
പാലക്കാട്: പാലക്കാട് കൂറ്റനാട് അഞ്ച് വയസ്സുകാരിയെ തെരുവുനായ ആക്രമിച്ചു. ചാലിപ്പുറം സ്വദേശിയായ പെൺകുട്ടിക്കാണ് നായയുടെ കടിയേറ്റത്. മുഖത്തും പുറത്തും കാലിലും പരിക്കേറ്റ കുട്ടിയെ തൃശ്ശൂർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്നലെ വൈകീട്ട് വീടിന്റെ മുൻവശത്തു നിൽക്കുമ്പോഴാണ് കുട്ടിയെ തെരുവ് നായ ആക്രമിച്ചത്.
'ഗൗരവമുള്ള വിഷയം, വന്ധ്യംകരണ കേന്ദ്രങ്ങളുടെ എണ്ണം കൂട്ടും'
സംസ്ഥാനത്തെ തെരുവുനായ ശല്യം ഗൗരവമുള്ള വിഷയമാണെന്ന് മന്ത്രി എം.വി.ഗോവിന്ദൻ. നായ്ക്കളുടെ എണ്ണം കൂടി. കൊവിഡ് ബാധയ്ക്ക് ശേഷം തെരുവു നായ്ക്കളുടെയും വീട്ടിൽ വളർത്തുന്ന നായ്ക്കളുടേയും എണ്ണം കൂടിയിരിക്കുകയാണ്. അനുപാതികമായി കടിയേൽക്കുന്നവരുടെ എണ്ണവും വാക്സിനേഷന്റെ തോതും കൂടിയിട്ടുണ്ട്. തെരുവുനായ്ക്കളുടെ എണ്ണം കൂടിയതോടെ വന്ധ്യംകരണ കേന്ദ്രങ്ങളുടെ എണ്ണം കൂട്ടേണ്ട സാഹചര്യം ഉണ്ടായിരിക്കുകയാണെന്നും മന്ത്രി പറഞ്ഞു. നിലവിൽ 30 വന്ധ്യംകരണ കേന്ദ്രങ്ങളാണ് ഉള്ളത്. എന്നാൽ ഒരു ബ്ലോക്കിൽ ഒരു വന്ധ്യംകരണ കേന്ദ്രം വേണം എന്ന നിലയിലാണ് ഇപ്പോൾ കാര്യങ്ങൾ. വന്ധ്യംകരണ കേന്ദ്രങ്ങളുടെ എണ്ണം കൂട്ടാനുള്ള നടപടികൾ ഉണ്ടാകും. എന്നാൽ ഇത്തരം കേന്ദ്രങ്ങൾ നിലനിർത്തി കൊണ്ടുപോകാനുള്ള ഭാരിച്ച ചെലവാണ് പ്രതിസന്ധി ഉണ്ടാക്കുന്നതെന്നും എം.വി.ഗോവിന്ദൻ പറഞ്ഞു. വന്ധ്യംകരണത്തോടൊപ്പം, തെരുവുനായ്ക്കളെ വാക്സിനേറ്റ് ചെയ്യാനുള്ള നടപടികളും സ്വീകരിക്കുമെന്ന് മന്ത്രി പറഞ്ഞു. വാക്സിനേറ്റ് ചെയ്ത നായ്ക്കളുടെ ശരീരത്തിൽ ചിപ്പ് സ്ഥാപിക്കാനാണ് ഉദ്ദേശിക്കുന്നത്. തെരുവുനായ ശല്യം തടയാൻ ആരോഗ്യ-തദ്ദേശ-മൃഗസംരക്ഷണ വകുപ്പുകളുടെ കൂട്ടായ ശ്രമം ഉണ്ടാകുമെന്നും എം.വി.ഗോവിന്ദൻ പറഞ്ഞു.
സംസ്ഥാനത്തെ നായകളുടെ കടിയേറ്റുള്ള മരണം വിദഗ്ദ്ധസമിതി അന്വേഷിക്കുമെന്ന് ആരോഗ്യമന്ത്രി
നായ്ക്കളിൽ നിന്നുള്ള കടിയേറ്റുള്ള മരണങ്ങള്‍ വിദഗ്ധ സമിതി അന്വേഷിക്കാന്‍ ആരോഗ്യ മന്ത്രി വീണ ജോര്‍ജ് ഉത്തരവിട്ടു. ഈ വര്‍ഷം നായ്ക്കളുടെ കടിയേറ്റ് ഉണ്ടായിട്ടുള്ള മരണങ്ങള്‍ സംബന്ധിച്ച് അന്വേഷണം നടത്തി റിപ്പോര്‍ട്ട് സമര്‍പ്പിക്കാനാണ് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് ഉത്തരവിട്ടിരിക്കുന്നത്. പേവിഷബാധ സംബന്ധിച്ചുള്ള ആശങ്കകള്‍ അകറ്റുന്നതിന് ഓരോ മരണം സംബന്ധിച്ചും ശാസ്ത്രീയമായ അന്വേഷണം നടത്താനാണ് നിര്‍ദേശം നല്‍കിയത്. വിദഗ്ധ സമിതി ഇതുസംബന്ധിച്ച് അന്വേഷിച്ച് രണ്ടാഴ്ചയ്ക്കുള്ളിൽ സമര്‍പ്പിക്കണമെന്നാണ് നിര്‍ദേശം.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam