Latest Videos

മാസങ്ങളായി നാട്ടുകാർക്ക് ശല്യമായിരുന്ന തെരുവുനായയെ കൊന്ന് കെട്ടിതൂക്കി; സംഭവം കോട്ടയത്ത്

By Web TeamFirst Published Sep 13, 2022, 4:55 PM IST
Highlights

മാസങ്ങളായി നാട്ടുകാർക്ക് ശല്യമായിരുന്ന നായയെയാണ് കൊന്ന് കെട്ടിതൂക്കിയത്. മൃതദേഹത്തിന് താഴെ ഇലയും പൂക്കളും വച്ചിരുന്നു. തെരുവുനായയെ ആരാണ് കൊന്നതെന്ന് വ്യക്തമല്ല.

കോട്ടയം: കോട്ടയത്ത് തെരുവുനായയെ കൊന്ന് കെട്ടിതൂക്കി. കോട്ടയം പെരുന്നയില്‍ സുബ്രഹ്മണ്യ സ്വാമി ക്ഷേത്രത്തിനു സമീപം ആണ് സംഭവം. മാസങ്ങളായി നാട്ടുകാർക്ക് ശല്യമായിരുന്ന നായയെയാണ് കൊന്ന് കെട്ടിതൂക്കിയത്. മൃതദേഹത്തിന് താഴെ ഇലയും പൂക്കളും വച്ചിരുന്നു. തെരുവുനായയെ ആരാണ് കൊന്നതെന്ന് വ്യക്തമല്ല.

അതേസമയം, കോട്ടയം മുളക്കുളത്ത് നായകൾ കൂട്ടത്തോടെ ചത്ത സംഭവത്തിൽ പൊലീസ് കേസെടുത്തു. മൃഗങ്ങളോടുള്ള ക്രൂരതയ്ക്കെതിരായ വകുപ്പ് ചുമത്തിയാണ് വെളളൂർ പൊലീസ് കേസെടുത്തത്. മൃഗസ്നേഹികളുടെ പരാതിയെ തുടർന്ന് മൃഗസംരക്ഷണ വകുപ്പിലെ ഡോക്ടർമാരെത്തി ചത്ത നായകളുടെ പോസ്റ്റ്മോർട്ടം നടത്തി. 

തിങ്കളാഴ്ച രാവിലെയാണ് മുളക്കുളം പഞ്ചായത്തിലെ കാരിക്കോട്, കയ്യൂരിക്കൽ, കീഴൂർ എന്നിവിടങ്ങളിൽ നായ്ക്കളെ കൂട്ടത്തോടെ ചത്തനിലയിൽ കണ്ടെത്തിയത്. 12 നായകളാണ് ചത്തത്. വിഷം കൊടുത്തു കൊന്നതിന്റെ ലക്ഷണങ്ങളോടെയാണ് നായകളുടെയെല്ലാം ശവങ്ങൾ കണ്ടെത്തിയത്.  നായ ശല്യം രൂക്ഷമായ മേഖലയായതിനാൽ സംഭവത്തെ പറ്റി അന്വേഷണം വേണ്ടെന്ന നിലപാടിലായിരുന്നു പഞ്ചായത്ത്.

Also Read: നായ കടിച്ചാൽ നഷ്ടപരിഹാരമോ? ആരെ സമീപിക്കണം? എത്ര കിട്ടും? നടപടി ക്രമങ്ങൾ എന്തെല്ലാം?

എന്നാൽ, മൃഗസ്നേഹികൾ പരാതി നൽകിയതോടെ കേസെടുക്കാൻ പൊലീസ് നിർബന്ധിതരാവുകയായിരുന്നു. ഐ പി സി 429 വകുപ്പ് അനുസരിച്ചാണ് കേസെടുത്തിരിക്കുന്നത്. പിന്നാലെ മൃഗസംരക്ഷണ വകുപ്പിലെ ഡോക്ടർമാരെത്തി കുഴിച്ചിട്ട നായകളുടെ മൃതദേഹം പുറത്തെടുത്ത് പോസ്റ്റ്മോർട്ടം നടത്തുകയായിരുന്നു. നായ ശല്യം രൂക്ഷമാകുന്ന ഘട്ടത്തിൽ നായകളെ കൂട്ടത്തോടെ കൊന്നതിനെ അനുകൂലിക്കുകയാണ് നാട്ടുകാരിൽ ഏറിയ പങ്കും.

എന്നാല്‍ സംഭവത്തില്‍ അന്വേഷണം വേണ്ടെന്നാണ് തീരുമാനമെന്ന് പഞ്ചായത്ത് അധികൃതർ അഭിപ്രായപ്പെട്ടത്. ഇപ്പോഴത്തെ സാഹചര്യത്തില്‍ അന്വേഷണം നടത്താന്‍ പരിമിതി ഉണ്ടെന്നാണ് മുളക്കുളം പഞ്ചായത്ത് പ്രസിഡന്‍റ് ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞത്. മൃഗസ്നേഹികളെയല്ല പാവം നാട്ടുകാരെയാണ് നായ്ക്കള്‍ ആക്രമിക്കുന്നതെന്നും പ്രസിഡന്‍റ് ടി കെ വാസുദേവന്‍ നായര്‍ പരിഹസിച്ചു. 

click me!