'ആദിവാസി സ്ത്രീകൾ കാഴ്ചവസ്തുവല്ല', മേപ്പാടിയിലെ റിസോർട്ടിൽ മാവോയിസ്റ്റ് ആക്രമണം

By Web TeamFirst Published Jan 15, 2020, 12:09 PM IST
Highlights

'ആദിവാസി സ്ത്രീകളോട് ലൈംഗികച്ചുവയോടെ ഇനി മേലാൽ സംസാരിച്ചുപോകരുത്, ആദിവാസി സ്ത്രീകൾ നിങ്ങൾക്കുള്ള കാഴ്ചവസ്തുവല്ല', മുന്നറിയിപ്പുമായി പോസ്റ്റർ ഒട്ടിച്ച ശേഷമാണ് റിസോർട്ടിന്‍റെ ചില്ലുകൾ എറിഞ്ഞു തകർത്തത്. 

വയനാട്: മേപ്പാടിയിലെ അട്ടമല ആനക്കുഞ്ഞിമൂലയിൽ സ്വകാര്യ റിസോർട്ടിന് നേരെ മാവോയിസ്റ്റ് ആക്രമണം. റിസോർട്ടിന്‍റെ ചില്ലുകൾ മാവോയിസ്റ്റുകൾ കല്ലെറിഞ്ഞ് തക‍ർത്തു. മുന്നറിയിപ്പുമായി പോസ്റ്ററും പതിച്ചിട്ടുണ്ട്. ആദിവാസി സ്ത്രീകളോട് ലൈംഗികച്ചുവയോടെ പെരുമാറുകയും അരി തരാമെന്ന് പറഞ്ഞ് വിളിച്ചുകൊണ്ടുപോയി ലൈംഗികമായി ചൂഷണം ചെയ്യാൻ ശ്രമിക്കുകയും ചെയ്താൽ ശക്തമായ മറുപടിയുണ്ടാകുമെന്ന് പോസ്റ്ററിൽ മുന്നറിയിപ്പ് നൽകുന്നു. ആദിവാസികൾ ആരുടെയും കച്ചവട വസ്തുവല്ലെന്നും പോസ്റ്ററിലുണ്ട്. സിപിഐ (മാവോയിസ്റ്റ്) നാടുകാണി ഏരിയാ സമിതിയുടേതെന്ന പേരിലാണ് പോസ്റ്ററുകൾ.

പുലർച്ചെയോടെയാണ് ആക്രമണം നടന്നത്. റിസോർട്ടിലെ ചില്ലുകൾ എറിഞ്ഞു തകർത്തു. കസേരകളിൽ ചിലത് പുറത്തിട്ട് കത്തിച്ച നിലയിലുമാണ്. റിസോർട്ട് നിൽക്കുന്നയിടത്തിന് പുറത്തുള്ള ഒരു പോസ്റ്റിൽ എന്താണ് ആക്രമണത്തിന് കാരണമെന്ന് വിശദീകരിച്ചുള്ള പോസ്റ്ററിൽ എഴുതിയിരിക്കുന്നത് ഇങ്ങനെ: 

''അട്ടമലയിലെ റിസോർട്ട് ആക്രമണം എന്തിന്?

- കഴിഞ്ഞ സീസണിൽ അട്ടമല ആദിവാസി കോളനിയിലെ സ്ത്രീകളെ വഴിയിൽ തടഞ്ഞ് അരിയും മറ്റും നൽകാമെന്ന് പറഞ്ഞ് റിസോർട്ടിന് അടുത്തേക്ക് വിളിച്ച് ലൈംഗികമായി ചൂഷണം ചെയ്യാനുള്ള ടൂറിസ്റ്റുകളുടെ ആഗ്രഹത്തിന് ഒത്താശ ചെയ്യുന്ന റിസോർട്ട് നടത്തിപ്പുകാരുടെ ഗൂഢ പദ്ധതിക്കെതിരായാണ് ഈ ആക്രമണം.
- ആദിവാസികൾ ആരുടെയും കച്ചവടവസ്തുവല്ല.
- ആദിവാസികളെ ടൂറിസ്റ്റുകളുടെ കാഴ്ചവസ്തുവാക്കുന്ന സർക്കാർ, ടൂറിസം മാഫിയക്ക് എതിരെ ഒന്നിക്കുക.
- ആദിവാസി കോളനി പരിസരത്തു നിന്ന് മുഴുവൻ റിസോർട്ടുകാരെയും അടിച്ചോടിക്കുക.

എന്ന് സിപിഐ (മാവോയിസ്റ്റ്), നാടുകാണി ഏരിയ സമിതി

ആക്രമണത്തിന്‍റെ പശ്ചാത്തലത്തിൽ മേപ്പാടി പൊലീസ് സ്ഥലത്തെത്തി പരിശോധന നടത്തുകയാണ്. എത്ര പേരാണ് ആക്രമണം നടത്തിയതെന്നും ഇതുവരെ വ്യക്തതയില്ല.  

click me!