
കോഴിക്കോട്: വെറും നാല് മാസം മാത്രം ആയുസ് വിധിച്ച ഡോക്ടർമാരെയും കുടുംബാംഗങ്ങളെയും ഒരുപോലെ ഞെട്ടിച്ചുകൊണ്ട് കാൻസർ എന്ന മഹാരോഗത്തെ തോൽപ്പിച്ച് ജീവിതത്തിലേക്ക് തിരികെ വന്ന ഒരു യുവ ഡോക്ടറുടെ അതിജീവന കഥയാണിത്. കൊടിയത്തൂരിലെ ഡോ. നീന മുനീർ ഇന്ന് തൻ്റെ രോഗാവസ്ഥയിലെ അനുഭവങ്ങളും ചിന്തകളും 'കാൻസർ കിടക്കയിൽ നിന്നുള്ള കുറിപ്പുകൾ' എന്ന പേരിൽ പുസ്തകമാക്കാൻ ഒരുങ്ങുകയാണ്.
പഠനം പൂർത്തിയാക്കി എറണാകുളത്ത് സ്വന്തമായി ക്ലിനിക്ക് സ്ഥാപിച്ച് സന്തോഷത്തോടെ ജീവിക്കുന്നതിനിടയിലാണ് തികച്ചും യാദൃച്ഛികമായി നീന താൻ കാൻസർ രോഗിയാണ് എന്ന സത്യം തിരിച്ചറിയുന്നത്. അന്നു മുതൽ കാൻസറിനോട് പോരുതിയ പോരാട്ടത്തിൻ്റെ രേഖകളാണ് പുസ്തകമാക്കുന്നത്.
താൻ ഒരിക്കലും എഴുത്തിൻ്റെ ഭാഗമായിരുന്നില്ലെന്നും, എല്ലാവരെയും പോലെ ജോലി, സെൽഫി, സോഷ്യൽ മീഡിയ തുടങ്ങിയ സാധാരണ ജീവിതമായിരുന്നു തൻ്റേതെന്നും നീന പറയുന്നു. രോഗക്കിടക്കയിലെ വിശ്രമവേളയിൽ ഒറ്റപ്പെടൽ ഇല്ലാതാക്കാൻ വേണ്ടി കുറിച്ചു വെച്ച കുറിപ്പുകളിലൂടെയാണ് എഴുത്ത് ആരംഭിച്ചത്. ക്ഷമയും സ്‌നേഹവുമാണ് ജീവിതത്തിലെ പ്രധാനപ്പെട്ട സമ്പത്ത് എന്ന് ഈ ദുരവസ്ഥ പഠിപ്പിച്ചു എന്നും നീന പറയുന്നു.
മകൾക്ക് ധൈര്യം നൽകാൻ ഉമ്മയും മുടി മുണ്ഡനം ചെയ്തു
"ഏറിയാൽ നാല് മാസം മാത്രമേ മകൾക്ക് ആയുസ്സുള്ളൂ" എന്ന് ഡോക്ടർമാർ വിധിയെഴുതിയ നിമിഷം ജീവിതത്തിലെ എല്ലാ പ്രതീക്ഷകളും തകർന്നുവെന്ന് നീനയുടെ ഉമ്മയും റിട്ട. അധ്യാപികയുമായ സോഫിയ ടീച്ചർ പറയുന്നു. കീമോതെറാപ്പിയുടെ ഭാഗമായി ഏറ്റവും ഇഷ്ടപ്പെട്ട മുടി മുറിച്ചുമാറ്റേണ്ടി വന്നപ്പോൾ, മകൾക്ക് ആത്മധൈര്യം പകരാനായി ഒരു കൂട്ടായി താനും അന്ന് തല മുണ്ഡനം ചെയ്തു എന്നും അവർ ഓർത്തെടുക്കുന്നു. ചികിത്സയുടെ വേദനകളും മരുന്നുകളുടെ ബുദ്ധിമുട്ടുകളും മാത്രമല്ല, ഒരു രോഗിയുടെ ഉള്ളിലെ ഭയവും, അതിനുശേഷം വളർന്നുവരുന്ന പ്രത്യാശയുമാണ് നീനയുടെ പുസ്തകത്തിൻ്റെ ഓരോ താളുകളിലും കാണുന്നത്.
പുതിയ ജീവിതം, പുതിയ സന്ദേശം
കാൻസർ ജീവിതത്തിൻ്റെ അവസാനമല്ല, മറിച്ച് ജീവിതത്തെ കൂടുതൽ വിലപ്പെട്ടതാക്കി മാറ്റുന്ന ഒരു യാത്രയുടെ തുടക്കമാണ് എന്ന സന്ദേശമാണ് ഈ പുസ്തകം നൽകുന്നത്. കാൻസറിൽ നിന്നും മുക്തി നേടിയ ഡോ. നീന മുനീർ ഇപ്പോൾ കോഴിക്കോട് ആസ്റ്റർ മിംസ് ആശുപത്രിയിൽ ക്ലിനിക്കൽ ഓഡിറ്റർ ആയി ജോലി ചെയ്യുകയാണ്. പ്രശസ്ത എഴുത്തുകാരനും സാഹിത്യകാരനുമായ എം.എൻ. കാരശ്ശേരി, ആസാദ് മൂപ്പൻ തുടങ്ങിയവരാണ് നീനയുടെ പുസ്തകത്തിന് അവതാരിക എഴുതിയത്. പുസ്തക പ്രകാശനം ഒക്ടോബർ അവസാനവാരം നടക്കും.