'ഇരന്നുവാങ്ങിയ മരണം എന്ന് പറഞ്ഞ് കൊലയാളികളെ അന്ന് ന്യായീകരിച്ചില്ലേ..'; രാഷ്ട്രീയ പക്വത വേണമെന്ന് ജയരാജൻ

By Web TeamFirst Published Jun 26, 2022, 5:04 PM IST
Highlights

'ഇരന്നുവാങ്ങിയ മരണം' എന്നായിരുന്നില്ലേ കൊലയാളികളെ ന്യായീകരിച്ച് കെപിസിസി പ്രസിഡന്റ് അന്ന് പറഞ്ഞത്. ഒരു വിദ്യാർത്ഥിയുടെ ജീവൻ നഷ്ടമായ ഘട്ടത്തിലും മനുഷ്യത്വരഹിതമായി കൊലയാളികൾക്ക് വേണ്ടി ശബ്ദിച്ചതാണ് കെപിസിസി പ്രസിഡന്റിന്റെ പക്വത

കണ്ണൂർ: വയനാട് എംപി ഓഫീസിന് നേർക്കായാലും മുഖ്യമന്ത്രിക്ക് നേരെ നടന്ന അതിക്രമമായാലും തള്ളിപ്പറയാനുള്ള രാഷ്ട്രീയ പക്വത കാണിക്കാൻ കോൺ​​ഗ്രസിന് സാധിക്കണമെന്ന് സിപിഎം നേതാവ് എം വി ജയരാജൻ. രാഹുൽ ​ഗാന്ധിയുടെ ഓഫീസ് ആക്രമിക്കപ്പെട്ട വാർത്ത കണ്ടയുടനെ എസ്എഫ്ഐ സംസ്ഥാന നേതൃത്വം ആ വിഷയത്തെ തള്ളിപ്പറഞ്ഞു എന്ന് മാത്രമല്ല, അന്വേഷിച്ച് നടപടി സ്വീകരിക്കുമെന്നും അറിയിച്ചു. സിപിഎം നേതൃത്വം ഉൾപ്പടെ പൊതുവിൽ എല്ലാവരും ആ അതിക്രമത്തെ തള്ളിപ്പറഞ്ഞതുമാണ്. അതാണ് ശരിയായ ഇടപെടൽ.

എന്നാൽ, എസ്എഫ്ഐ പ്രവർത്തകനായ ധീരജ് കൊല്ലപ്പെട്ടപ്പോൾ കെപിസിസി പ്രസിഡന്റിന്റെ പ്രസ്താവന എന്തായിരുന്നുവെന്ന് ജയരാജൻ ചോദിച്ചു. 'ഇരന്നുവാങ്ങിയ മരണം' എന്നായിരുന്നില്ലേ കൊലയാളികളെ ന്യായീകരിച്ച് കെപിസിസി പ്രസിഡന്റ് അന്ന് പറഞ്ഞത്. ഒരു വിദ്യാർത്ഥിയുടെ ജീവൻ നഷ്ടമായ ഘട്ടത്തിലും മനുഷ്യത്വരഹിതമായി കൊലയാളികൾക്ക് വേണ്ടി ശബ്ദിച്ചതാണ് കെപിസിസി പ്രസിഡന്റിന്റെ പക്വത. വിമാനത്തിൽ മുഖ്യമന്ത്രിക്ക് നേരെ നടന്ന ആക്രമണശ്രമത്തെ സകലരും തള്ളിപ്പറഞ്ഞപ്പോഴും കെപിസിസി പ്രസിഡന്റ് പറഞ്ഞതെന്താണെന്നതും കേരളത്തിന്‌ മൂന്നിലുണ്ട്. അത് കുറ്റവാളികളായ യൂത്ത് കോൺഗ്രസ് നേതാക്കളെ സംരക്ഷിക്കുമെന്നായിരുന്നുവെന്നും ജയരാജൻ ചൂണ്ടിക്കാട്ടി.

എസ്എഫ്ഐ ആര്‍എസ്എസിന് വിടുപണി ചെയ്യുന്നു, മുഖ്യമന്ത്രി കുഞ്ഞിരാമന്‍മാരെ കൊണ്ട് ചുടുചോറ് വാരിക്കുന്നു: കെ എസ് യു

വിമാനത്തിനുള്ളിൽ ഇത്തരം കാര്യങ്ങൾ ആരും പ്രോത്സാഹിപ്പിച്ചുകൂടാത്തതാണ്. എന്നാൽ അവിടെയും മാതൃകാപരമായി നിലപാട് സ്വീകരിക്കാൻ കോൺഗ്രസ് തയ്യാറായോയെന്നും ജയരാജൻ ചോദിച്ചു. വയനാട് എംപി രാഹുൽ ​ഗാന്ധിയുടെ ഓഫീസ് ആക്രമിക്കപ്പെട്ട സംഭവത്തെ അപലപിക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. അതേസമയം, രാഹുൽ ഗാന്ധിയുടെ ഓഫീസ് ആക്രമണത്തിൽ നേരിട്ട് പങ്കെടുത്ത എസ്എഫ്ഐ പ്രവർത്തകരെല്ലാം ഇതിനോടകം അറസ്റ്റിലായതായി അന്വേഷണ സംഘം ഇന്ന് അറിയിച്ചു. സമരത്തിൽ പങ്കെടുത്ത മറ്റുള്ളവരെ ഉടൻ കസ്റ്റഡിയിലേടുക്കേണ്ടെന്നാണ് തീരുമാനം.  

Read Also: ദേശാഭിമാനി ഓഫീസ് ആക്രമണം: കെഎസ് യു നേതാക്കളടക്കം 50 പേർക്കെതിരെ കേസ് 

പ്രതി ചേർക്കേണ്ടത് കോൺഗ്രസുകാർ ചൂണ്ടിക്കാണിക്കുന്നവരെ അല്ലെന്നായിരുന്നു അന്വേഷണത്തെ കുറിച്ച് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍റെ പ്രതികരണം. രാഹുൽ ഗാന്ധിയുടെ ഓഫീസ് ആക്രമണത്തിൽ 29 എസ്എഫ്ഐ പ്രവർത്തകരാണ് ഇതുവരെ റിമാൻഡിലായത്. എസ്എഫ്ഐ ജില്ലാ പ്രസിഡന്‍റ് ജോയൽ ജോസഫ്, സെക്രട്ടറി ജിഷ്ണു ഷാജി, 3 വനിതാ പ്രവർത്തകരടക്കം 14 ദിവസം റിമാൻഡിലാണ്. ഓഫീസിൽ അതിക്രമിച്ച് കയറി ആക്രമണത്തിന് നേതൃത്വം നൽകിയ എല്ലാവരെയും അറസ്റ്റ് ചെയ്തെന്നാണ് അന്വേഷണ സംഘം അറിയിക്കുന്നത്. ഇവർക്കെതിരെ ജാമ്യമില്ലാ വകുപ്പുകൾ പ്രകാരം കേസെടുത്തു. 

പെട്ടിക്കട കൊള്ളയടിക്കുന്നത് എന്തിനാണ്? രാഹുലിൻ്റെ ഓഫീസിനെതിരായ ആക്രമണത്തിൽ കെ.സുരേന്ദ്രൻ

click me!