സദാചാര ആക്രമണം; തിരുവനന്തപുരം പ്രസ്ക്ലബ് സെക്രട്ടറിക്കെതിരെ വനിതാ കമ്മീഷൻ സ്വമേധയാ കേസെടുത്തു

By Web TeamFirst Published Dec 5, 2019, 5:02 PM IST
Highlights

വനിതാ കമ്മീഷൻ അധ്യക്ഷ എം. സി. ജോസഫൈന്റെ നിർദ്ദേശ പ്രകാരമാണ് നടപടി.   സംഭവങ്ങളുടെ നിജസ്ഥിതി അന്വേഷിച്ച് വിശദമായ റിപ്പോർട്ട് നൽകാൻ സിറ്റി പോലീസ് കമ്മീഷണറോട് നിർദ്ദേശിക്കും.

തിരുവനന്തപുരം: വനിതാ മാധ്യമ പ്രവർത്തകയെയും കുടുംബത്തെയും സദാചാര പോലീസ് ചമഞ്ഞ് അപമാനിച്ചുവെന്ന മാധ്യമവാർത്തകളുടെ  അടിസ്ഥാനത്തിൽ തിരുവനന്തപുരം പ്രസ്ക്ലബ് സെക്രട്ടറി എം. രാധാകൃഷ്ണൻ ഉൾപ്പെടെയുളളവർക്കെതിരെ വനിതാ കമ്മീഷൻ സ്വമേധയാ കേസെടുത്തു. 

വനിതാ കമ്മീഷൻ അധ്യക്ഷ എം. സി. ജോസഫൈന്റെ നിർദ്ദേശ പ്രകാരമാണ് നടപടി.   സംഭവങ്ങളുടെ നിജസ്ഥിതി അന്വേഷിച്ച് വിശദമായ റിപ്പോർട്ട് നൽകാൻ സിറ്റി പോലീസ് കമ്മീഷണറോട് നിർദ്ദേശിക്കും.  റിപ്പോർട്ട് ലഭിച്ചതിനു ശേഷം തുടർനടപടികൾ സ്വീകരിക്കും. 

വനിതാ മാധ്യമ പ്രവർത്തകരുടെ പരാതികൾ പരിഹരിക്കാൻ മാധ്യമ സ്ഥാപനങ്ങളിൽ ഐസിസി ( ഇന്റേണൽ കംപ്ലെയിന്റ് കമ്മിറ്റി) ഉണ്ടോയെന്ന് പരിശോധിക്കുന്നതുൾപ്പെടെയുളള നടപടികൾ കമ്മീഷൻ സ്വീകരിക്കുമെന്നും വനിതാ കമ്മീഷൻ അധ്യക്ഷ അറിയിച്ചു. 

കഴിഞ്ഞ ശനിയാഴ്ച രാത്രിയാണ് സഹപ്രവര്‍ത്തകനും കുടുംബ സുഹൃത്തുമായ വ്യക്തി ഇവരുടെ വീട്ടിലെത്തി എന്നതിന്‍റെ പേരില്‍ കേരളകൗമുദിയിൽ പ്രൂഫ് റീഡറായ രാധാകൃഷ്ണന്‍ വീട്ടിലേക്ക് അതിക്രമിച്ചുകയറുകയും ഉപദ്രവിക്കുകയും ചെയ്തത്.

 പത്രപ്രവർത്തക യൂണിയൻ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് അഭിപ്രായം പറഞ്ഞതിന്റെ പേരിലാണ് രാധാകൃഷ്ണന്‍ തന്റെ വീട് അതിക്രമിച്ചുകയറിതെന്നാണ് പരാതിക്കാരി പറയുന്നത്. ശനിയാഴ്ച രാത്രി 10 മണിക്ക് ശേഷമാണ് സംഭവം. 

പരാതിക്കാരിയെ കാണാന്‍ വന്ന സുഹൃത്ത് വീട്ടില്‍ നിന്നും ഇറങ്ങിയതും പ്രസ്‌ക്ലബ് സെക്രട്ടറിയുടെ നേതൃത്വത്തില്‍ കുറച്ചാളുകള്‍ സുഹൃത്തിനെ തിരികെ പരാതിക്കാരിയുടെ വീട്ടിലേക്ക് തന്നെ കൊണ്ടുവരികയും വീടിനകത്തേക്ക് അനുവാദമില്ലാതെ കയറുകയും ചെയ്തു. തുടര്‍ന്ന് എന്തിനാണ് ഈ ആണ്‍ സുഹൃത്ത് വീട്ടിലേക്ക് വരുന്നത് എന്ന് ചോദിച്ച്  തന്നോട് മോശമായി സംസാരിക്കുകയായിരുന്നുവെന്ന് പരാതിക്കാരി പറയുന്നു. 

തുടർന്ന് തന്നെയും  മക്കളേയും രാധാകൃഷ്ണന്‍ റൂമിലേക്ക് ബലം പ്രയോഗിച്ച് കൊണ്ടുപോയെന്നും ഇവർ ആരോപിച്ചു. ഭര്‍ത്താവിനെ വിളിക്കാം എന്നു പറഞ്ഞപ്പോള്‍ അതിന്‍റെ ആവശ്യമില്ലെന്നും, നിങ്ങള്‍ സമ്മതിച്ചാല്‍ ആരും അറിയാതെ പ്രശ്‌നം ഒതുക്കിത്തീർക്കാം എന്നും രാധാകൃഷ്ണന്‍ പറഞ്ഞെന്നാണ് പരാതിക്കാരി വ്യക്തമാക്കുന്നത്. ഇതിനിടയിൽ രാധാകൃഷ്ണനും സംഘവും ഇവരുടെ  സുഹൃത്തിനെ തല്ലുകയും ചെയ്തു- പരാതിക്കാരി പറയുന്നു. 

click me!