
കൊച്ചി: ഗിന്നസ് റെക്കോർഡ് ലക്ഷ്യമിട്ട് കലൂർ സ്റ്റേഡിയത്തിൽ നടത്തിയ നൃത്തപരിപാടിയിൽ അന്വേഷണമാരംഭിച്ച് പൊലീസ്. പരിപാടിയിൽ പങ്കെടുത്ത സിനിമാതാരങ്ങളായ സിജോയ് വർഗീസ്, ദിവ്യ ഉണ്ണി അടക്കമുള്ളവരുടെ മൊഴിയെടുക്കുമെന്ന് പൊലീസ് അറിയിച്ചു. പരിപാടിയിൽ പങ്കെടുത്ത നൃത്ത അധ്യാപകരിൽ നിന്നും വിവരങ്ങൾ ശേഖരിക്കുന്നുണ്ട്. പരിപാടിയിൽ പങ്കെടുക്കാനെത്തി വിഐപി ഗ്യാലറിയിൽ നിന്ന് വീണ് പരിക്കേറ്റ ഉമ തോമസ് എംഎൽഎ ആശുപത്രിയിൽ ചികിത്സയിൽ തുടരുകയാണ്.
കലൂർ സ്റ്റേഡിയത്തിൽ വൻ സുരക്ഷാ വീഴ്ചയാണ് ഉണ്ടായതെന്ന് സംയുക്ത പരിശോധന റിപ്പോർട്ട് പുറത്തു വന്നിട്ടുണ്ട്. സ്റ്റേജ് നിർമിച്ചത് അപകടകരമായി തന്നെയാണെന്ന് റിപ്പോർട്ടിൽ വ്യക്തമാക്കുന്നു. പൊലീസും ഫയർഫോഴ്സും പൊതുമരാമത്ത് വകുപ്പും ചേർന്നാണ് റിപ്പോർട്ട് തയ്യാറാക്കിയിട്ടുള്ളത്. വിഐപി സ്റ്റേജിനടുത്ത് ആംബുലൻസ് ഇല്ലാതിരുന്നത് അടിയന്തര വൈദ്യസഹായം വൈകിപ്പിച്ചു എന്നും റിപ്പോർട്ടിൽ പറയുന്നു. സ്വർണനാണയങ്ങൾ വാഗ്ദാനം ചെയ്താണ് ഗിന്നസ് പരിപാടിയിൽ നർത്തകരെ കണ്ടെത്തിയത്. കാണികൾക്ക് ടിക്കറ്റ് വിറ്റത് ബുക്ക് മൈ ഷോ വഴിയാണ്. സ്റ്റേഡിയത്തിലെ വിവിധ ഗാലറികളിൽ ഇരിക്കാൻ വിവിധ തുകയാണ് ആവശ്യപ്പെട്ടത്.
അപകടത്തിൽ പരിക്കേറ്റ ഉമ തോമസ് എംഎൽഎയുടെ ആരോഗ്യനിലയിൽ പുരോഗതിയുണ്ടെന്ന് ആശുപത്രി അറിയിച്ചു. രാവിലെ 10 മണിയോടെ പുതിയ മെഡിക്കൽ ബുള്ളറ്റിൻ പുറത്തിറക്കും. ഉമ തോമസ് കണ്ണ് തുറന്നുവെന്നും കൈ കാലുകൾ അനക്കിയെന്നും വിവരങ്ങൾ പുറത്തുവരുന്നുണ്ട്.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam