ജയിലിന് മുന്നിലെ ബോംബേറ്; ഗുണ്ടാകുടിപ്പകയുടെ ചരിത്രത്തിൽ 'കരാട്ടെ ഫാറൂഖ്' എഴുതിയ ഞെട്ടിക്കുന്ന ഏട്

By Web TeamFirst Published Sep 10, 2021, 1:42 PM IST
Highlights

കേരളത്തിലെ ഗുണ്ടാകുടിപ്പകയുടെ ചരിത്രത്തിൽ ഞെട്ടലുണ്ടാക്കിയ സംഭവമായിരുന്നു  1999 ജുലൈ 16ലെ  എൽടിടിഇ കബീർ വധം.  പട്ടാപ്പകൽ കാറിലെത്തിയ ഫാറൂഖും സംഘവും ആയിരുന്നു കബീറിനെ ബോംബറിഞ്ഞ് കൊലപ്പെടുത്തിയത്. അടുത്തിടെ പുറത്തിറങ്ങിയ മാലിക് സിനിമയിലും സമാനരംഗമുണ്ട്.  

തിരുവനന്തപുരം: അട്ടകുളങ്ങര ജയിലിന് മുന്നിൽ ഗുണ്ടാ കുടിപ്പകയുടെ ഭാഗമായി യുവാവിനെ ബോംബെറിഞ്ഞ് കൊന്ന കേസിലെ പ്രതി കരാട്ടെ ഫാറൂഖ് മരിച്ചു. പ്രമാദമായ കേസിൽ തൂക്കികൊല്ലാൻ വിധിച്ച ഫറൂഖിൻറെ ശിക്ഷ ജീവപര്യന്തമാക്കി മാറ്റുകയായിരുന്നു. പരോളിലായിരുന്ന ഫറൂക്ക് ഹൃദയാഘാതം മൂലമാണ് മരിച്ചത്.

കേരളത്തിലെ ഗുണ്ടാകുടിപ്പകയുടെ ചരിത്രത്തിൽ ഞെട്ടലുണ്ടാക്കിയ സംഭവമായിരുന്നു  1999 ജുലൈ 16ലെ  എൽടിടിഇ കബീർ വധം. കോടതിയിൽ നിന്നും ജയിലെത്തിച്ച കബീർ ജയിൽ കവാടത്തിലേക്കു കയറുന്നതിനിടെയാണ് ബോബേറുകൊണ്ട് നിലത്തുവീണത്. പട്ടാപ്പകൽ  കാറിലെത്തിയ ഫാറൂഖും സംഘവും ആയിരുന്നു കബീറിനെ ബോംബറിഞ്ഞ് കൊലപ്പെടുത്തിയത്. അടുത്തിടെ പുറത്തിറങ്ങിയ മാലിക് സിനിമയിലും സമാനരംഗമുണ്ട്.  

ഫാറൂഖിനെയും  സഹായി സത്താറിനെയും തിരുവനന്തപുരം സെഷൻസ് കോടതി തൂക്കികൊല്ലാൻ വിധിച്ചു. ശിക്ഷ പിന്നീട് ജീവപര്യന്തമാക്കി. സിനിമാക്കഥയെ വെല്ലുന്ന കൊലക്ക് ശേഷമുള്ള ഫറൂഖിൻറെ ജയിൽജീവിതവും വ്യത്യസ്തമായിരുന്നു. പൂജപ്പുര ജയിലിലെ അനുസരണയുള്ള തടവുകാരനായ ഫാറൂഖ് ജയിലിൽ വെച്ച് തീപ്പെട്ടിക്കൊള്ളികൾ കൊണ്ട് താജ്മഹൽ രൂപം ഉണ്ടാക്കി അന്നത്തെ ജയിൽ ഡിജിപി എംജിഎ രാമന് സമ്മാനിച്ചത് വലിയ വാർത്തയായി. എംജിഎ രാമൻറെ വീട്ടിലെ സ്വീകരണ മുറിയിൽ ഇന്നും ഈ സമ്മാനമുണ്ട്.  

വിയ്യൂർ ജയിലേക്ക് മാറ്റിയ ശേഷം ഫറൂക്കിനെ അസുഖങ്ങള്‍ അലട്ടിതുടങ്ങി. തിരുവനന്തപുരം ജില്ലയിൽ പ്രവേശിക്കരുതെന്ന നിബന്ധനയോടെ ജയിൽ ഉപദേശക സമിതി ചികിത്സക്ക് പരോള്‍ നൽകി. കൊവിഡ് നിയന്ത്രണങ്ങളുടെ ഭ​ഗാമായി കൂട്ടത്തോടെ തടവുകാർക്ക് പരോള്‍ നൽകിയപ്പോള്‍ ചികിത്സക്കായി വീട്ടിലേക്ക് പോകാൻ അനുമതി ഫറൂഖിന് അനുമതി ലഭിച്ചു. ഹൃദ്രോഗിയായ ഫറൂഖ് ബീമാപ്പള്ളിയിലെ വീട്ടിൽ വച്ചാണ് രാവിലെ മരിച്ചത്.


കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona

click me!