
തൃശ്ശൂർ: തദ്ദേശ തെരഞ്ഞെടുപ്പിലെ രണ്ടാം ഘട്ട പോളിങിൽ ഏഴ് മണിക്ക് മുൻപ് മന്ത്രി എ സി മൊയ്തീൻ വോട്ട് രേഖപ്പെടുത്തിയെന്ന ആരോപണത്തില്‍ പ്രതികരിച്ച് സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷണർ വി ഭാസ്കര്‍. സംഭവത്തെ കുറിച്ച് പരാതി കിട്ടിയാൽ പരിശോധിക്കുമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷൻ അറിയിച്ചു. മന്ത്രി 6.55 ന് വോട്ട് ചെയ്തതാണ് വിവാദമായത്.
തൃശ്ശൂരിലെ തെക്കുംകര പനങ്ങാട്ടുകരയിലെ പോളിങ് ബൂത്തിലാണ് മന്ത്രി എ സി മൊയ്തീൻ വോട്ട് രേഖപ്പെടുത്താനെത്തിയത്. സ്ഥിരമായി തെരഞ്ഞെടുപ്പിൽ തന്റെ ബൂത്തിലെ ആദ്യ വോട്ടറായി മന്ത്രി മാറാറുണ്ട്. ഇത്തവണയും ആദ്യം വോട്ട് രേഖപ്പെടുത്താൻ മന്ത്രി മൊയ്തീൻ ക്യൂവിലുണ്ടായിരുന്നു. രാവിലെ 6.40 ന് മന്ത്രി ബൂത്തിലെത്തി ക്യൂ നിന്നു. വരിയിലെ ഒന്നാമനും മന്ത്രിയായിരുന്നു. ഒരുക്കങ്ങൾ പൂർത്തിയായ ശേഷം പോളിങ് ഉദ്യോഗസ്ഥർ മന്ത്രിയോട് വോട്ട് രേഖപ്പെടുത്താൻ ആവശ്യപ്പെട്ടു. മന്ത്രി ബൂത്തിൽ കയറി വോട്ട് രേഖപ്പെടുത്തുകയും ചെയ്തു. പക്ഷെ പോളിങ് തുടങ്ങേണ്ട ഏഴ് മണിക്ക് പിന്നെയും മിനിറ്റുകൾ ബാക്കിയുണ്ടായിരുന്നു.
എന്നാൽ ഈ സമയത്ത് ബൂത്തിലുണ്ടായിരുന്ന പോളിങ് ഏജന്റുമാരോ മറ്റാരെങ്കിലുമോ ഇതിൽ ഏതെങ്കിലും തരത്തിൽ എതിർപ്പറിയിച്ചില്ല. മന്ത്രി ബൂത്ത് വിട്ട പോയ ശേഷം ഇക്കാര്യം വാർത്തയായതോടെ വടക്കാഞ്ചേരി എംഎൽഎ അനിൽ അക്കര മന്ത്രിക്കെതിരെ രംഗത്തെത്തി. മന്ത്രി മൊയ്‌തീനെതിരെ നടപടി സ്വീകരിക്കണം. 6.55നാണ് പഞ്ചായത്ത് വകുപ്പ് മന്ത്രി തെക്കുംകര കല്ലമ്പാറ ബൂത്തിൽ വോട്ട് ചെയ്തത്. തെരഞ്ഞെടുപ്പ് കമ്മീഷൻ നടപടി സ്വീകരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam