃത്തങ്ങള്‍ വിശദീകരിക്കുന്നു. കേസുകളിലെ കുറ്റക്കാരന്‍ എത്ര ഉന്നതനായാലും ഏത് പദവിയിലിരിക്കുന്നയാളായാലും മുഖം നോക്കാതെ നടപടിയുണ്ടാവുമെന്ന് നേരത്തെ മുഖ്യമന്ത്രി പിണറായി വിജയന്‍ വ്യക്തമാക്കിയിരുന്നു. അതേസമയം ശ്രീറാമിന് വേണ്ടി ഐഎഎസ് ലോബി ശക്തമായി ഇടപെടുന്നുണ്ട് എന്നാണ് വിവരം.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam