ട്രെയിനിന് നേരെ കല്ലേറ്: അന്വേഷണം ഊ‍ർജിതമാക്കി റെയിൽവേ പൊലീസ്, കീർത്തനയുടെ ആരോഗ്യനിലയിൽ പുരോഗതി

By Web TeamFirst Published Sep 12, 2022, 3:30 PM IST
Highlights

കണ്ണൂർ സൗത്ത് - എടക്കാട് സ്റ്റേഷനുകൾക്കിടയിലുള്ള ഭാഗത്ത് നിന്നാണ് കല്ലേറുണ്ടായതെന്നാണ് പൊലീസിന്റെ നിഗമനം. കീർത്തനയ്ക്ക്  പരിക്ക് പറ്റിയ ശേഷം ഏറെ ദൂരം മുന്നോട്ട് പോയാണ് ട്രെയിൻ നിർത്താനായത്. 

കണ്ണൂ‍ർ: ട്രെയിനിന് നേരെ ഉണ്ടായ കല്ലേറിൽ തലയ്ക്ക് പരുക്കേറ്റ പന്ത്രണ്ടുകാരിയുടെ ആരോഗ്യനിലയിൽ പുരോഗതി. സംഭവത്തിൽ റെയിൽവേ പൊലീസ് അന്വേഷണം ഊർജിതമാക്കി. കണ്ണൂർ സൗത്ത് - എടക്കാട് സ്റ്റേഷനുകൾക്കിടയിലുള്ള ഭാഗത്ത് നിന്നാണ് കല്ലേറുണ്ടായതെന്നാണ് പൊലീസിന്റെ  നിഗമനം. കീർത്തനയ്ക്ക്  പരിക്ക് പറ്റിയ ശേഷം ഏറെ ദൂരം മുന്നോട്ട് പോയാണ് ട്രെയിൻ നിർത്താനായത്. അതുകൊണ്ട് തന്നെ കല്ലേറുണ്ടായ കൃത്യം സ്ഥലം റെയിൽവെ പൊലീസിന് കണ്ടെത്താനായിട്ടില്ല. കല്ലേറുണ്ടായി എന്ന് സംശയിക്കപ്പെടുന്ന പ്രദേശത്ത് ആർപിഎഫും റെയിൽവേ പൊലീസും പരിശോധന നടത്തി. കല്ലേറിൽ സാരമായി പരിക്കേറ്റെങ്കിലും കോട്ടയം നടത്തെ വീട്ടിൽ വിശ്രമത്തിലാണ് കീർത്തന ഇപ്പോൾ.  ഉഗ്രശബ്ദത്തോടെ എന്തോ വന്ന് പതിക്കുകയായിരുന്നെന്ന് കീർത്തനയുടെ അമ്മ പറഞ്ഞു. ട്രെയിനുള്ളിൽ ഉണ്ടായിരുന്ന എംബിബിഎസ് വിദ്യാർഥിനി നൽകിയ പ്രാഥമിക ശുശ്രൂഷ നിർണായകമായെന്നും കുട്ടിയുടെ അമ്മ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.

മംഗലാപുരത്ത് നിന്ന് കോട്ടയത്തേക്ക് അമ്മയ്ക്കും അമ്മൂമ്മയ്ക്കും ഒപ്പം യാത്ര ചെയ്യുന്നതിനിടെയാണ് കീർത്തനയ്ക്ക് കല്ലേറിൽ തലയ്ക്ക് പരിക്കേറ്റത്. എടക്കാട് സ്റ്റേഷനും കണ്ണൂരിനും ഇടയിൽ വച്ചായിരുന്നു സംഭവം. S10 കോച്ചിൽ നാൽപ്പത്തിയൊമ്പതാം നമ്പർ സീറ്റിലായിരുന്നു പെൺകുട്ടി. ട്രെയിനിൽ വച്ചു തന്നെ യാത്രക്കാരനായ ഒരു ഡോക്ടർ ഫസ്റ്റ് എയ‍്‍ഡ് നൽകി. പിന്നീട് തലശ്ശേരി ജനറൽ ആശുപത്രിയിൽ ചികിത്സ തേടുകയായിരുന്നു. 

ട്രെയിൻ വന്നുകൊണ്ടിരിക്കെ യുവതി പാളത്തിൽ, പ്ലാറ്റ്ഫോമിലേക്ക് വലിച്ചുകയറ്റി റെയിൽവെ ജീവനക്കാരൻ!!

അതേസമയം ഉത്തർപ്രദേശിലെ ഷിക്കോഹാബാദ് സ്‌റ്റേഷനിൽ നിന്നും പുറത്തുവരുന്ന മറ്റൊരു വാർത്ത റെയിൽവേ പാളം മുറിച്ചുകടക്കുകയായിരുന്ന യുവതിയെ പ്ലാറ്റ്ഫോമിലേക്ക് വലിച്ചുകയറ്റി  റെയിൽവേ ജീവനക്കാരൻ രക്ഷപ്പെടുത്തി എന്നതാണ്. സ്റ്റേഷനിൽ സ്ഥാപിച്ച സിസിടിവിയിൽ പതിഞ്ഞ സംഭവത്തിന്റെ വീഡിയോ നിരവധി പേര്‍ ട്വിറ്ററിൽ പോസ്റ്റ് ചെയ്തിട്ടുണ്ട്. ഒരു പ്ലാറ്റ്‌ഫോമിൽ നിന്ന് മറ്റൊന്നിലേക്ക് പോകാൻ യുവതി പാളം ഉപയോഗിക്കുകയായിരുന്നു എന്നാണ് വീഡിയോയുടെ വിവരണം. ട്രെയിൻ സ്റ്റേഷനിലേക്ക് വന്നുകൊണ്ടിരിക്കെ മഞ്ഞ നിറത്തിലുള്ള സൽവാർ കമീസ് ധരിച്ച യുവതി റെയിൽവേ പാളത്തിൽ നിന്ന് പ്ലാറ്റ്‌ഫോമിലേക്ക് കയറാൻ ശ്രമിക്കുന്നത് ദൃശ്യങ്ങളിൽ കാണാം. രാം സ്വരൂപ് മീണ എന്ന റെയിൽവേ ജീവനക്കാരൻ യുവതിയെ കണ്ടതിന് പിന്നാലെ ഓടി വന്ന് അവരെ പ്ലാറ്റ്ഫോലിക്ക് വലിച്ചിട്ടു. സെക്കന്റുകളുടെ വ്യത്യാസത്തിൽ അതിവേഗത്തിൽ ട്രെയിൻ അവർക്ക് തൊട്ടുപിന്നിലെ പാളത്തിലൂടെ കടന്നുപോയി. എന്നാൽ തന്റെ കൈയ്യിൽ നിന്ന് നഷ്ടപ്പെട്ട കുപ്പിയെടുക്കാൻ യുവതി വീണ്ടും ട്രെയിനിന്റെ അടുത്തേക്ക് പോകുന്നത് കാണുന്നത് ശരിക്കും ഞെട്ടിക്കുന്നതാണ്. ഭാഗ്യവശാൽ ഇവര്‍ക്ക് പരിക്കൊന്നും പറ്റിയില്ല.

click me!