
മലപ്പുറം: മണ്ണാര്‍മലയില്‍ ദിവസങ്ങളായി ഭീതി പരത്തിയ തെരുവുനായയെ ഒടുവില്‍ പിടികൂടി. പത്തോളം പേര്‍ക്ക് കടിയേല്‍ക്കുകയും വളര്‍ത്തുമൃഗങ്ങള്‍ക്കും ആക്രമണമുണ്ടാകുകയും ചെയ്തതിനെ തുടര്‍ന്ന് നടത്തിയ മണിക്കൂറുകള്‍ നീണ്ട തിരച്ചിലിനൊടുവിലാണ് നായയെ പിടികൂടിയത്. വെട്ടത്തൂര്‍ പഞ്ചായത്തും നാട്ടുകാരും ചേര്‍ന്നാണ് തെരുവുനായെ കണ്ടെത്തിയത്. മണ്ണാര്‍മല, പീടികപ്പടി വാര്‍ഡുകളിലായി രണ്ടും മൂന്നും ദിവസങ്ങള്‍ക്കിടെയാണ് കുട്ടികളുള്‍പ്പെടെ പത്തോളം പേര്‍ക്ക് നായുടെ കടിയേറ്റത്. വളര്‍ത്തുനായകള്‍ക്കും പൂച്ചകള്‍ക്കും കടിയേറ്റിരുന്നു. നായയ്ക്ക് പേവിഷബാധയുണ്ടാകാമെന്ന സംശയം ഉയര്‍ന്നതോടെ പ്രദേശത്ത് ആശങ്കയും ശക്തമായി. ഭീതി പരത്തിയ നായെ കണ്ടെത്തുക എന്ന ലക്ഷ്യത്തോടെ പഞ്ചായത്ത് അധികൃതരും നാട്ടുകാരും ചേര്‍ന്ന് നടത്തിയ തിരച്ചിലാണ് വിജയിച്ചത്.
ഏറെ നേരം വിവിധ ഭാഗങ്ങളില്‍ പരിശോധന നടത്തിയ ശേഷമാണ് നായെ കണ്ടെത്തി പിടികൂടിയത്. നായെ പിടികൂടിയതോടെ പ്രദേശവാസികള്‍ക്ക് താല്‍ക്കാലിക ആശ്വാസമായെങ്കിലും കൂടുതല്‍ തെരുവുനായകളുടെ സാന്നിധ്യം സംബന്ധിച്ച ആശങ്ക തുടരുകയാണ്. സംഭവത്തെ തുടര്‍ന്ന് പഞ്ചായത്ത് അധികൃതര്‍, വെറ്ററിനറി ഡോക്ടര്‍, വനംവകുപ്പ് ഉദ്യോഗസ്ഥര്‍ എന്നിവര്‍ അടിയന്തര യോഗം ചേര്‍ന്നു. പ്രദേശത്ത് കൂടുതല്‍ തെരുവുനായകള്‍ക്ക് പേവിഷബാധയുണ്ടാകാനുള്ള സാധ്യത കണക്കിലെടുത്ത് പരിശോധന ശക്തമാക്കാനും തീരുമാനിച്ചു.
പഞ്ചായത്ത് ഡോഗ് സ്‌ക്വാഡിന്‍റെയും വനംവകുപ്പ് ആര്‍.ആര്‍.ടി വളന്‍റിയര്‍മാരുടെയും നാട്ടുകാരുടെയും സഹകരണത്തോടെ പ്രദേശത്ത് സംയുക്ത തിരച്ചില്‍ നടത്തും. സംശയകരമായ രീതിയില്‍ കാണപ്പെടുന്ന തെരുവുനായകളെ നിരീക്ഷിക്കുകയും ആവശ്യമായ പ്രതിരോധ നടപടികള്‍ സ്വീകരിക്കുകയും ചെയ്യും.
നായയുടെ കടിയേറ്റ വളര്‍ത്തുമൃഗങ്ങള്‍ക്ക് വെറ്ററിനറി ഡോക്ടറുടെ നേതൃത്വത്തില്‍ വാക്സിനേഷന്‍ നല്‍കി. അതേസമയം, പ്രദേശവാസികള്‍ ജാഗ്രത പാലിക്കണമെന്ന് അധികൃതര്‍ മുന്നറിയിപ്പ് നല്‍കി. കുട്ടികള്‍ ഒറ്റയ്ക്ക് പുറത്തിറങ്ങുമ്പോള്‍ പ്രത്യേകം ശ്രദ്ധിക്കണമെന്നും തെരുവുനായകളെ പ്രകോപിപ്പിക്കരുതെന്നും നിര്‍ദേശിച്ചിട്ടുണ്ട്.
നായയെ പിടികൂടിയതോടെ വലിയൊരു ഭീഷണി ഒഴിവായെങ്കിലും പ്രദേശത്തെ തെരുവുനായ ശല്യത്തിന് സ്ഥിരപരിഹാരം വേണമെന്ന ആവശ്യവും ശക്തമാണ്. തെരുവുനായകളുടെ എണ്ണം നിയന്ത്രിക്കുന്നതിനും പേവിഷബാധ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമാക്കുന്നതിനുമുള്ള നടപടികള്‍ ഉടന്‍ സ്വീകരിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam