തിരുവനന്തപുരം: റിമാന്‍ഡിലായ സര്‍വ്വേ വകുപ്പ് ഡയറക്ടര്‍ ശ്രീറാം വെങ്കിട്ടരാമന്‍ ഐഎഎസിനെ സസ്പെന്‍ഡ് ചെയ്തു. മ്യൂസിയം പൊലീസ് സ്റ്റേഷന് സമീപത്തുണ്ടായ വാഹനാപകടത്തില്‍ മാധ്യമപ്രവര്‍ത്തകന്‍ കൊല്ലപ്പെട്ട കേസില്‍ ശ്രീറാം റിമാന്‍ഡിലായതിന് പിന്നാലെയാണ് നടപടി. വാഹനാപകടക്കേസില്‍ ശ്രീറാം പ്രതിയായതിന് പിന്നാലെ തന്നെ സംഭവത്തില്‍ ശക്തമായ നടപടി സ്വീകരിക്കാന്‍ മുഖ്യമന്ത്രി ചീഫ് സെക്രട്ടറിക്ക് നിര്‍ദേശം നല്‍കിയിരുന്നു.
പത്ത് വര്‍ഷം വരെ തടവുശിക്ഷ കിട്ടാവുന്ന 304-ാം വകുപ്പ് ചേര്‍ത്താണ് ശ്രീറാമിനെതിരെ പൊലീസ് കേസെടുത്തിട്ടുള്ളത്. സിവില്‍ സര്‍വ്വീസ് ചട്ടമനുസരിച്ച് 48 മണിക്കൂറിലേറെ ഒരു ഉദ്യോഗസ്ഥന്‍ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ കഴിയേണ്ടി വന്നാല്‍ അയാളെ സസ്പെന്‍ഡ് ചെയ്യാന്‍ വ്യവസ്ഥ ചെയ്യുന്നുണ്ട്. ഇക്കാര്യങ്ങള്‍ കൂടി കണക്കിലെടുത്താണ് ശ്രീറാമിനെ അടിയന്തരമായി സസ്പെന്‍ഡ് ചെയ്തു കൊണ്ടുള്ള ഉത്തരവ് ചീഫ് സെക്രട്ടറി പുറത്തിറക്കിയിരിക്കുന്നത്.
ആറ് മാസത്തെ ഉപരിപഠനത്തിനായി വിദേശത്തായിരുന്ന ശ്രീറാം വെങ്കിട്ടരാമന്‍ കഴിഞ്ഞ ആഴ്ചയാണ് കോഴ്സ് പൂര്‍ത്തിയാക്കി കേരളത്തില്‍ തിരിച്ചെത്തിയത്. കഴിഞ്ഞ ആഴ്ച ചേര്‍ന്ന മന്ത്രിസഭാ യോഗം അദ്ദേഹത്തിന് സര്‍വ്വേ വകുപ്പ് ഡയറക്ടറായി നിയമനം നല്‍കുകയും ചെയ്തു. ഇതിന് തൊട്ടടുത്ത ദിവസമാണ് ശ്രീറാം മദ്യപിച്ചു വാഹനമോടിച്ച് അപകടമുണ്ടാക്കിയത്.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam