പരിക്കേറ്റ അഫീലിനായി പ്രാർത്ഥനയോടെ കേരളം, അത്‍ലറ്റിക് ഫെഡറേഷന്‍റേത് ഗുരുതര വീഴ്ച

Published : Oct 05, 2019, 01:22 PM ISTUpdated : Oct 05, 2019, 01:44 PM IST
പരിക്കേറ്റ അഫീലിനായി പ്രാർത്ഥനയോടെ കേരളം, അത്‍ലറ്റിക് ഫെഡറേഷന്‍റേത് ഗുരുതര വീഴ്ച

Synopsis

വിദ്യാർത്ഥിക്ക് പരിക്കേറ്റതിൽ സംഘാടർക്ക് വീഴ്ച പറ്റിയതായി ആർഡിഒ. അത്‍ലറ്റിക് ഫെഡറേഷൻ മേളയിൽ സുരക്ഷ മാനദണ്ഡങ്ങൾ പാലിച്ചില്ലെന്നും ആർഡിഒ. 

പാലാ: പാലായിൽ കായിക മേളയ്ക്കിടെ ഹാമർ തലയിൽ വീണ് വിദ്യാർത്ഥിക്ക് പരിക്കേറ്റതിൽ സംഘാടർക്ക് വീഴ്ച പറ്റിയതായി ആർഡിഒ. അത്‍ലറ്റിക് ഫെഡറേഷൻ മേളയിൽ സുരക്ഷ മാനദണ്ഡങ്ങൾ പാലിച്ചില്ല. കളക്ടർക്ക് ഉടൻ റിപ്പോർട്ട് നൽകുമെന്നും ആർഡിഒ അറിയിച്ചു. കോട്ടയം മെഡിക്കൽ കോളേജിൽ ചികിത്സയിലുള്ള അഫീൽ ജോൺസന്‍റെ നില ഗുരുതരമായി തുടരുകയാണ്. 

ജൂനിയർ അത്‍ലറ്റിക് മീറ്റ് നടന്ന പാല സിന്തറ്റിക് സ്റ്റേഡിയം പരിശോധിച്ച ശേഷമാണ് മേളയുടെ സംഘാടനത്തിൽ അത്‍ലറ്റിക് ഫെഡറേഷന് വീഴ്ചയുണ്ടായതായി പാല ആർഡിഒ കണ്ടെത്തിയത്. ജാവലിൽ, ഹാമർ ത്രോ മത്സരങ്ങൾ ഒരേസമയം നടത്തിയതും രണ്ടിനും ഒരേ ഫിനിഷിംഗ് പോയന്‍റ് വച്ചതുമാണ് അപകടകാരണം.

അഫീലിന്‍റെ തലയിൽ ഹാമ‍ർ പതിക്കാനിടയായ സാഹചര്യത്തെക്കുറിച്ചും മേള നടത്തിപ്പിൽ അത്‍ലറ്റിക് ഫെഡറേഷന് പിഴവുണ്ടായോ എന്നതിനെ കുറിച്ചും പൊലീസ് അന്വേഷണവും പുരോഗമിക്കുയാണ്. കണ്ടാലറിയാവുന്ന പത്ത് സംഘാടകർക്കെതിരെ പൊലീസ് കേസെടുത്തു. അശ്രദ്ധമായി മേള സംഘടിപ്പിച്ചതിനാണ് ഫെഡഷേറൻ ഭാരവാഹികൾക്കെതിരെ കേസെടുത്തത്. ഫൊറൻസിംഗ് വിഭാഗവും ഇന്ന് സ്റ്റേഡിയത്തിലെത്തി തെളിവെടുത്തു. അപകടത്തിന്‍റെ പശ്ചാത്തലത്തിൽ ഇന്നും നാളെയും കൂടി നടക്കാനുണ്ടായിരുന്ന കായികമേള റദ്ദാക്കിയെന്ന് അത്‍ലറ്റിക് ഫെഡറേഷൻ അറിയിച്ചു. പുതുക്കിയ തീയതി പ്രഖ്യാപിച്ചിട്ടില്ല.

വിദ്യാർത്ഥിയുടെ നില ഗുരുതരമായി തുടരുന്നു

അപകടത്തിൽ പരിക്കേറ്റ പ്ലസ് വൺ വിദ്യാർത്ഥി അഫീൽ ജോൺസൻ കോട്ടയം മെഡിക്കൽ കോളേജിൽ തീവ്രപരിചരണ വിഭാഗത്തിൽ നിരീക്ഷണത്തിലാണ്. അഫീലിന്‍റെ തലയിൽ ഇന്നലെ ശസ്ത്രക്രിയ നടത്തിയിരുന്നു. 24 മണിക്കൂറിന് ശേഷമേ അഫീലിന്‍റെ അരോഗ്യനിലയെ കുറിച്ച് പ്രതികരിക്കാനാകൂ എന്ന് ഡോക്ടർമാർ അറിയിച്ചു. ഇതിനിടെ, അഫീലിന്‍റെ ചികിത്സയ്ക്കായി അഞ്ച് ലക്ഷം രൂപ നൽകുമെന്ന് പാല നഗരസഭ അറിയിച്ചു.

ഇന്നലെ ഉച്ചയ്ക്കാണ് അഫീലിന്‍റെ തലയിൽ ഹാമ‍ർ പതിച്ചത്. മേളയിലെ വളണ്ടിയറാരുന്ന അഫീൽ ഗ്രൗണ്ടിൽ നിന്ന് ജാവലിനുകൾ നീക്കം ചെയ്യുന്നതിനിടെ ഹാമർ വന്ന് വീഴുകയായിരുന്നു. സംഭവത്തിൽ വിദ്യാഭ്യാസ വകുപ്പ് റിപ്പോർട്ട് തേടിയിട്ടുണ്ട്. അഫീലിന് എല്ലാ ചികിത്സ സൗകര്യവും ഒരുക്കുമെന്ന് കായിക മന്ത്രാലയവും അറിയിച്ചിട്ടുണ്ട്. 

PREV
click me!

Recommended Stories

നടൻ ദിലീപിന് നീതി കിട്ടിയെന്ന് യുഡിഎഫ് കൺവീനർ അടൂർ പ്രകാശ്; 'സർക്കാർ അപ്പീൽ നൽകുന്നത് ദ്രോഹിക്കാൻ'
'തിലകം തിരുവനന്തപുരം'; ശബരിമല വിശ്വാസികൾ ഈ തെരഞ്ഞെടുപ്പിലും പ്രതികാരം വീട്ടുമെന്ന് സുരേഷ് ഗോപി