
കാസര്‍കോട്: കുമ്പള സ്കൂളിലെ പലസ്തീൻ ഐക്യദാര്‍ഢ്യ മൈം നിര്‍ത്തിവെപ്പിച്ച സംഭവത്തിൽ ഡിഡിഇ പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ക്ക് റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. കലോത്സവ മാനുവലിന് വിരുദ്ധമായാണ് മൈം അവതരിപ്പിച്ചതെന്നാണ് റിപ്പോര്‍ട്ടിൽ പറയുന്നത്. സ്കൂളിൽ കുട്ടികൾ തമ്മിലുണ്ടായ സംഘർഷം കണക്കിലെടുത്താണ് കലോത്സവം നിർത്തിവെച്ചതെന്നുമാണ് റിപ്പോര്‍ട്ടിൽ പറയുന്നത്. അതേസമയം,അധ്യാപകർ കർട്ടൻ ഇട്ട് നിർത്തി വെപ്പിച്ച ഫലസ്തീനെ ഐക്യദാർഡ്യ മൈം ഇന്ന് വീണ്ടും വിദ്യാർത്ഥികൾ സ്റ്റേജിൽ അവതരിപ്പിക്കും. കാസർകോട് കുമ്പള ജിഎച്ച്എസ്എസിൽ ഉച്ചക്ക് 12നാണ് മൈം അവതരിപ്പിക്കുക. ആരോപണ വിധേയരായ രണ്ട് അധ്യാപകരേയും മാറ്റി നിർത്താൻ തീരുമാനിച്ചിട്ടുണ്ട്. വെള്ളിയാഴ്ച വൈകിട്ടാണ് പ്ലസ് ടു വിദ്യാർത്ഥികളുടെ മൈം, ഫലസ്തീൻ ഐക്യദാർഡ്യത്തിന്‍റെ പേരിൽ നിർത്തിവെപ്പിച്ചത്. ശനിയാഴ്ച തുടരേണ്ട കലോത്സവം ഒഴിവാക്കുകയും ചെയ്തിരുന്നു. എന്നാൽ, ഇന്ന് രാവിലെ മുതൽ കലോത്സവം തുടരാനും തീരുമാനിച്ചിരുന്നു. മൈം നിർത്തി വെപ്പിച്ചതിനെ തുടർന്ന് എം എസ് എഫും, എസ് എഫ് ഐയും സ്കൂളിലേക്ക് പ്രതിഷേധ മാർച്ച് നടത്തിയിരുന്നു. വിദ്യാഭ്യാസ മന്ത്രി അന്വേഷണത്തിന് ഉത്തരവിടുകയും അതേ മൈം അവതരിപ്പിക്കാൻ വിദ്യാർത്ഥികൾക്ക് അനുമതി നൽകുമെന്ന് അറിയിക്കുകയും ചെയ്തിരുന്നു. ഇതിനിടെയാണ് കലോത്സവ മാനുവലിന് വിരുദ്ധമായാണ് മൈം അവതരിപ്പിച്ചതെന്ന ഡിഡിഇ റിപ്പോര്‍ട്ട് നൽകുന്നത്.