പാര്‍ട്ടി പേരും രണ്ടില ചിഹ്നവും ജോസ് കെ മാണിക്ക് അനുവദിച്ച തെരഞ്ഞെടുപ്പ് കമ്മീഷൻ ഉത്തരവിന് സ്റ്റേ

By Web TeamFirst Published Sep 11, 2020, 4:41 PM IST
Highlights

പിജെ ജോസഫിന്‍റെ ഹര്‍ജി ഹൈക്കോടതി ഫയലിൽ സ്വീകരിച്ചു. രണ്ടില ചിഹ്നം ജോസ് കെ മാണിക്ക് അനുവദിച്ച  തെരഞ്ഞെടുപ്പ് കമ്മീഷൻ ഉത്തരവ് ദില്ലി ഹൈക്കോടതി സ്റ്റേ  ചെയ്തു

കൊച്ചി: ജോസ് കെ മാണി വിഭാഗത്തിന് കേരള കോണ്‍ഗ്രസ് എം എന്ന പേരും രണ്ടില ചിഹ്നവും ഉപയോഗിക്കാമെന്ന കേന്ദ്ര  തെരഞ്ഞെടുപ്പ് കമ്മീഷന്‍റെ ഉത്തരവ് ഹൈക്കോടതി സ്റ്റേ ചെയ്തു. കമ്മീഷന്‍ ഉത്തരവ് ചോദ്യം ചെയ്ത് പി ജെ ജോസഫ് സമര്‍പ്പിച്ച ഹര്‍ജിയിലാണ് ഹൈക്കോടതി ഇടപെടൽ. തെരഞ്ഞെടുപ്പ് കമ്മീഷന്‍റെ ഉത്തരവ് ഒരു മാസത്തേക്കാണ് സ്റ്റേ ചെയ്തത്.  

തെരഞ്ഞെടുപ്പ് കമ്മീഷൻ നടപടിയെ ചോദ്യം ചെയ്താണ് പിജെ ജോസഫ് കോടതിയെ സമീപിച്ചത്. ജോസ് കെ മാണിക്ക് പാര്‍ട്ടി ചിഹ്നം അനുവദിച്ച  കമ്മീഷന്‍റെ ഉത്തരവ്  നിയമപരമായി നിലനില്‍ക്കില്ല എന്നായിരുന്ന പിജെ ജോസഫിന്‍റെ വാദം. കമ്മീഷന്‍ തീരുമാനമെടുത്തതിന് ആധാരമായ രേഖകളില്‍ വസ്തതാപരമായ പിഴവുണ്ടെന്നും ജോസ് കെ മാണി പാര്‍ട്ടി ചെയര്‍മാനായി പ്രവര്‍ത്തിക്കുന്നത് സിവില്‍ കോടതി വിലക്കിയിട്ടുണ്ടെന്നും ഇത് മറികടക്കാന്‍ കമ്മീഷന് കഴിയില്ലെന്നും വാദമുയര്‍ന്നു. ജോസഫിനും ജോസ് കെ മാണിക്കും വേണ്ടി സുപ്രിം കോടതിയിലെ മുതിര്‍ന്ന അഭിഭാഷകരാണ് ഹൈക്കോടതിയില്‍ ഹാജരായത്. പ്രാഥമിക വാദത്തിനു ശേഷമാണ് കമ്മീഷന്‍ ഉത്തരവ് ഒരു മാസത്തേക്ക് സ്റ്റേ ചെയ്തത്. അടുത്ത മാസം ഒന്നിന് ഹര്‍ജി ഹൈക്കോടതി വീണ്ടും പരിഗണിക്കും.

തുടർന്ന് വായിക്കാം : 

ഹൈക്കോടതിയുടേത് ഇടക്കാല സ്റ്റേ മാത്രമാണെന്നും നിയമ പോരാട്ടം തുടരുമെന്നും ജോസ് കെ മാണി വിഭാഗത്തിന്‍റെ പ്രതികരണം. ജോസഫ് വിഭാഗത്തിനെതിരെ കൂറുമാറ്റ നിരോധന നിയമ പ്രകാരം നടപടി എടുക്കാനുള്ള ജോസ് വിഭാഗത്തിന്‍റെ നീക്കവും സ്റ്റേ ഉത്തരവോടെ അപ്രസക്തമായി. സ്റ്റേ ഉത്തരവോടെ  നേരത്തെയുള്ള സിവില്‍ കോടതി ഉത്തരവ് നിലവില്‍ വന്നുവെന്നും യാഥാര്‍ത്ഥ കേരള കോണ്‍ഗ്രസ് എം തങ്ങളുടേതാണെന്നുമാണ് ജോസഫ് വിഭാഗത്തിന്‍റെ പ്രതികരണം.

അതേസമയം ജോസ് കെ മാണിക്ക് അനുകൂലമായ തെരഞ്ഞെടുപ്പ് കമ്മീഷന്‍റെ ഉത്തരവിന്‍റെ അടിസ്ഥാനത്തില്‍ രാവിലെ നടന്ന സര്‍വ്വ കക്ഷി യോഗത്തില്‍ പിജെ ജോസഫ് വിഭാഗത്തെ  സര്‍ക്കാര്‍ ക്ഷണിച്ചിരുന്നില്ല. കേസ് ഹൈക്കോടതി പരിഗണിക്കുന്നതിനാല്‍ യോഗം ഒരു ദിവസത്തേക്ക് നീട്ടണമെന്ന് പിജെ ജോസഫ് മുഖ്യമന്ത്രിക്ക് കത്തു നല്‍കിയിരുന്നുവെങ്കിലും സര്‍ക്കാര്‍ പരിഗണിച്ചിരുന്നില്ല.

click me!