
തിരുവനന്തപുരം:രാഹുല്‍ഗാന്ധിയെ അയോഗ്യനാക്കിയ നടപടിക്കെതിരെ സംസ്ഥാന വ്യാപകമായി കോണ്‍ഗ്രസിന്‍റെ സത്യഗ്രഹസമരം. മുതിര്‍ന്ന നേതാക്കള്‍ ഉള്‍പ്പടെ പങ്കെടുക്കുന്ന പ്രതിഷേധസമരം ജില്ലാകേന്ദ്രങ്ങളില്‍ തുടരുകയാണ്. ലോകം കണ്ട വലിയ ഏകാധിപതികളുടെ ശ്രേണിയിലേക്ക് നരേന്ദ്ര മോഡി എത്തിയെന്ന് പ്രതിപക്ഷനേതാവ് വിഡി സതീശന്‍ കുറ്റപ്പെടുത്തി.
വിമര്‍ശിക്കാന്‍ അവസരമില്ലെങ്കില്‍ അത് ജനാധിപത്യപരമല്ലെന്ന സന്ദേശം ഉയര്‍ത്തിപ്പിടിച്ചാണ് രാഹുല്‍ ഗാന്ധിക്ക് വേണ്ടിയുള്ള കോണ്‍ഗ്രസിന്‍റെ സമരം. ജനാധിപത്യത്തിന്‍റെ ശവക്കുഴി തോണ്ടുകയാണ് ബിജെപിയെന്ന് കുറ്റപ്പെടുത്തി കെപിസിസി പ്രസിഡന്‍റ് കെ സുധാകരന്‍. തിരുവനന്തപുരം കിഴക്കേക്കോട്ടയിലെ ഗാന്ധിപാര്‍ക്കിലെ സത്യഗ്രഹസമരത്തില്‍ യുഡിഎഫ് കണ്‍വീനര്‍ എംഎം ഹസന്‍, ശശി തരൂര്‍ തുടങ്ങിയ നേതാക്കളും പങ്കെടുത്തു. കറുപ്പ് കൊണ്ട് മാത്രം അടയാളപ്പെടുത്താവുന്ന സംഭവങ്ങളാണ് നരേന്ദ്ര മോദി സർക്കാർ ചെയ്യുന്നതെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ പറഞ്ഞു. എറണാകുളം ഡി സി സി നടത്തിയ സമരം അദ്ദേഹം ഉത്ഘാടനം ചെയ്തു
"അരുത് കാട്ടാള" എന്ന പേരിലായിരുന്നു കോഴിക്കോട്ടെ സമരപരിപാടി. എം.കെ.രാഘവന്‍ എം.പി സത്യഗ്രഹസമരം ഉദ്ഘാടനം ചെയ്തു. ആലപ്പുഴയില്‍ രമേശ് ചെന്നിത്തലയാണ് സമരം ഉദ്ഘാടനം ചെയ്തത്. പത്തനംതിട്ടയില്‍ പി.ജെ കുര്യനും പാലക്കാട്ട് വികെ ശ്രീക്ണ്ഠനും കൊല്ലത്ത് കൊടിക്കുന്നില്‍ സുരേഷും ഉദ്ഘാടകരായി. കാസര്‍കോട് ഡിസിസി കാഞ്ഞങ്ങാട് സംഘടിപ്പിച്ച ജനാധിപത്യ സംരക്ഷണ സത്യാഗ്രഹം രാജ്മോഹൻ ഉണ്ണിത്താൻ എംപിയും തൃശൂർ കോർപ്പറേഷന് മുന്നിൽ സംഘടിപ്പിച്ച സമരം DCC അധ്യക്ഷൻ ജോസ് വള്ളൂരും ഉദ്ഘാടനം ചെയ്തു. രാഹുല്‍ ഗാന്ധിയുടെ മണ്ഡലമായിരുന്ന വയനാട്ടിലെ കൽപറ്റയിൽ ഡിസിസി പ്രസിഡന്‍റ് എൻ.ഡി അപ്പച്ചൻ ഉദ്ഘാടകനായി. ഇന്ന് യൂത്ത് കോൺഗ്രസിന്‍റെ നേതൃത്വത്തിൽ കൽപറ്റ ടൗണിൽ നൈറ്റ് മാർച്ചും സംഘടിപ്പിക്കും.