സിൽവർലൈൻ വിവരക്കേട്, പദ്ധതി ഉപേക്ഷിക്കുന്നതിൽ സന്തോഷമെന്ന് ഇ ശ്രീധരൻ

By Web TeamFirst Published Nov 19, 2022, 3:45 PM IST
Highlights

സിൽവർലൈൻ പദ്ധതി വിവരക്കേടാണെന്നും മുഖ്യമന്ത്രിയെ ആരോ തെറ്റിദ്ധരിപ്പിച്ചതാണെന്നും അദ്ദേഹം വ്യക്തമാക്കി.

തിരുവനന്തപുരം : സിൽവർലൈൻ പദ്ധതി കേരള സർക്കാർ ഉപേക്ഷിക്കുന്നതിൽ സന്തോഷമെന്ന് ഇ ശ്രീധരൻ. സർക്കാർ ഇപ്പോൾ രൂപീകരിച്ച പദ്ധതി നടക്കാൻ പോകുന്നില്ല. പദ്ധതി നടക്കില്ലെന്നും പദ്ധതിക്ക് അനുമതി ലഭിക്കില്ലെന്നും താൻ നേരത്തേ പറയുന്നതാണെന്നും ശ്രീധരൻ പറഞ്ഞു. പദ്ധതി വന്നാൽ കേരളത്തിന് വലിയ ആഘാതമുണ്ടാകും. രൂപരേഖ ആദ്യാവസാനം മാറ്റി കൊണ്ടുവന്നാൽ ഒരു പുതിയ പദ്ധതിയായി അനുമതി ലഭിച്ചേക്കാം. സിൽവർലൈൻ പദ്ധതി വിവരക്കേടാണെന്നും മുഖ്യമന്ത്രിയെ ആരോ തെറ്റിദ്ധരിപ്പിച്ചതാണെന്നും അദ്ദേഹം വ്യക്തമാക്കി. പലതവണ സിൽവൈർലൈനിന്റെ ദോഷം പറഞ്ഞ് താൻ മുഖ്യമന്ത്രിക്ക് കത്തെഴുതി. എന്നാൽ പദ്ധതി നടക്കും എന്ന മറുപടിയാണ് അപ്പോഴെല്ലാം ലഭിച്ചത്. സിൽവർലൈൻ സാങ്കേതികമായി സാധ്യമായ പദ്ധതിയല്ലെന്നും ഇ ശ്രീധരൻ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. 

പ്രതിഷേധങ്ങള്‍ക്കൊടുവില്‍ സില്‍വര്‍ലൈന്‍ പദ്ധതി തത്കാലം ഉപേക്ഷിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചിരിക്കുകയാണ്. പദ്ധതിയുടെ സാമൂഹികാഘാത പഠനം വീണ്ടും തുടങ്ങില്ല. പദ്ധതിക്ക് നിയോഗിച്ച റവന്യൂ ഉദ്യോഗസ്ഥരെ തിരിച്ചുവിളിക്കും. പതിനൊന്ന് ജില്ലകളിലായി 205 ഉദ്യോഗസ്ഥരെയാണ് നിയോഗിച്ചിട്ടുള്ളത്. തുടര്‍നടപടികള്‍ കേന്ദ്ര അനുമതി ഉണ്ടെങ്കില്‍ മാത്രം മതിയന്നാണ് രാഷ്ട്രീയ തീരുമാനം. വ്യാപക എതിര്‍പ്പിനെ തുടര്‍ന്നാണ് സിൽവര്‍ ലൈൻ മരവിപ്പിക്കുന്നത്. സില്‍വര്‍ലൈന്‍ ഉപേക്ഷിക്കാനുള്ള തീരുമാനം സ്വാഗതാര്‍ഹമെന്ന് സമരസമിതി പറഞ്ഞു. സമരക്കാര്‍ക്ക് എതിരെ എടുത്ത കേസുകള്‍ പിന്‍വലിക്കണമെന്നും സമരസമതി ആവശ്യപ്പെട്ടു.

Read More : കുട്ടികളെ കൈയിലെടുക്കാൻ കെ റെയിൽ;  സ്കൂൾ വിദ്യാർഥികൾക്കായി സിംപോസിയം

click me!