പിരിച്ച നികുതി കീശയിലാക്കി ജീവനക്കാർ, പരാതി നൽകാതെ കോഴിക്കോട് കോർപറേഷൻ; പ്രതിഷേധവുമായി യുഡിഎഫ്

By Web TeamFirst Published Nov 19, 2022, 3:46 PM IST
Highlights

കെട്ടിട ഉടമയിൽ നിന്ന് 1140 രൂപ നികുതി പിരിച്ച് രസീതി നൽകി. ഓഫീസ് രേഖകളിൽ രേഖപ്പെടുത്തിയത് 114 രൂപ മാത്രം

കോഴിക്കോട്: കോർപ്പറേഷനിൽ കെട്ടിട നമ്പർ ക്രമക്കേടിന് പിന്നാലെ റവന്യൂ വിഭാഗത്തിൽ സാമ്പത്തിക തട്ടിപ്പും കണ്ടെത്തി. നികുതി പിരിവിന്‍റെ മറവില്‍ രണ്ട് താത്കാലിക ജീവനക്കാർ പണം തട്ടിയതായായാണ് കണ്ടെത്തിയത്. സമഗ്രമായ അന്വേഷണം ആവശ്യപ്പെട്ട് യുഡിഎഫ് കൗൺസിലർമാർ തദ്ദേശ ഭരണ വകുപ്പ് റീജിയണൽ ഡയറക്ടർക്ക് പരാതി നൽകി.

നികുതി പിരിക്കുമ്പോൾ കെട്ടിട ഉടമയ്ക്ക് നൽകുന്ന രശീതിലും ഓഫീസിൽ എൻട്രി ചെയ്യുന്ന തുകയും തമ്മിലുളള പൊരുത്തക്കേടുകൾ പരിശോധിച്ചപ്പോഴാണ് തട്ടിപ്പ് പുറത്തറിഞ്ഞത്. നികുതി പിരിച്ചെടുത്ത കണക്കിലെ വ്യത്യാസം ശ്രദ്ധയിൽപ്പെട്ടപ്പോൾ രണ്ട് താത്ക്കാലിക ജീവനക്കാർക്ക് പിടിവീണു. 1140 രൂപയുടെ നികുതിപ്പണം പിരിച്ച് ഉടമയ്ക്ക് ആ തുകക്കുളള റസീറ്റ് നൽകി. എന്നാൽ ഓഫീസിലെ കംപ്യൂട്ടറിൽ രേഖപ്പെടുത്തിയതാകട്ടെ, 114 രൂപയും. അതായത് ഒരു രസീതിയിൽത്തന്നെ ആയിരം രൂപയിലേറെ വെട്ടിച്ചു. ഇത്തരത്തിൽ വൻ ക്രമക്കേട് നടന്നിട്ടുണ്ടെന്നും മേൽനോട്ട ചുമതല വഹിക്കുന്ന സെക്രട്ടറിയുൾപ്പെടെ ഇതിന് കൂട്ടുനിൽക്കുന്നുവെന്നുമാണ് പ്രതിപക്ഷ കൗൺസിലർമാരുടെ ആരോപണം.

നികുതിയിനത്തിലെ പൊരുത്തക്കേടുകൾ കോർപ്പറേഷൻ ഓഡിറ്റ് റിപ്പോർട്ടിൽ അക്കമിട്ട് നിരത്തിയിരുന്നു. അഴിമതി സാധ്യത പരിശോധിക്കാൻ നിർദ്ദേശവുമുണ്ടായിരുന്നു. ഇത് മുഖവിലക്കെടുക്കാത്തതും തിരിച്ചടിയായെന്നാണ് വിലയിരുത്തൽ. സംഭവം വിവാദമായതോടെ, മേയറുടെഅധ്യക്ഷതയിൽ കോർപ്പറേഷൻ ഉദ്യോഗസ്ഥരുടെ അടിയന്തര യോഗം ചേർന്നു. ഇതുവരെ ആകേ 9 റസീറ്റുകളിൽ മാത്രമാണ് ക്രമക്കേട് കണ്ടെത്തിയത്. 5000 രൂപ ഇത്തരത്തിൽ നഷ്ടമായെന്നും തട്ടിപ്പ് നടത്തിയ താത്ക്കാലിക ജീവനക്കാരെ ഒഴിവാക്കിയെന്നും മേയര്‍. സാമ്പത്തിക തട്ടിപ്പ് നടന്നെന്ന് വ്യക്തമായിട്ടും ഇതുവരെ കോർപ്പറേഷൻ പൊലീസിൽ പരാതി നൽകിയിട്ടില്ലെന്നതാണ് വിചിത്രം

click me!