
ബംഗളൂരു: കൊച്ചിയിലെ ഗിന്നസ് പരിപാടിക്കിടെ പരിക്കേറ്റ് ചികിത്സയിൽ കഴിയുന്ന ഉമ തോമസ് എംഎൽഎയുടെ ആരോഗ്യനിലയിൽ മികച്ച പുരോഗതി. ശരീരം ചലിപ്പിച്ചെന്നും ചുണ്ടുകൾ അനക്കി പുതുവത്സരാശസ നേർന്നെന്നും ഡോക്ടർമാർ. എന്നാൽ വെന്‍റിലേറ്റർ സൗകര്യം തുടരാനാണ് നിലവിൽ തീരുമാനം.
പുതുവർഷത്തിൽ ഉമ തോമസിന്‍റെ ആരോഗ്യസ്ഥിതിയെക്കുറിച്ച് തികച്ചും ശുഭകരമായ വാർത്തകളാണ് രാവിലെ മുതൽ പുറത്തുവന്നത്. ആരോഗ്യനിലയിൽ പുരോഗതി എന്ന ഫേസ്ബുക്ക് പോസ്റ്റ് പ്രതീക്ഷയും ആശ്വാസവും നൽകുന്നതായിരുന്നു. എംഎൽഎയുടെ അഡ്മിൻ ടീമംഗങ്ങളാണ് പോസ്റ്റ് ഇട്ടത്. ശരീരം മുഴുവൻ ചലിപ്പിച്ചുവെന്നും പ്രാർത്ഥനകൾ തുടരണമെന്നും പോസ്റ്റ്. മെഡിക്കൽ ബോർഡ് യോഗത്തിന് ശേഷം ഡോക്ടർമാർ ഇത് സ്ഥിരീകരിച്ചു. ഏവർക്കും ഉമ തോമസ് നേർത്ത ശബ്ദത്തിൽ ഹാപ്പി ന്യൂ ഇയർ പറഞ്ഞുവെന്ന് ഡോക്ടർ മാധ്യമങ്ങളോട് പറഞ്ഞു. ഇന്നലേത്തേതിനേക്കാൾ ആരോഗ്യനില മെച്ചപ്പെട്ടു. എന്നാൽ വെന്‍റിലേറ്റർ സൗകര്യം കുറച്ചു ദിവസങ്ങൾ കൂടി തുടരും.
തലയിലെ മുറിവ് ഭേദപ്പെട്ട് വരുന്നു. ആളുകളെ എംഎൽഎ തിരിച്ചറിയുന്നുണ്ടെന്നും ഡോക്ടർമാർ. ശരീരത്തിന് വേദനയുണ്ട്, അത് സ്വാഭാവികമാണ്. പുറത്തു വരുന്ന സൂചനകൾ എല്ലാം പോസിറ്റീവാണെന്നും അപകടമുണ്ടാക്കിയ വീഴ്ചയുടെ കാര്യം ഉമ തോമസിന് ഓർമ്മയില്ല എന്നും ഡോക്ടർമാർ പറഞ്ഞു.
അതേസമയം, അപകടവുമായി ബന്ധപ്പെട്ട് എടുത്ത കേസിൽ മൃദംഗവിഷൻ എംഡി അടക്കം അഞ്ച് പേരെ പ്രതി ചേർത്തിട്ടുണ്ട്. ഇന്നലെ അറസ്റ്റിലായ മൂന്ന് പേർക്ക് കോടതി ഇടക്കാല ജാമ്യം അനുവദിച്ചു. മുൻകൂർ ജാമ്യപേക്ഷയുമായി ഹൈക്കോടതിയെ സമീപിച്ച മൃദംഗ വിഷൻ എംഡി നിഗോഷ് കുമാർ, ഓസ്കാർ ഇവന്റ് ചുമതലക്കാരൻ ജിനേഷ് കുമാർ എന്നിവരോട് വ്യാഴാഴ്ച അന്വേഷണ ഉദ്യോഗസ്ഥന് മുന്നിൽ ഹാജരാകാൻ കോടതി നിർദേശിച്ചു.
അതേസമയം, നൃത്തപരിപാടിയുടെ സ്പോൺസർമാരായ കല്യാൺ സിൽക്സ് അടക്കമുള്ളവരുടെ മൊഴിയെടുക്കും. നർത്തകരുടെ വസ്ത്രത്തിന്റെ പേരിൽ പണപ്പിരിവ് നടത്തിയത് തങ്ങൾ വൈകിയാണ് അറിഞ്ഞതെന്ന് കല്യാൺ സിൽക്സ് വാർത്താഗ്രൂപ്പിലൂടെ അറിയിച്ചിരുന്നു. ഈ സാഹചര്യത്തിലാണ് കല്യാൺ സിൽക്സ് അടക്കമുള്ള സ്പോൺസർമാരെ കാണുന്നത്. ടിക്കറ്റ് വെച്ച് നടത്തിയ പരിപാടിയിൽ ബുക്ക് മൈ ഷോയിൽ നിന്നും പൊലീസ് വിവരങ്ങൾ തേടും. സംഭവത്തില്‍ ദിവ്യ ഉണ്ണിയുടെ മൊഴി അടുത്ത ദിവസം രേഖപ്പെടുത്തും. നടൻ സിജോയ് വർഗീസിനെയും വിളിപ്പിക്കും.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam