
കൊല്ലം:ബൈക്കിന് കുറുകെ തെരുവുനായ ചാടിയുണ്ടായ അപകടത്തിൽ മാധ്യമ പ്രവർത്തകന് പരിക്കേറ്റു. ജന്മഭൂമി കൊല്ലം റിപ്പോര്‍ട്ടര്‍ രഞ്ജിത്തിനാണ് പരിക്കേറ്റത്. കൈക്കും കാലിനും പരിക്കേറ്റ രഞ്ജിത്തിനെ കൊട്ടാരക്കരയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടി.
ആലപ്പുഴയിൽ നായ്ക്കൂട്ടം ആടുകളേയും കോഴികളെയും കടിച്ചു കൊന്നു. കായംകുളം കൃഷ്ണപുരത്ത് ഷൗക്കത്തിൻ്റെ വീട്ടിലെ രണ്ട് ആടുകളും രണ്ടു കോഴികളുമാണ് ചത്തത്. ഇന്ന് വൈകിട്ടായിരുന്നു സംഭവം. ഈ സമയം വീട്ടിൽ ആരുമുണ്ടായിരുന്നില്ല. ആടിൻ്റെ കരച്ചിൽ കേട്ട് ഓടിയെത്തിയ അയല്‍ക്കാര്‍ കണ്ടത്. ആടിനെ വളഞ്ഞു നിന്ന് ആക്രമിക്കുന്ന പത്തോളം വരുന്ന നായ്ക്കൂട്ടത്തെയാണ്. നായ്ക്കളെ തുരത്തി ആടിനെ രക്ഷിക്കാനുള്ള ആളുകളുടെ ശ്രമം ഫലവത്തായില്ല.
അതേസമയം കോട്ടയം പാമ്പാടി ഏഴാം മൈലിൽ ഒരു വീട്ടമ്മ ഉൾപ്പെടെ ഏഴു പേരെ കടിച്ച തെരുവുനായയ്ക്ക് പേ വിഷബാധ സ്ഥിരീകരിച്ചു. തിരുവല്ല മഞ്ഞാടിയിലെ പക്ഷി മൃഗനിർണയ കേന്ദ്രത്തിൽ നടത്തിയ പോസ്റ്റ്മോർട്ടത്തിലാണ് കണ്ടെത്തൽ.
നായ ഒരു പ്രകോപനവും ഇല്ലാതെയാണ് കഴിഞ്ഞദിവസം ആളുകളെ ആക്രമിച്ചത്. ഇതേ തുടർന്ന് നായക്ക് പേവിഷബാധ ഉണ്ടെന്ന സംശയം ശക്തമായിരുന്നു. അതിനാലാണ് ജഡം പോ സ്റ്റ് മോർട്ടം ചെയ്യാൻ പഞ്ചായത്ത് തീരുമാനിച്ചത്. നായക്ക് പേവിഷബാധ സ്ഥിരീകരിച്ച പശ്ചാത്തലത്തിൽ മേഖലയിൽ പ്രതിരോധ പ്രവർത്തനങ്ങൾ കൂടുതൽ ശക്തമാക്കാൻ പഞ്ചായത്ത് തീരുമാനിച്ചു.
പേവിഷബാധയേറ്റവരെല്ലാം ഇന്നലെ കോട്ടയം മെഡിക്കൽ കോളേജിൽ നിന്ന് വാക്സിൻ എടുത്തിരുന്നു. വീട്ടിൽ കിടന്നുറങ്ങിയ സ്കൂൾ വിദ്യാർത്ഥികടക്കം 7 പേർക്കാണ് ഇന്നലെ നായയുടെ കടിയേറ്റത്.