ഗണേഷ് കുമാർ എംഎൽഎയുടെ കാറിന് നേരെ കല്ലേറ്; 6 യൂത്ത് കോൺഗ്രസ് പ്രവർത്തകര്‍ കസ്റ്റഡിയില്‍

By Web TeamFirst Published Jan 17, 2021, 6:54 PM IST
Highlights

വാഹനം തടയാൻ ശ്രമിച്ച ആറ് പേരെ പൊലീസ് അറസ്റ്റ് ചെയ്തു. പൊലീസ് വാഹനം കടന്ന് പോയതിന് പിന്നാലെയാണ് എംഎല്‍എയുടെ വാഹനത്തിന് നേരെ ആക്രമണ ശ്രമം ഉണ്ടായത്.

കൊല്ലം: കൊല്ലം ചവറയിൽ കെ ബി ഗണേഷ് കുമാർ എംഎൽഎയെ കരിങ്കൊടി കാണിക്കാനുള്ള യൂത്ത് കോൺഗ്രസ് പ്രവർത്തകരുടെ ശ്രമത്തിനിടെ സംഘര്‍ഷം. വാഹനം തടയാൻ ശ്രമിച്ച ആറ് പേരെ പൊലീസ് കസ്റ്റഡിയിലെടുത്തു. ദേശീയപാതയിൽ ചവറ നല്ലേഴത്ത് മുക്കിന് സമീപം വെച്ചായിരുന്നു ആക്രമണം. പ്രതിഷേധക്കാര്‍ എംഎൽഎയുടെ വാഹനത്തിന് നേരെ കല്ലേറിഞ്ഞു. പൊലീസ് വാഹനം കടന്ന് പോയതിന് പിന്നാലെയാണ് എംഎല്‍എയുടെ വാഹനത്തിന് നേരെ ആക്രമണ ശ്രമം ഉണ്ടായത്. 

കഴിഞ്ഞ ദിവസം, കൊല്ലത്തെ കുന്നിക്കോട്ട്  ഗണേഷ് കുമാർ എംഎൽഎയെ കരിങ്കൊടി കാണിച്ച യൂത്ത് കോൺഗ്രസ് പ്രവർത്തകരെ നടുറോഡിൽ മർദ്ദിച്ചതായി പരാതി ഉയർന്നിരുന്നു. എംഎൽഎയുടെ സാന്നിധ്യത്തിലാണ് പ്രതിഷേധക്കാരെ വളഞ്ഞിട്ട് മർദ്ദിച്ചത് എന്നായിരുന്നു ആക്ഷേപം. പി എ പ്രദീപ് കുമാറിൻ്റെ നേതൃത്വത്തിലായിരുന്നു മർദ്ദനം. പ്രദേശത്തെ വികസന പദ്ധതികളുടെ ഉദ്ഘാടനത്തിന് പഞ്ചായത്ത് അംഗത്തെ ക്ഷണിച്ചില്ലെന്ന് കാട്ടിയായിരുന്നു യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ പ്രതിഷേധം. പ്രതിഷേധക്കാരെ അറസ്റ്റ് ചെയ്ത കുന്നിക്കോട് പൊലീസ് മർദിച്ചവരെ പിടികൂടിയില്ലെന്നും ആക്ഷേപം ഉയർന്നിരുന്നു. 

ഈ സംഭവത്തില്‍ പ്രതിഷേധിച്ച് പത്തനാപുരത്ത് കെ ബി ഗണേഷ് കുമാര്‍ എംഎല്‍എയുടെ വീട്ടിലേക്ക് യൂത്ത് കോൺഗ്രസ് പ്രവര്‍ത്തകര്‍ ഇന്ന് നടത്തിയ മാര്‍ച്ചും സംഘര്‍ഷത്തിലാണ് കലാശിച്ചത്. എംഎല്‍എയു‍ടെ പിഎ കോട്ടത്തല പ്രദീപിനെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ടായിരുന്നു മാര്‍ച്ച്. പൊലീസ് തീര്‍ത്ത ബാരിക്കേഡ് തകര്‍ത്ത് മുന്നോട്ട് നീങ്ങിയതിനെ പൊലീസ് തടഞ്ഞതിനെ തുടര്‍ന്നായിരുന്നു സംഘര്‍ഷം. 

സംഘര്‍ഷത്തിൽ യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറി സാജുഖാന്‍ ഉള്‍പ്പടെയുള്ളവര്‍ക്ക് പരിക്ക് പറ്റി. സംഭവത്തില്‍ പ്രതിഷേധിച്ച് നാളെ പത്തനാപുരം പഞ്ചായത്തില്‍ കോൺഗ്രസ് ഹര്‍ത്താലിന് ആഹ്വാനം ചെയ്തു. രാവിലെ ആറ് മണി മുതല്‍ വൈകീട്ട് ആറ് മണി വരെയാണ് ഹര്‍ത്താല്‍. അവശ്യസര്‍വ്വീസുകളെ ഹര്‍ത്താലില്‍ നിന്നും ഒഴിവാക്കിയിട്ടുണ്ട്.

click me!