
തിരുവനന്തപുരം: വിഴിഞ്ഞത്ത് തുറമുഖ നിർമ്മാണം നീളുന്നതും പുതിയ അനിശ്ചിതത്വങ്ങളും രാജ്യാന്തര തലത്തിൽ കേരളത്തിന് തിരിച്ചടിയാവുകയാണ്. 20 ലക്ഷത്തിലേറെ കണ്ടെയ്നറുകളുടെ കൈമാറ്റവും കോടികളുടെ വരുമാന നഷ്ടവുമാണ് രണ്ട് വർഷം നിർമ്മാണം വൈകിയത് കൊണ്ട് വിഴിഞ്ഞത്തിനുണ്ടായത്. സമരം കാരണം നിർമ്മാണം മുടങ്ങുമ്പോൾ ഓരോ ദിവസവും പലിശ ഇനത്തിൽ മാത്രം നഷ്ടം രണ്ട് കോടിയോളം രൂപയാണ്.
ലത്തീൻ സഭയുടെ പ്രതിഷേധത്തിൽ ഇതുവരെ പത്ത് ദിവസമാണ് നിർമ്മാണ പ്രവർത്തനങ്ങൾ നിലച്ചത്. ഓഖിയും , കൊവിഡും,പാറക്കല്ലിന്‍റെ ക്ഷാമവും തീർത്ത പ്രതിസന്ധി മറികടന്ന് നിർമ്മാണങ്ങൾ വേഗത്തിലാകുമ്പോഴായിരുന്നു പുതിയ തടസങ്ങൾ. 2015 ആഗസ്റ്റിലെ കരാർ പ്രകാരം 5552 കോടിയുടെതായിരുന്നു പദ്ധതി. പുലിമുട്ടും മത്സ്യബന്ധന തുറമുഖവും നിർമ്മിക്കാൻ സർക്കാർ വിഹിതം 1463കോടി.
പൊതു സ്വകാര്യ പങ്കാളത്തത്തിൽ വരുന്ന 4089കോടിയിൽ 818 കോടി കേന്ദ്ര സർക്കാരും 817 കോടി സംസ്ഥാന സർക്കാരും 2454കോടി രൂപ അദാനി പോർട്സും വഹിക്കണമെന്നുമായിരുന്നു കരാർ. ഇതുവരെയുള്ള നിർമ്മാണങ്ങളുടെ കൃത്യമായ കണക്കുകൾ അദാനി വിഴിഞ്ഞം പോർട്സ് പുറത്തുവിട്ടിട്ടില്ലെങ്കിലും ചെലവ് നാലായിരം കോടി കടന്നു എന്ന് ഉറപ്പിക്കുന്നു.
അങ്ങനെയെങ്കിൽ പത്ത് ദിവസം നിർമ്മാണം മുടങ്ങുമ്പോൾ പലിശ ഇനത്തിൽ മാത്രം നഷ്ടം ഇരുപത് കോടിയാണ്. പദ്ധതി വൈകുന്നത് കാരണം സംസ്ഥാനം നേരിടുന്ന നഷ്ടമാണ് അതിലും പ്രധാനം. ഒരു വർഷം 35ലക്ഷം കണ്ടെയ്നറുകളുടെ കൈമാറ്റമാണ് ഇന്ത്യൻ ഉപഭൂഖണ്ഡത്തിൽ നടക്കുന്നത്. ട്രാൻഷിപ്മെന്‍റ് ടെർമിനൽ എന്ന നിലയിൽ ഇരുപത് മുതൽ മുപ്പത് ശതമാനം വരെ അവസരം വിഴിഞ്ഞത്തിന് കിട്ടേണ്ടതായിരുന്നു.
Read more: വിഴിഞ്ഞം തുറമുഖ സമരം; 'പിന്മാറില്ല ഒരടി പോലു'മെന്ന് സമരസമിതി, പിന്തുണ അറിയിച്ച് കൂടുതല്‍ സംഘടനകള്‍
വിഴിഞ്ഞത്ത് പോർട്ട് ഓഫീസിന്‍റെയും, അറ്റക്കുറ്റപണികളുടെ വർക്ഷോപ്പിന്‍റെയും, പ്രധാന വൈദ്യുത സബ്സ്റ്റേഷന്‍റെയും നിർമ്മാണം പൂർത്തിയായി. ഏറെ പ്രധാനപ്പെട്ട പുലിമുട്ടിന്‍റെയും, കപ്പൽ അടുക്കേണ്ട ബർത്തിന്‍റെയും, അപ്രോച്ച് റോഡിന്‍റെയും നിർമ്മാണങ്ങളാണ് നീളുന്നത്. നാനൂറ് മീറ്റർ നീളമുള്ള ആദ്യ ബർത്തിന്‍റെ നിർമ്മാണം 2023 മെയിൽ പൂർത്തിയാക്കാനായിരുന്നു തീരുമാനം. എന്നാൽ പത്ത് ലക്ഷം ക്യുബിക്ക് മീറ്റർ കോണ്‍ക്രീറ്റ് നിർമ്മാണങ്ങൾക്കുള്ള സമയമാണ് കഴിഞ്ഞ പത്ത് ദിവസത്തിൽ നഷ്ടപെട്ടത്.