ശ്രീറാമിനെ കിംസില്‍ നിന്നിറക്കി; ആദ്യം ജയിലില്‍ ഇപ്പോള്‍ മെഡി.കോളേജില്‍

By Web TeamFirst Published Aug 4, 2019, 6:01 PM IST
Highlights

ശ്രീറാമിനെ കിംസില്‍ നിന്നും നേരെ തിരുവനന്തപുരം മെഡിക്കല്‍ കോളേജിലേക്ക് കൊണ്ടു പോകും എന്നായിരുന്നു നേരത്തെയുള്ള വിവരം. എന്നാല്‍ അദ്ദേഹത്തെ ജയിലിലേക്ക് കൊണ്ടു പോകാന്‍ മജിസ്ട്രേറ്റ് ഉത്തരവിടുകയായിരുന്നു. 

തിരുവനന്തപുരം: മദ്യപിച്ച് വാഹനമോടിച്ച് മാധ്യമപ്രവര്‍ത്തകനെ കൊന്ന കേസിൽ റിമാന്‍ഡിലായ ശ്രീറാം വെങ്കിട്ടരാമനെ തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. വാഹനാപകടക്കേസില്‍ രണ്ടാഴ്ചത്തേക്ക് ശ്രീറാമിനെ കോടതി റിമാന്‍ഡ് ചെയ്തിരുന്നുവെങ്കിലും കിംസ് ആശുപത്രിയിലെ പഞ്ചനക്ഷത്ര മുറിയില്‍ പിതാവിനൊപ്പം തുടരാന്‍ ശ്രീറാമിന് അവസരമൊരുക്കിയത് പൊതുസമൂഹത്തില്‍ നിന്നും വലിയ വിമര്‍ശനത്തിന് ഇടനല്‍കിയിരുന്നു.

ആശുപത്രിക്ക് മുന്നില്‍ പത്രപ്രവര്‍ത്തക യൂണിയന്‍ പ്രതിഷേധമറിയിക്കുകയും അപകടത്തില്‍ മരണപ്പെട്ട ബഷീറിന്‍റെ കുടുംബം ഇതിനെതിരെ രംഗത്തു വരികയും ചെയ്തതോടെ ഇക്കാര്യത്തില്‍ സര്‍ക്കാര്‍ തലത്തില്‍ തന്നെ ഇടപെടലുണ്ടായി. ഇതോടെ മ്യൂസിയം പൊലീസ് കിംസ് ആശുപത്രിയിലെത്തി ശ്രീറാമിനെ മെഡി.കോളേജിലേക്ക് മാറ്റാന്‍ ആവശ്യപ്പെട്ടു കൊണ്ട് നോട്ടീസ് നല്‍കി. 

കിംസ് ആശുപത്രിയില്‍ നിന്നും മജിസ്ട്രേറ്റിന് മുന്നില്‍ ഹാജരാക്കിയ ശേഷം ശ്രീറാമിനെ തിരുവനന്തപുരം മെഡി.കോളേജിലെ ഇരുപതാം വാര്‍ഡിലുള്ള പൊലീസ് സെല്ലിലേക്ക് മാറ്റും എന്നായിരുന്നു ആദ്യമുള്ള അറിയിപ്പ്.  ശ്രീറാമിനെ മജിസ്ട്രേറ്റിന്‍റെ വീടിന് മുന്നിലെത്തിച്ച പൊലീസ് അദ്ദേഹത്തിന്‍റെ മെഡിക്കല്‍ രേഖകളും കേസുമായി ബന്ധപ്പെട്ട ഫയലുകളും മജിസ്ട്രേറ്റിനെ കാണിച്ചു.

രേഖകള്‍ പരിശോധിച്ച ശേഷം ആംബുലന്‍സില്‍ കയറി ശ്രീറാമിനെ നേരില്‍ കണ്ട മജിസ്ട്രേറ്റ് അദ്ദേഹത്തെ പൂജപ്പുര ജയിലിലേക്ക് കൊണ്ടു പോകാന്‍ നിര്‍ദേശിച്ചു. ജയിലിലെത്തിച്ച ശ്രീറാമിനെ ആശുപത്രിയിലേക്ക് മാറ്റണോ എന്ന കാര്യം സൂപ്രണ്ടിന് നിശ്ചയിക്കാമെന്നും ഇതുസംബന്ധിച്ച ഉത്തരവില്‍ മജിസ്ട്രേറ്റ് രേഖപ്പെടുത്തി. 

ഇതോടെ പൊലീസ് ശ്രീറാമിനേയും വഹിച്ചുള്ള ആംബുലന്‍സുമായി പൂജപ്പുര ജയിലില്‍  എത്തി. ഇവിടെ വച്ച് പ്രാഥമിക നടപടികള്‍ക്ക് ശേഷം ശ്രീറാമിനെ തിരുവനന്തപുരം മെഡിക്കല്‍ കോളേജിലെ പൊലീസ് സെല്ലിലേക്ക് മാറ്റാന്‍ തീരുമാനിക്കുകയായിരുന്നു. 

ഏറെ വിവാദങ്ങൾക്കൊടുവിലാണ് സ്വകാര്യ ആശുപത്രിയിലെ സുഖ സൗകര്യങ്ങളിൽ കഴിഞ്ഞിരുന്ന ശ്രീറാം വെങ്കിട്ടരാമനെ മജിസ്ട്രേറ്റിന് മുന്നിൽ ഹാജരാക്കാൻ പൊലീസ് തയ്യാറായത്. മാസ്ക് ധരിപ്പിച്ച് സ്ട്രച്ചറിൽ കിടത്തി ആംബുലൻസിൽ കയറ്റിയാണ് ശ്രീറാം വെങ്കിട്ടരാമനെ പൊലീസ് മജിസ്ട്രേറ്റിന്‍റെ വീട്ടിലെത്തിച്ചത്. മെഡിക്കൽ റിപ്പോര്‍ട്ട് വിശദമായി പരിശോധിച്ചാണ് മജിസ്ട്രേറ്റ് സ്വകാര്യ ആശുപത്രി വാസം ആവശ്യമില്ലെന്ന നിലപാടിലേക്ക് എത്തിയത് എന്നാണ് വിവരം. 

തത്സമയസംപ്രേഷണം കാണാം:

കാര്യമായ ആരോഗ്യ പ്രശ്നങ്ങൾ ഇല്ലെന്ന വിലയിരുത്തലോടെയാണ് ശ്രീറാം വെങ്കിട്ടരാമനെ പൂജപ്പുര ജയിലിലേക്ക് അയക്കാൻ തീരുമാനിച്ചതെന്നാണ് മനസിലാക്കുന്നത്. മെഡിക്കൽ കോളേജ് ആശുപത്രിയിലാകട്ടെ ശ്രീറാമിനെ എത്തിച്ചേക്കുമെന്ന സൂചനയെ തുടര്‍ന്ന് വിപുലമായ ക്രമീകരണങ്ങളാണ് ഒരുക്കിയിട്ടുള്ളത്. 

മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് ശ്രീറാം വെങ്കിട്ടരാമനെ മാറ്റിയേക്കുമെന്ന നിര്‍ദ്ദേശത്തെ തുടര്‍ന്ന് ആവശ്യമായ ക്രമീകരണങ്ങൾ നിര്‍ദ്ദേശം മെഡിക്കൽ കോളേജ് പൊലീസിന് കൈമാറുകയും പൊലീസ് സെല്ലിൽ മുന്നൊരുക്കങ്ങൾ നടത്തുകയും ചെയ്തിട്ടുണ്ട്. 

tags
click me!