ഇടനിലക്ക് ബദൽ: കർഷകരുടെ സ്വന്തം ഷോപ്പിംഗ് മാൾ തൊടുപുഴയിൽ

By Web TeamFirst Published Oct 29, 2019, 5:48 PM IST
Highlights

കേരളത്തിലെ ഏറ്റവും വലിയ കാർഷിക വിപണനകേന്ദ്രം തൊടുപുഴയിൽ ഒരുങ്ങുകയാണ്. ഷോപ്പിംഗ് മാൾ മാതൃകയിലാണ് നിർമാണം. വിനോദ കേന്ദ്രങ്ങളും ഭക്ഷണശാലയും കേന്ദ്രത്തിന് പകിട്ട് കൂട്ടും. കൂടാതെ വിളകൾ വിദേശത്തേക്ക് കയറ്റി അയക്കാനുള്ള സൗകര്യവും ഒരുക്കും.

തൊടുപുഴ: സംസ്ഥാനത്തെ ഏറ്റവും വലിയ കാർഷിക വിപണന കേന്ദ്രം തൊടുപുഴയിൽ ഒരുങ്ങുന്നു. കർഷക കൂട്ടായ്മയായ കാഡ്സിന്‍റെ നേതൃത്വത്തിലാണ് പദ്ധതി. നാടന്‍ കാർഷികോത്പന്നങ്ങൾക്ക് വിപണി കണ്ടെത്തുക എന്നതാണ് പ്രധാനമായും പദ്ധതിയുടെ ഉദ്ദേശം. കർഷകർക്ക് ഇടനിലക്കാരില്ലാതെ കാർഷിക ഉത്പന്നങ്ങൾ  വിൽക്കാനുള്ള സൗകര്യം കൂടി കേന്ദ്രം ഒരുക്കും. അതും ന്യായവിലക്ക് തന്നെ. രണ്ടേമുക്കാൽ ഏക്കർ സ്ഥലത്താണ് വില്ലേജ് സ്ക്വയർ എന്ന് പേരിട്ട വിപണന കേന്ദ്രം ഒരുങ്ങുന്നത്. കേരള അഗ്രിക്കൾച്ചറൽ ‍ഡവലപ്മെന്‍റ് സൊസൈറ്റിയുടെ ചുരുക്കപ്പേരാണ് കാഡ്സ്. തൊടുപുഴയിലും കൊച്ചിയിലും ഓപ്പണ്‍ മാർക്കറ്റിലൂടെ ജൈവ പച്ചക്കറിയും വിഷരഹിത മത്സ്യ-മാംസാദികളും വിൽക്കുന്നുണ്ട് കാഡ്സ്. അഞ്ച് കോടി രൂപ ചിലവ് വരുന്ന പദ്ധതിക്ക് മുതൽ മുടക്കുന്നതും ഉത്പാദകരായ കർഷകർ തന്നെ. പതിനായിരം കർഷകരിൽ നിന്ന് ആയിരം രൂപ വീതവും സാമ്പത്തിക സ്ഥിതിയുള്ള 200 കർഷകരിൽ നിന്ന് രണ്ട് ലക്ഷം രൂപ വീതവും സമാഹരിച്ചാണ് പദ്ധതി നടപ്പാക്കുന്നത്.

വില്ലേജ് സ്ക്വയർ വിഭാവനം ചെയ്യപ്പെട്ടിരിക്കുന്നത് ഒരു ഷോപ്പിംഗ് മാൾ മാതൃകയിലാണ്. സ്വദേശി മാർക്കറ്റ് തുറക്കുന്നതാവട്ടെ 4000 ചതുരശ്രയടി വിസ്തീർണത്തിലും. നാടന്‍ ഭക്ഷണശാല, കിഡ്സ് സോണ്‍ എന്നിവയും മാളിന് മാറ്റ് കൂട്ടും. ചെറിയ കുട്ടികൾക്ക് മുയല്‍, ആട്ടിന്‍ കുട്ടികൾ തുടങ്ങിയവയോടൊപ്പം കളിക്കാനുള്ള സൗകര്യമൊരുക്കും. പദ്ധതിയുടെ ഹൃദയമായ നൂതന സംഭരണശാല ഒരുങ്ങുന്നത് 30 സെന്‍റിലാണ്. പഴങ്ങൾ, പച്ചക്കറികൾ തുടങ്ങിയവ കർഷകർക്ക് ഇവിടെ സൂക്ഷിക്കാം. വിദേശത്തേക്ക് കയറ്റി അയക്കാനുള്ള ക്രമീകരണങ്ങളും കാഡ്സ് ഒരുക്കുന്നുണ്ട്. ആറ് മാസത്തിനുള്ളിൽ തന്നെ പദ്ധിതിയുടെ നിർമാണം പൂർത്തീകരിക്കാനാണ് ശ്രമം.

click me!