കേന്ദ്ര ഏജൻസികൾക്കെതിരെ അന്വേഷണവുമായി സർക്കാർ മുന്നോട്ട്, വിജ്ഞാപനമായി

By Web TeamFirst Published May 10, 2021, 3:30 PM IST
Highlights

ആറു മാസമാണ് കമ്മീഷന്‍റെ കാലാവധി. സ്വർണ്ണക്കടത്തിലും ഡോളർ കടത്തിലും വിവിധ കേന്ദ്ര ഏജൻസികൾ സംസ്ഥാന സർക്കാറിനെ വരിഞ്ഞ് മുറുക്കിയപ്പോൾ പ്രതിരോധം എന്ന നിലക്കാണ് സംസ്ഥാനം തിരിച്ചും അന്വേഷണം പ്രഖ്യാപിച്ചത്. 

തിരുവനന്തപുരം: സ്വർണ്ണക്കടത്തിൽ കേന്ദ്ര ഏജൻസികൾക്കെതിരായ ജുഡീഷ്യൽ അന്വേഷണവുമായി സംസ്ഥാന സർക്കാർ മുന്നോട്ട്. മുഖ്യമന്ത്രിയെയും മന്ത്രിമാരെയും സ്പീക്കറെയും പ്രതി ചേർക്കാൻ ഗൂഡാലോചന നടന്നോ, പിന്നിൽ ആരൊക്കെ എന്നതടക്കമുള്ള കാര്യങ്ങൾ പരിഗണനാ വിഷയമാക്കി സർക്കാർ വിജ്ഞാപനം പുറത്തിറക്കി.

സ്വർണ്ണക്കടത്ത് വിവാദത്തിൽ കേന്ദ്രവുമായുള്ള ഏറ്റുമുട്ടലിൽ ഒരു വിട്ടുവീഴ്ചയ്ക്കും സംസ്ഥാനസർക്കാർ തയ്യാറല്ല എന്നാണ് ഈ നടപടിയിലൂടെ സൂചിപ്പിക്കുന്നത്. തെരഞ്ഞെടുപ്പിന് മുമ്പ് ദേശീയ അന്വേഷണ ഏജൻസികൾക്കെതിരെ ജുഡീഷ്യൽ അന്വേഷണം പ്രഖ്യാപിച്ച സർക്കാരിന്‍റെ അസാധാരണ നടപടി വലിയ ചർച്ചയായിരുന്നു. കമ്മീഷന്‍റെ പരിഗണനാ വിഷയങ്ങൾ നിശ്ചയിച്ച് സർക്കാർ വിജ്ഞാപനം ഇറക്കി. മുഖ്യമന്ത്രിയെ പ്രതിചേർക്കാൻ ഗൂഡാലോചന നടന്നുവെന്ന സ്വപ്നാ സുരേഷിന്‍റെ ശബ്ദരേഖ, മന്ത്രിമാരെയും സ്പീക്കറെയും പ്രതിയാക്കാൻ ശ്രമം ഉണ്ടായെന്ന് കാണിച്ച് സന്ദീപ് നായർ എറണാകുളം ജില്ലാ സെഷൻസ് ജഡ്ജിക്ക് കത്ത് നൽകിയത് എന്നിവയാണ്  ജസ്റ്റിസ് വി കെ മോഹൻ കമ്മീഷന്‍റെ പരിഗണനാ വിഷയങ്ങൾ. കേസിൽ ഉന്നത നേതാക്കളെ പ്രതിചേർക്കാൻ ഗൂഡാലോചന നടന്നെങ്കിൽ ഇതിന് പിന്നിൽ ആരാണെന്നും കണ്ടെത്തണമെന്നതും കമ്മീഷന്‍റെ മുന്നിലുണ്ട്. 

ആറു മാസമാണ് കമ്മീഷന്‍റെ കാലാവധി. സ്വർണ്ണക്കടത്തിലും ഡോളർ കടത്തിലും വിവിധ കേന്ദ്ര ഏജൻസികൾ സംസ്ഥാന സർക്കാറിനെ വരിഞ്ഞുമൂറുക്കിയപ്പോൾ പ്രതിരോധം എന്ന നിലക്കാണ് സംസ്ഥാനം തിരിച്ചും അന്വേഷണം പ്രഖ്യാപിച്ചത്. തെരഞ്ഞെടുപ്പ് കാലത്ത് സർക്കാർ സ്വീകരിച്ച ആ നിലപാട് ജനങ്ങൾക്കിടയിൽ കേന്ദ്ര ഏജൻസികളുടെ നടപടിയെ സംശയത്തിന്‍റെ നിഴലിലാക്കാൻ ഇത് സഹായിച്ചെന്നാണ് സർക്കാർ വിലയിരുത്തൽ. സമാന വിഷയത്തിൽ ഇഡിക്കെതിരായെ ക്രൈം ബ്രാഞ്ച് അന്വേഷണം തുടരുന്നതിനിടെയാണ് ജൂഡീഷ്യൽ അന്വേഷണ നടപടിയും വേഗത്തിലാക്കുന്നത്.

click me!