
തിരുവനന്തപുരം: എസ് എസ് എൽ സി, പ്ലസ് ടു (SSLC, Plus two ) വിദ്യാർത്ഥികൾക്ക് വെല്ലുവിളിയായി ചോദ്യഘടനയിൽ പുതിയ കുരുക്ക്. നോൺ ഫോക്കസ് ഏരിയയിൽ (Focus area) നിന്നുള്ള ചോദ്യങ്ങൾക്കുള്ള ഉത്തരങ്ങൾക്ക് ചോയ്സ് വെട്ടി കുറച്ചതാണ് പുതിയ പ്രശ്‍നം. ഫോക്കസ് ഏരിയയിൽ നിന്നുള്ള ചോദ്യം കുറച്ചതിന് പിന്നാലെ ഉള്ള പുതിയ നീക്കം വഴി മുഴുവൻ മാർക്ക് കിട്ടാൻ കുട്ടികൾക്ക് കൂടുതൽ പാടു പെടേണ്ടി വരും.
വിവിധ പാർട്ടുകളായുള്ള ചോദ്യ പേപ്പറിൽ തന്നെ എ, ബി എന്നിങ്ങിനെ ഉപവിഭാഗങ്ങൾ ഉണ്ട്. പാർട്ട് ഒന്നിൽ എ വിഭാഗം ഫോക്കസ് ഏരിയയിൽ നിന്നുള്ള ചോദ്യങ്ങളും പാർട്ട് ബി ഫോകസ് ഏരിയക്ക് പുറത്തെ ചോദ്യങ്ങളുമാണ്. എ പാർട്ടിൽ 6 ചോദ്യങ്ങളിൽ നാലെണ്ണത്തിനുള്ള ഉത്തരമെഴുതിയാൽ മതി. അങ്ങനെ ഇഷ്ടമുള്ളത് തെരെഞ്ഞെടുക്കാനുള്ള ചോയ്സുണ്ട്. എന്നാൽ ബി വിഭാഗം നോൺ ഫോക്കസ് ഏരിയയിൽ നിന്നുള്ള നാല് ചോദ്യങ്ങൾക്ക് ചോയ്സ് ഒന്നും ഇല്ല. അതായത് ഒരു ചോദ്യത്തിന് ഉത്തരം തെറ്റിയാൽ അതിന്റെ മാർക്ക് പോകും. പാർട്ട് രണ്ടിലെ നോൺ ഫോക്കസ് ഏരിയയിൽ മൂന്നു ചോദ്യങ്ങളിൽ രണ്ടെണ്ണം എഴുതണം. പാർട്ട് രണ്ടിലെയും ഫോക്കസ് ഏരിയയിൽ ചോദ്യങ്ങൾക്ക് ചോയ്സ് ഉണ്ട്.
കൂടുതൽ ചോയ്സ് നൽകേണ്ടിയിരുന്നത് നോൺ ഫോകസ് ഏരിയയിലായിരുന്നുവെന്നാണ് അധ്യാപകരടക്കം ചൂണ്ടിക്കാട്ടുന്നത്. നിലവിലെ ഈ ഘടന വഴി എ ഗ്രേഡും എ പ്ലസും നേടാൻ കുട്ടികൾ വല്ലാതെ ബുദ്ധിമുട്ടും. ഫോക്കസ് ഏരിയക്ക് പുറത്തു കൂടുതൽ ഉത്തരങ്ങൾക്ക് ചോയ്സ് നൽകുന്നതിൽ ശാസ്ത്രീയ പ്രശ്‍നം ഉണ്ടെന്നാണ് വിദ്യാഭ്യാസ വകുപ്പ് വിശദീകരണം. മാർക്ക് വല്ലാതെ കുറഞ്ഞാൽ അപ്പോൾ ബദൽ മാർഗം ആലോചിക്കാമെന്നും ഉദ്യോഗസ്ഥർ പറയുന്നു. മുൻ വർഷത്തെ പോലെ ഇഷ്ടം പോലെ എ പ്ലസ് വേണ്ടെന്ന ധാരണയുടെ അടിസ്ഥാനത്തിൽ തന്നെയാണ് ചോദ്യ ഘടന കടുപ്പിക്കുന്നത്.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam