എസ്എസ്എൽസി പരീക്ഷ അൽപസമയത്തിനകം: ക‍ർണാടകയിൽ നിന്നുള്ള നിരവധി വിദ്യാ‍ർത്ഥികൾ പരീക്ഷയ്ക്ക് എത്തിയില്ല

Published : May 26, 2020, 09:05 AM IST
എസ്എസ്എൽസി പരീക്ഷ അൽപസമയത്തിനകം: ക‍ർണാടകയിൽ നിന്നുള്ള നിരവധി വിദ്യാ‍ർത്ഥികൾ പരീക്ഷയ്ക്ക് എത്തിയില്ല

Synopsis

എസ്എസ്എൽസി പരീക്ഷ അൽപസമയത്തിനകം: ക‍ർണാടകയിൽ നിന്നുള്ള നിരവധി വിദ്യാ‍ർത്ഥികൾ പരീക്ഷയ്ക്ക് എത്തിയില്ല 

തിരുവനന്തപുരം: കൊവിഡ് വ്യാപനം മൂലം നേരത്തെ നി‍ർത്തി വച്ച എസ്എസ്എൽസി - ഹയ‍ർ സെക്കൻഡറി പരീക്ഷകൾ ഇന്ന് നടക്കും. പരീക്ഷയ്ക്ക് വേണ്ട എല്ലാ ഒരുക്കങ്ങളും പൂ‍ർത്തിയായെന്നും ഒരു തരത്തിലുള്ള ആശങ്കയുടേയും ആവശ്യമില്ലെന്നും പൊതുവിദ്യാഭ്യാസ ഡയറക്ട‍ർ അറിയിച്ചു. അതേസമയം കാസ‍ർകോട് ജില്ലയിൽ പരീക്ഷ എഴുതേണ്ട ക‍ർണാടക സ്വദേശികളായ വിദ്യാ‍ർത്ഥികൾ മുഴുവനായി എത്താതിരുന്നത് ആശങ്ക സൃഷ്ടിക്കുന്നുണ്ട്. 

സംസ്ഥാനത്ത് മാറ്റിവെച്ച എസ്എസ്എൽസി-ഹയർ സെക്കണ്ടറി പരീക്ഷകൾ വിപുലമായ സന്നാഹങ്ങളോടെ ഇന്ന് തുടങ്ങും. സ്കൂളുകളിൽ ആരോഗ്യപ്രവർത്തകർക്കൊപ്പം പുറത്ത് പൊലീസിനേയും വിന്യസിക്കും. രാവിലെ വിഎച്ച്എസ് സി പരീക്ഷയും ഉച്ചക്ക് ശേഷം എസ്എസ്എൽസി പരീക്ഷയുമാണ്.

നാളിതുവരെ ഇല്ലാത്ത ഒരുക്കങ്ങളുമായാണ് പതിമൂന്ന് ലക്ഷം വിദ്യാർത്ഥികൾ പരീക്ഷാ ഹാളിലേക്കെത്തുന്നത്. വിദ്യാർത്ഥികൾ വീട്ടിൽ നിന്നിറങ്ങി പരീക്ഷ എഴുതി തിരിച്ചുപോകുന്നത് വരെ കർശന സുരക്ഷാ മുൻകരുതലുണ്ടാകും. മാസക്ക് നിർബന്ധം, സ്കൂളിനു മുന്നിൽ കൈകൾ അണുവിമുക്തമാക്കും. ഒരു ഹാളിൽ പരമാവധി 20 കുട്ടികൾ മാത്രം. 

രോഗലക്ഷണങ്ങളുള്ളവർക്കും നിരീക്ഷണത്തിൽ കഴിയുന്നവർക്കും മറ്റ് സംസ്ഥാനങ്ങളിൽ നിന്നെത്തുന്നവരെയും പ്രത്യേകം ഇരിപ്പിടം ഒരുക്കും. ഹോട് സ്പോട്ടുകളിലും കർശന സുരക്ഷയോടെ പരീക്ഷയുണ്ട്. ഹോട്ട് സ്പോട്ടുകളിൽ പരീക്ഷ കേന്ദ്രങ്ങൾ ഇല്ലെങ്കിൽ സമീപത്തെ കേന്ദ്രങ്ങളിൽ കർശന സുരക്ഷാ ഉറപ്പാക്കി വിദ്യാർത്ഥികളെ കൊണ്ടുപോയി തിരിച്ചുകൊണ്ടുവരണം..

വിദ്യാർത്ഥികൾക്ക് ആവശ്യമെങ്കിൽ കുടിവെള്ളം കുപ്പിയിലാക്കി കൊണ്ടുവരാം. മറ്റുള്ളവർ ഉപയോഗിച്ച കപ്പോ കുടിവെള്ള കുപ്പിയോ ഉപയോഗിക്കരുത്. പരീക്ഷക്ക് മുമ്പും ശേഷവും കൂട്ടം കൂടിയുള്ള ചർച്ചകൾക്ക് വിലക്കുണ്ട്. കൊവിഡ് കേസുകൾ കൂടുമ്പോൾ പരീക്ഷ നടത്തരുതെന്നായിരുന്നു പ്രതിപക്ഷനിലപാട്. അത് കൊണ്ട് വീഴ്ചകൾ ഇല്ലാതെയുള്ള പരീക്ഷ നടത്തിപ്പ് സർക്കാറിന് മുന്നിൽ വൻ വെല്ലുവിളിയാണ്

അതേസമയം പരീക്ഷ ആരംഭിക്കാൻ വളരെ കുറച്ചു സമയം മാത്രം അവശേഷിക്കേ കാസ‍ർകോട് ജില്ലയിലെ ക‍ർണാടക സ്വദേശികളായ നിരവധി വിദ്യാ‍ർത്ഥികൾ പരീക്ഷ എഴുതാൻ എത്താതിരുന്നത് ആശങ്ക സൃഷ്ടിക്കുന്നുണ്ട്. 264 കുട്ടികൾ വരേണ്ടിടത്ത് എത്തിയത് 211 കുട്ടികൾ മാത്രമാണ്. 53 കുട്ടികൾ ഇതുവരെയും അതിർത്തി കടക്കാനെത്തിയില്ല. എത്താനുള്ളതിൽ കൂടുതലും എസ്എസ്എൽസി പരീക്ഷ എഴുതേണ്ടവരാണ്. ഇതിനോടകം പരീക്ഷ എഴുതാനായി തലപ്പാടി അതിർത്തിയിലെത്തിയ കുട്ടികളെ ജില്ലാ ഭരണകൂടമാണ് സ്കൂളുകളിലെത്തിച്ചത്.

പരീക്ഷ നടത്തിപ്പിന് വേണ്ട ഒരുക്കങ്ങളെല്ലാം പൂർത്തിയായെന്നും ആ‍ർക്കും ആശങ്ക വേണ്ടെന്നും പൊതു വിദ്യാഭ്യാസ ഡയറക്ടർ കെ.ജീവൻ ബാബു പറഞ്ഞു. വിമ‍ർശനങ്ങൾ കൂടി ഉൾക്കൊണ്ടാണ് നടപടികൾ സ്വീകരിച്ചത്. കൊവിഡ് അതിജീവനത്തിൻ്റെ കൂടി ഭാ​ഗമാണ് പരീക്ഷ നടത്തിപ്പെന്നും പൊതുവിദ്യാഭ്യാസ ഡയറക്ട‍ർ വിശദീകരിച്ചു. 

ഇന്ന് ആരംഭിക്കുന്ന സ്കൂള്‍ പരീക്ഷകളുമായി ബന്ധപ്പെട്ട് സംസ്ഥാന പൊലീസ് മേധാവി പ്രത്യേക മാ‍​ർ​ഗനിർദേശം പുറപ്പെടുവിച്ചിട്ടുണ്ട്. കുട്ടികളുമായി എത്തുന്ന ബസ്സുകള്‍ക്ക് സ്കൂള്‍ കോംപൗണ്ടിനകത്തേയ്ക്ക് പ്രവേശിക്കാവുന്നതാണ്. ഇതിന് സൌകര്യമില്ലാത്ത സ്കൂളുകളില്‍ ഗേറ്റിന് 100 മീറ്റര്‍ മുന്‍പായി ബസ് നിര്‍ത്തി കുട്ടികളെ ഇറക്കിയശേഷം അവരെ വരിയായി സാമൂഹ്യ അകലം പാലിച്ച് അച്ചടക്കത്തോടെ പരീക്ഷാഹാളിലേയ്ക്ക് കൊണ്ടുപോകണം. 

മറ്റ് വാഹനങ്ങളില്‍ എത്തുന്ന കുട്ടികള്‍ ഗേറ്റിന് 100 മീറ്റര്‍ മുന്‍പുതന്നെ വാഹനം നിര്‍ത്തി ഇറങ്ങി പരീക്ഷാഹാളിലേയ്ക്ക് പോകണം. ഒപ്പം വന്ന ഡ്രൈവറോ മാതാപിതാക്കളോ സ്കൂളിലേയ്ക്ക് പോകാന്‍ അനുവദിക്കില്ല. പരീക്ഷാസമയം തീരുന്നതുവരെ അവര്‍ കാത്തുനില്‍ക്കാതെ മടങ്ങേണ്ടതാണ്. കുട്ടിയെ തിരികെ കൊണ്ടുപോകാനായി പരീക്ഷ കഴിയുമ്പോള്‍ വീണ്ടും വന്നാല്‍ മതിയാകും. പരീക്ഷാകേന്ദ്രങ്ങള്‍ക്കു മുന്നിലെ തിരക്ക് ഒഴിവാക്കാനും സാമൂഹിക അകലം പാലിക്കാനും ഇത് സഹായിക്കും. ഈ നിര്‍ദ്ദേശം ലംഘിക്കുന്നവര്‍ക്കെതിരെ നിയമനടപടി സ്വീകരിക്കും. 

പരീക്ഷ കഴിയുമ്പോള്‍ തിരക്ക് ഒഴിവാക്കാനായി കുട്ടികളെ ഒരുമിച്ച് ഒരേസമയംതന്നെ പുറത്തിറക്കരുതെന്ന് സ്കൂള്‍ അധികൃതരോട് അഭ്യര്‍ഥിക്കും.  സാമൂഹ്യ അകലം പാലിച്ച് വരിയായി വേണം കുട്ടികളെ പുറത്തേയ്ക്ക് വിടേണ്ടതെന്നും സംസ്ഥാന പോലീസ് മേധാവി അറിയിച്ചു.
 

PREV
click me!

Recommended Stories

നിലയ്ക്കൽ - പമ്പ റോഡിൽ അപകടം; ശബരിമല തീർത്ഥാടകരുമായി പോയ രണ്ട് കെഎസ്ആർടിസി ബസുകൾ കൂട്ടിയിടിച്ചു; ഡ്രൈവർക്ക് പരിക്കേറ്റു
കാരണം കണ്ടെത്താന്‍ കൊട്ടിയത്തേക്ക് കേന്ദ്ര വിദ​ഗ്ധ സംഘം, ദേശീയപാത തകർന്ന സംഭവത്തിൽ അന്വേഷണ റിപ്പോർട്ട് സമർപ്പിക്കും, നാലിടങ്ങളിൽ അപകട സാധ്യത