കണ്ണൂരിൽ ആൾത്താമസമില്ലാതിരുന്ന വീട് വൃത്തിയാക്കുമ്പോൾ പൊട്ടിത്തെറിച്ചത് സ്റ്റീൽബോംബ്

Published : Sep 05, 2020, 09:16 PM ISTUpdated : Sep 05, 2020, 10:40 PM IST
കണ്ണൂരിൽ ആൾത്താമസമില്ലാതിരുന്ന വീട് വൃത്തിയാക്കുമ്പോൾ പൊട്ടിത്തെറിച്ചത് സ്റ്റീൽബോംബ്

Synopsis

(പ്രതീകാത്മകചിത്രം) ആൾത്താമസമില്ലാതിരുന്ന വീട് വൃത്തിയാക്കുന്നതിനിടെയാണ് ബോംബ് സ്ഫോടനമുണ്ടായത്. ബംഗളുരുവിൽ സ്ഥിരതാമസമായിരുന്നയാൾ തിരികെ വന്ന് വീട് വൃത്തിയാക്കുന്നതിനിടെ, പഴയ സ്റ്റീൽപ്പാത്രങ്ങളെന്ന് കരുതി പുഴയിലെറിഞ്ഞപ്പോൾ ഉഗ്രസ്ഫോടനം.

കണ്ണൂർ: കണ്ണൂരിൽ വീണ്ടും ബോംബ് സ്ഫോടനം. പാനൂർ പടന്നക്കരയിലാണ് സ്റ്റീൽ ബോംബ് പൊട്ടിത്തെറിച്ചത്. അടച്ചിട്ട വീടും പറമ്പും ഉടമസ്ഥൻ വൃത്തിയാക്കുന്നതിടെയാണ് സ്റ്റീൽ ബോംബുകൾ കിട്ടിയത്. ബോംബാണെന്നറിയാതെ സ്റ്റീൽ പാത്രങ്ങളും മറ്റ് അവശിഷ്ടങ്ങളും അടുത്ത പുഴയിൽ കളഞ്ഞപ്പോഴാണ് ഉഗ്ര ശബ്ദത്തിൽ പൊട്ടിത്തെറിച്ചത്.

ഈ സാധനങ്ങൾ കാറിലാണ് വീട്ടുടമസ്ഥൻ പുഴക്കരയിലേക്ക് കൊണ്ടുപോയത്. വാഹനത്തിൽ വച്ച് ബോംബ് പൊട്ടാഞ്ഞതിനാൽ വൻ ദുരന്തം ഒഴിവായി. ചൊക്ലി പൊലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു. ബംഗലൂരുവിൽ സ്ഥിര താമസമാക്കിയ രമേശ് ബാബുവിന്റെതാണ് കണ്ണൂർ പടന്നക്കരയിലെ വീടും സ്ഥലവും. 

ബംഗളുരുവിൽ നിന്ന് കുടുംബമായി അവധിക്ക് വന്നതായിരുന്നു രമേശ് ബാബുവും കുടുംബവും. കുട്ടികളടക്കം ഇവരുടെ ഒപ്പമുണ്ടായിരുന്നു. വീട് വൃത്തിയാക്കുന്നതിനിടെയാണ് സ്റ്റീൽപ്പാത്രങ്ങൾ കൂട്ടിയിട്ടത് പോലെ കണ്ടത്. ഇത് ആരോ കൂടോത്രം ചെയ്തതാണെന്ന് കരുതിയാണ് എല്ലാമെടുത്ത് ചാക്കിലിട്ട് പുഴയിൽ തള്ളാനായി പോയത്. കാറിൽ കുട്ടികളോടൊപ്പമാണ് വീട്ടുടമസ്ഥൻ പോയതെന്ന് പറയുന്നു. ഇത് കാറിലിരുന്ന് പൊട്ടിയിരുന്നെങ്കിൽ അത് വൻ ദുരന്തത്തിന് വഴി വച്ചേനെ.

കതിരൂരിൽ നിർമ്മാണത്തിനിടെ ബോംബ് പൊട്ടിത്തെറിച്ച് സിപിഎം പ്രവർത്തകർക്ക് പരിക്കേറ്റിരുന്നു. സ്ഫോടനം നടന്ന ഉടൻ തന്നെ തെളിവ് നശിപ്പിക്കാനുള്ള ശ്രമങ്ങൾ നടന്നതായി കണ്ണൂർ ബ്യൂറോ റിപ്പോർട്ട് ചെയ്യുന്നു. കണ്ണിന് ഗുരുതരമായി പരിക്കേറ്റ സജിലേഷ് എന്ന സിപിഎം പ്രവർത്തകൻ വ്യാജ മേൽവിലാസത്തിലാണ് എകെജി ആശുപത്രിയിൽ ചികിത്സ തേടിയത്. ബോംബുണ്ടാക്കിയവർ ടിപി വധക്കേസിലും കതിരൂർ മനോജ് വധക്കേസിലും സിഒടി നസീറിനെ കൊലപ്പെടുത്താൻ ശ്രമിച്ച കേസിലും ഉൾപ്പെട്ടവരാണെന്ന് പൊലീസ് കണ്ടെത്തിയിരുന്നു.

ബോംബ് പൊട്ടിയപ്പോൾ അവിടെ നിന്നും ഓടി രക്ഷപ്പെട്ട പൊന്ന്യം സ്വദേശി അശ്വന്ത് ഇന്ന് പൊലീസ് പിടിയിലായിരുന്നു. ഇയാൾ സിപിഎം വിമതൻ സിഒടി നസീറിനെ ബൈക്ക് ഇടിച്ചുവീഴ്ത്തി വടിവാൾ കൊണ്ട് കൊണ്ട് കൊല്ലാൻ ശ്രമിച്ച കേസിലെ രണ്ടാം പ്രതിയാണ്. ഇയാളുടെ വീട്ടിന് പിന്നിൽ നിന്ന് ബോംബുകളും പൊലീസ് കണ്ടെടുത്തിട്ടുണ്ട്. 

രാഷ്ട്രീയവിവാദമായി ഒരു സ്ഫോടനം പുകയുമ്പോഴാണ് കണ്ണൂരിൽ വീണ്ടുമൊരു സ്ഫോടനം നടക്കുന്നത്. 

 

 

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

ശബരിമല സ്വർണക്കൊള്ള: കേസ് രേഖകൾ ആവശ്യപ്പെട്ടുള്ള ഇഡി അപേക്ഷയിൽ ഇന്ന് വിധി, എൻ വാസു, മുരാരി ബാബു എന്നിവരുടെ ജാമ്യാപേക്ഷയിലും ഹൈക്കോടതി ഉത്തരവ് ഇന്ന്
കെഎസ്ആർടിസി ബസ് കത്തിനശിച്ചു; ബസിലുണ്ടായിരുന്നത് 44 യാത്രക്കാർ, എല്ലാവരും സുരക്ഷിതർ