
ആലപ്പുഴ: തോമസ് ചാണ്ടിക്കെതിരായ മാര്‍ത്താണ്ഡം കായല്‍ കേസ് സര്‍ക്കാര്‍ അട്ടിമറിച്ചതിന്റെ തെളിവുകൾ പുറത്ത്. സര്‍വ്വേ പൂര്‍ത്തിയാക്കിയ വിവരം ഹൈക്കോടതിയെ അറിയിക്കാതെ സ്റ്റേറ്റ് അറ്റോര്‍ണി പൂഴ്ത്തിയെന്ന് ആലപ്പുഴ മുന്‍ കലക്ടര്‍ ടിവി അനുപമയുടെ കത്തിൽ പറയുന്നു. നിര്‍ദ്ദേശം പാലിക്കാത്ത സ്റ്റേറ്റ് അറ്റോര്‍ണിയുടെ നടപടി കേസിന്‍റെ വിധിയെ തന്നെ ബാധിച്ചെന്നും സര്‍ക്കാരിനും എജിക്കും നല്‍കിയ കത്തില്‍ വ്യക്തമാക്കി.
സിപിഐ നേതാവും മന്ത്രിയുമായ ഇ ചന്ദ്രശേഖരന്‍ തോമസ്ചാണ്ടി കേസ് രഞ്ജിത് തമ്പാന്‍ വാദിക്കണമെന്നാവശ്യപ്പെട്ട് എജിക്ക് കത്ത് നല്‍കിയിരുന്നു. എജി കത്ത് പരിഗണിച്ചില്ലെന്ന് മാത്രമല്ല റവന്യൂ മന്ത്രിക്കെതിരെ പ്രസ്താവനയുമിറക്കി. വിവാദങ്ങള്‍ക്കൊടുവില്‍ തോമസ്ചാണ്ടിക്കെതിരായ കേസുകള്‍ വാദിക്കാന്‍ മുഖ്യമന്ത്രി പിണറായി വിജയന്‍റെ വിശ്വസ്തനായ സര്‍ക്കാര്‍ അഭിഭാഷകന്‍ സ്റ്റേറ്റ് അറ്റോര്‍ണി കെവി സോഹനെ ചുമതലപ്പെടുത്തി. വിവാദമായ മാര്‍ത്താണ്ഡം കായല്‍ കേസ് സ്റ്റേറ്റ് അറ്റോര്‍ണി കെവി സോഹന്‍ അട്ടിമറിച്ചെന്ന് തെളിയിക്കുന്ന കത്താണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്.
കഴിഞ്ഞ മാര്‍ച്ച് ആറിന് അന്നത്തെ ആലപ്പുഴ കലക്ടര്‍ ടിവി അനുപമ സര്‍ക്കാരിനും അഡ്വക്കേറ്റ് ജനറലിനും കൊടുത്ത കത്തില്‍ തോമസ്ചാണ്ടിയുടെ നിയമലംഘനങ്ങള്‍ അന്വേഷിച്ച് സര്‍ക്കാരിന് റിപ്പോര്‍ട്ട് നല്‍കിയ ടിവി അനുപമ ഇങ്ങനെ പറയുന്നു. മാര്‍ത്താണ്ഡം കായലില്‍ സര്‍ക്കാര്‍ ഭൂമി കയ്യേറി നികത്തിയത് അളന്ന് തിട്ടപ്പെടുത്താനുള്ള സര്‍വ്വേ പൂര്‍ത്തിയാക്കി നടപടി തുടങ്ങിയ വിവരം 11.01.2018 ന് സര്‍ക്കാര്‍ അഭിഭാഷകനായ സ്റ്റേറ്റ് അറ്റോര്‍ണിയെ അറിയിച്ചിരുന്നു. എന്നാല്‍ മാര്‍ത്താണ്ഡം കായല്‍ വിധി വന്നത് 17.01.2018 നാണ്.
പക്ഷേ കോടതി വിധിയില്‍ ഇങ്ങനെ പറയുന്നു. വിധി പകര്‍പ്പ് കിട്ടിക്കഴിഞ്ഞ് മൂന്ന് മാസത്തിനുള്ളില്‍ മാര്‍ത്താണ്ഡം കായലില്‍ സര്‍വ്വേ പൂര്‍ത്തിയാക്കി ബന്ധപ്പെട്ടവര്‍ക്കെതിരെ നടപടിയെടുക്കണം. ജില്ലാ കലക്ടര്‍ സര്‍വ്വേ പൂര്‍ത്തിയാക്കിയില്ലെന്ന് വിധിയില്‍ ഉള്‍പ്പെട്ടത് സ്റ്റേറ്റ് അറ്റോര്‍ണിക്ക് ജില്ലാ കലക്ടര്‍ കൊടുത്ത നിര്‍ദ്ദേശത്തിന് എതിരായാണ്. അതുകൊണ്ട് സ്റ്റേറ്റ് അറ്റോര്‍ണി കെവി സോഹന് പകരം മറ്റൊരു സര്‍ക്കാര്‍ അഭിഭാഷകനെ ഹാജരാക്കി മാര്‍ത്താണ്ഡം കായല്‍ കേസ് വിധിക്കെതിരെ സര്‍ക്കാര്‍ അപ്പീല്‍ പോകാനുള്ള സാധ്യത പരിശോധിക്കണം. ജില്ലാ കലക്ടറുടെ കത്ത് പരിഗണിച്ച് ഇന്നുവരെ അപ്പീല്‍ കൊടുത്തില്ലെന്ന് മാത്രമല്ല സ്റ്റേറ്റ് അറ്റോര്‍ണി സോഹനെ മാറ്റുന്നതിന് പകരം ആലപ്പുഴ കലക്ടറായിരുന്ന ടിവി അനുപമയെ തൃശൂരിലേക്ക് സ്ഥലം മാറ്റുകയാണ് സര്‍ക്കാര്‍ ചെയ്തത്.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam